2022 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 105.99 ശതമാനം വര്‍ധിച്ച് 213.78 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 103.78 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ കാലയളവിലെ 338.78 കോടി രൂപയില്‍ നിന്ന് 103.95 ശതമാനം വര്‍ധിച്ച് 690.96 കോടി രൂപയായും ഉയര്‍ന്നു.
ഇന്റര്‍നെറ്റ് ടിക്കറ്റിംഗില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 212.01 കോടി രൂപയില്‍ നിന്ന് 292.82 കോടി രൂപയായാണ് വര്‍ധിച്ചത്. കാറ്ററിംഗില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍കുതിച്ചു ചാട്ടമാണുണ്ടായത്. ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 67.38 കോടിയില്‍ നിന്ന് നാലിരട്ടി വര്‍ധിച്ച് 266.19 കോടി രൂപയായി. റെയില്‍ നീറില്‍ നിന്നുള്ള വരുമാനം 27.80 കോടിയില്‍ നിന്ന് 51.88 കോടിയായി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഐആര്‍സിടിസിയുടെ പ്രകടനം മെച്ചപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ, ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 2 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.5 രൂപ ലാഭവിഹിതവും ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.