IndiaNEWS

ആം ആദ്മിയുടെ ബൽഭീർ സിങ്ങ്, വിക്രംജിത്ത് സിങ് സാഹ്നെ, കോൺഗ്രസിന്‍റെ രാജീവ് ശുക്ല, രഞ്ജിത്ത് രഞ്ജൻ, വിവേക് തൻക, ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൾ ആർ.ജെ.ഡിയുടെ മിസ ഭാരതി എന്നിവർ ഉൾപ്പടെ 18 സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിൽനിന്ന് 18 സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ്, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് വൈകീട്ട് മൂന്നോടെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായതോടെയാണ് അതത് സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫിസർമാർ എതിരില്ലാതെ വിജയിച്ചവരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പഞ്ചാബിൽനിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ബൽഭീർ സിങ്ങും സാമൂഹിക പ്രവർത്തകൻ വിക്രംജിത്ത് സിങ് സാഹ്നെയുമാണ് എതിരില്ലാതെ വിജയിച്ചത്.  ഛത്തിസ്ഗഢിൽനിന്ന് ഭരണകക്ഷിയായ കോൺഗ്രസിന്‍റെ രാജീവ് ശുക്ല, രഞ്ജിത്ത് രഞ്ജൻ, മധ്യപ്രദേശിൽനിന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ വിവേക് തൻക, ബി.ജെ.പിയുടെ സുമിത്ര വാൽമീകി, കവിത പട്ടീദാർ എന്നിവരും വിജയിച്ചു.   ബിഹാറിൽനിന്ന് ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൾ ആർ.ജെ.ഡിയുടെ മിസ ഭാരതി, ബി.ജെ.പിയുടെ ഫയാസ് അഹമ്മദ്, സതീഷ് ചന്ദ്ര ദുബെ, ശംഭു ശരൻ പട്ടേൽ, ജെ.ഡി.യുവിൻ്റെ കീരു മഹ്തോ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഝാർഖണ്ഡിൽനിന്ന് ബി.ജെ.പിയുടെ ആദിത് സാഹു, ഝാർഖണ്ഡ് മുക്തി മോർച്ചയുടെ മഹുവ മാജി, ആന്ധ്രപ്രദേശിൽ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിന്‍റെ വി. വിജയസായ് റെഡ്ഡി, ബീഡ മസ്താൻ റാവു, ആർ. കൃഷ്ണയ്യ, എസ്. നിരഞ്ജൻ റെഡ്ഡി എന്നിവരും എതിരില്ലാതെ വിജയിച്ചു.

Back to top button
error: