മുംബൈ: നാസിക്കിൽ സന്യാസിമാരുടെ കൂട്ടത്തല്ലു നടന്നത്രേ.ചർച്ചാവിഷയം ഗംഭീരമായിരുന്നു.ഹനുമാൻ ജനിച്ചതെവിടെയാണ് എന്ന ഗൗരവതരമായ വിഷയമായിരുന്നു തർക്കം.പ്രശ്നം നിസ്സാരമല്ല. ബാക്കി ഏതാണ്ടെല്ലാ ഇതിഹാസകഥാപാത്രങ്ങളുടെയും ജൻമസ്ഥലം ഇവരൊക്കെക്കൂടി തീർപ്പാക്കിയിട്ടുണ്ട്.പക്ഷേ ഹനുമാൻ സ്വാമി ജനിച്ചതെവിടെയാണ് എന്നൊരു പിടുത്തം കിട്ടുന്നില്ല.ബർത്ത് സർട്ടിഫിക്കറ്റ് കിട്ടാനില്ല. പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാത്ത രാജ്യത്തിൽ ഹനുമാൻ്റെ ബർത്ത് സർട്ടിഫിക്കറ്റ് അന്വേഷിച്ചിട്ടും കാര്യമില്ല.
പിന്നെ വഴി യോഗിവര്യൻമാർ ചേർന്നൊരു തീർപ്പിലെത്തുകയാണ്.അതിനുള്ള ശ്രമമാണ് നാസിക്കിൽ നടന്നത്.പക്ഷേ പണി പാളി.ഹനുമാൻ്റെ ബർത്ത് സർട്ടിഫിക്കറ്റ് തീരുമാനമായില്ലെങ്കിലും ഏതെങ്കിലുമൊരു കാവിക്കുപ്പായത്തിൻ്റെ ഡത്ത് സർട്ടിഫിക്കറ്റ് തീരുമാനമാവേണ്ടതായിരുന്നു. ഫോട്ടോയിൽ കാണുന്നത് തർക്കം മൂത്ത് ഒരു പരമപൂജനീയ മുനിവര്യൻ എതോ ചാനലുകാരൻ്റെ മൈക്കെടുത്ത് മറ്റൊരു സന്യാസിപ്രമുഖൻ്റെ മണ്ടയടിച്ചു പൊട്ടിക്കാൻ നോക്കുന്നതാണ്.
ഹനുമാൻ സ്വാമി കാത്തു. പോലീസുകാർ വന്ന് എല്ലാ സ്മശ്രുക്കളെയും ആട്ടിപ്പായിച്ചു. ഹനുമാൻ്റെ ജനനത്തേക്കാൾ പ്രധനം അവനവൻ്റെ തടി കാക്കലാണെന്ന ബോധം വന്നപ്പോൾ സന്യാസികൾ പിരിഞ്ഞു പോയി.
ഹനുമാൻ ജനിച്ച സ്ഥലം എവിടെയാണെന്ന തർക്കം ഇന്നുമിന്നലെയും തുടങ്ങിയതല്ല. ഹനുമാൻ തന്നെ നേരിട്ടുവന്ന് ഞാനിവിടെയാണ് ജനിച്ചതെന്നു പറഞ്ഞാലും അംഗീകരിക്കാൻ പ്രയാസമുള്ള മഹായോഗികൾ ഭാരതത്തിലുണ്ട്. നാസിക്കിലെ അഞ്ച്നേരിയിലാണ് എന്ന് ഒരു പക്ഷം, അല്ല കിഷ്കിന്ധയിലാണ് എന്ന് മറ്റൊരു പക്ഷം.ജനിച്ച ഉടനേ സൂര്യനിലേക്ക് ചാടിയപ്പോൾ ഹനുമാൻ കാലൂന്നിയതാണ് എന്നു പറഞ്ഞ് ഏതോ പൊട്ടക്കുഴി കാണിച്ച് നാഗ്പൂരിൽ നിന്നൊരു പക്ഷം, അഞ്ജൻപൂർ എന്ന സ്ഥലപ്പേരിനടിസ്ഥാനം ഹനുമാൻ്റെ അമ്മ അഞ്ജനയാണെന്ന് വേറൊരുപക്ഷം – ഇങ്ങനെ പോകുന്ന വാദങ്ങൾ.ഇവരെയെല്ലാം നാസികിൽ കൂട്ടിയിരുത്തി ജനിച്ച സ്ഥലം തീരുമാനിക്കാനായിരുന്നു യോഗം.നിർഭാഗ്യവശാൽ ഹനുമാൻ സ്വാമി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
അതിനിടയിൽ മഹന്ദ് സുധീർ ദാസ് എന്നൊരു സന്യാസി വേറൊരു സന്യാസിയെ കോൺഗ്രസി എന്നു വിളിച്ചു .കോൺഗ്രസ് ഒരു തെറിയായിട്ടാണ് അയാൾക്ക് മനസ്സിലായത്.അയാൾ തിരിച്ച് വേറെന്തോ വിളിച്ചു.സുധീർദാസിൻ്റെ കയ്യിൽ കിട്ടിയത് ഒരു പാവം പത്രപ്രവർത്തകൻ്റെ മൈക്കാണ്. ഹനുമാൻ സ്വാമിയെ മനസ്സിൽ ധ്യാനിച്ച് മൈക്ക് ഗദയാക്കി സുധീർദാസ് യുദ്ധത്തിനൊരുങ്ങി.അതാണ് ചിത്രത്തിൽ കാണുന്നത്.പിന്നെ ആകെ കലപിലയായി നാസിക് കപിലവസ്തുവായി.അവസാനം ഹനുമാൻ സ്വാമിയെ ബഹുമാനമില്ലാത്ത മാറാത്ത ബ്ലഡി പോലീസ് എല്ലാറ്റിനേയും ആടിപ്പായിച്ചു.അങ്ങനെ ഭാരതത്തിൽ പൗരത്വം തീരുമാനമാകാതെ അവിടെയുമില്ല,ഇവിടെയുമില്ല എന്ന മട്ടിൽ ഹനുമാൻജിയുടെ കാര്യം വീണ്ടും കഷ്ടമായി തുടരുന്നു.
ഹനുമാന്റെ ജൻമസ്ഥലം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ചേർന്ന യോഗത്തിലാണ് സന്യാസിമാരുടെ കൂട്ടത്തല്ല് ഉണ്ടായത്.മഹാരാഷ്ട്രയിലെ നാസിക്കിൽ ചൊവ്വാഴ്‌ച ചേർന്ന യോഗത്തിലാണ് തർക്കവും സംഘർഷവും അരങ്ങേറിയത്. ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലിയുണ്ടായ തർ ക്കത്തിന് വിരമമിടാൻ വിളിച്ചുചേർത്ത മതസമ്മേളനത്തിൽ പങ്കെടുത്ത സന്യാസിമാരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്.
ഇതാണ് ഇന്നത്തെ ഇന്ത്യ.ഇവരാണ് ഇപ്പോൾ ഇന്ത്യൻ ചരിത്രം തീരുമാനിക്കുന്നത്.ഇവരൊക്കെ പറയുന്നിടത്ത് പറയുന്ന ഇതിഹാസകഥാപാത്രങ്ങൾ ജനിക്കും, മരിക്കും.പറയുന്നിടത്ത് വിഗ്രഹങ്ങൾ പൊങ്ങും!
രാജ്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതുമാത്രമാണ് ഒരാശ്വാസം!!