KeralaNEWS

‘ഒരു കൈയ്യില്‍ മൊബൈല്‍, മറ്റേ കൈയ്യില്‍ വെള്ളക്കുപ്പി’; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

കൊച്ചി: ആലുവയില്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും വിധം വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ആലുവ ഏലൂര്‍ കൊച്ചിക്കാരന്‍ പറമ്പില്‍വീട്ടില്‍ രാഹുല്‍ ബാബുവിന്റെ (24) ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ആലുവ ജോയിന്റ് ആര്‍.ടി.ഒ. ശുപാര്‍ശ ചെയ്തത്. സ്വകാര്യ ബസിലെ ഡ്രൈവറാണ് രാഹുല്‍ ബാബു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിധത്തിലുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് എംവിഡിയുടെ നടപടി.

ആലുവ-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംല ബസിലെ ഡ്രൈവറായ രാഹുല്‍ സ്റ്റിയറിംഗില്‍ നിന്നും കൈവിട്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മൊബൈലില്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു കൈയ്യില്‍ മൊബൈല്‍ ഉള്ള സമയത്ത് മറുകൈയില്‍ കുപ്പിവെള്ളമെടുത്ത് കുടിക്കുന്നതും വീഡിയോയില്‍ കാണാം.

Signature-ad

രണ്ട് കൈയ്യും വിട്ട് വാഹനമോടിക്കുന്നതിനിടെ ബസ് ഘട്ടറിലും വീണിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുത്തത്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആലുവ ജോയിന്റ് ആര്‍.ടി.ഒ. സലിം വിജയകുമാറിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് ഡ്രൈവറെ കണ്ടെത്തി ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Back to top button
error: