KeralaNEWS

ചക്ക അടര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആന ചരിഞ്ഞു

തെന്മല: ആര്യങ്കാവ് ഇരുളങ്കാട്ടില്‍ ചക്ക അടര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. സ്വകാര്യ പുരയിടത്തിലാണ് ഇരുപത് വയസോളം പ്രായമുള്ള കൊമ്പനെ ചരിഞ്ഞനിലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്. സംഭവം നടന്നിട്ട് ഒരു ദിവസമായതായാണ് വനംവകുപ്പിന്‍െ്‌റ നിഗമനം.

ചരിവുള്ള പ്രദേശമായതിനാല്‍ പ്ലാവ് നില്‍ക്കുന്നതിന്റെ താഴ്ഭാഗത്താണ് വൈദ്യുതലൈന്‍. മുന്‍കാലുകള്‍ ചാരി,  ചക്ക അടര്‍ത്തുന്നതിനിടെ തുമ്പിക്കൈ കമ്പികളില്‍ തട്ടിയതാകാമെന്ന് കരുതുന്നു.
ഇന്ന് വെറ്ററിനറി സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിശദമായ ശരീരപരിശോധന നടത്തി മാത്രമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളൂ.പ്രദേശവാസികളാണ് കാട്ടാനയെ ചരിഞ്ഞനിലയില്‍ ആദ്യംകണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അധികം ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ സംഭവമറിയാന്‍ വൈകി. തെന്മല റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

കാട്ടാനശല്യം കാരണം വനാതിര്‍ത്തിയിലെ ജനവാസമേഖലയില്‍നിന്ന് പലരും കായ്ഫലമുള്ള പ്ലാവുകള്‍ മുറിച്ചുനീക്കുകയും ചെയ്യുന്നുണ്ട്. മുന്‍കാലുകള്‍ പ്ലാവില്‍ കുത്തി ഉയരത്തില്‍കിടക്കുന്ന ചക്കവരെ കാട്ടാനകള്‍ പറിച്ച് ആഹാരമാക്കാറുണ്ട്. അതിനാല്‍ത്തന്നെ കിഴക്കന്‍ മേഖലയില്‍ ചക്ക സീസണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ കാട്ടാനശല്യം രൂക്ഷമാണ്.

 

Back to top button
error: