കൊച്ചി: ഇടതുമുന്നണിക്ക് എളുപ്പത്തിൽ ജയിക്കാവുന്ന മണ്ഡലമായിരുന്നില്ല തൃക്കാക്കരയെന്നും പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം നേതാവ് എം. സ്വരാജ്. തൃക്കാക്കരയിലെ ജനവിധി പൂർണമനസ്സോടെ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിയമസഭാംഗമായ ഒരാൾ മരിച്ചുപോയാൽ ഉപതിരഞ്ഞെടുപ്പിൽ മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാൽ അവരൊന്നും തോറ്റ ചരിത്രം കേരളത്തിലില്ല. ഇത്തവണ തൃക്കാക്കരയിൽ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഈ ചരിത്രം തിരുത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ മുഖ്യപരിഗണനാ വിഷയമായി എൽഡിഎഫ് മുന്നോട്ടുവച്ച വികസന രാഷ്ട്രീയം മാറിയിട്ടില്ലെന്നാണ് തോന്നുന്നതെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.
അപ്രതീക്ഷിതമായതും രാഷ്ട്രീയത്തിൽ സംഭവിക്കാം. ഇതുവരെ എൽഡിഎഫിന് ജയിക്കാനാകാത്ത മണ്ഡലമാണിത്. തോറ്റെങ്കിലും എൽഡിഎഫിന് മണ്ഡലത്തിൽ വോട്ടുകൾ കുറഞ്ഞിട്ടില്ല. കേരളത്തിൽ 99 സീറ്റിൽ തോറ്റ് നിൽക്കുന്ന കൂട്ടരാണ് കോൺഗ്രസ്. തൃക്കാക്കരയിലെ പരാജയപ്പെട്ടെന്ന് കരുതി എൽഡിഎഫ് വികസന രാഷ്ട്രീയം ഉപേക്ഷിക്കില്ല. പാർട്ടി ഉൾക്കൊള്ളേണ്ട കാര്യങ്ങളുണ്ടെങ്കിൽ അവയെല്ലാം ഉൾക്കൊള്ളും. ജനങ്ങളുടെ പിന്തുണ ആർജിക്കുന്നതിനുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ.വി തോമസിന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ തിരുത വിറ്റ് പ്രതിഷേധിച്ചതിലൂടെ കോൺഗ്രസ് അവരുടെ സംസ്കാരമാണ് പ്രകടിപ്പിച്ചതെന്നും സ്വരാജ് വിമർശിച്ചു. ജീവിതത്തിന്റെ വസന്തകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്നയാളാണ് കെ.വി തോമസ്. അദ്ദേഹം വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമ്പോൾ ഈ വിധത്തിലാണോ ആക്ഷേപിക്കേണ്ടതെന്ന് കോൺഗ്രസുകാർ തന്നെ പരിശോധിക്കണമെന്നു സ്വരാജ് ആവശ്യപ്പെട്ടു.