ട്രായ്‌യുടെ പുതിയ നീക്കത്തില്‍ അടിതെറ്റില്ലെന്ന് പ്രഖ്യാപിച്ച് ട്രൂകോളര്‍. കെവൈസി വിവരങ്ങള്‍ ഉപയോഗിച്ച് വിളിക്കുന്നയാളുടെ നമ്പര്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നീക്കമാരംഭിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ട്രൂകോളറിന്റെ പ്രതികരണം. ട്രൂകോളറിന് ഇത് വന്‍ തിരിച്ചടി സൃഷ്ടിച്ചേക്കും എന്ന് അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും ട്രൂകോളര്‍ പതറില്ലെന്ന് വ്യക്തമാക്കുകയാണ് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അലാന്‍ മമേഡി.
ട്രായ്യുടെ നീക്കം തങ്ങള്‍ക്ക് മത്സരമായേക്കില്ലെന്നും, നമ്പര്‍ തിരിച്ചറിയല്‍ എന്നതിലുപരി സാങ്കേതികവിദ്യയുടേയും ഡാറ്റയുടേയും സഹായത്തോടെ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കമ്പനിയ്ക്ക് സാധിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 22 കോടി പ്രതിമാസ ആക്ടീവ് ഉപഭോക്താക്കളാണ് ട്രൂകോളറിനുള്ളത്. ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നു കോള്‍ വന്നാല്‍ പേരു കാട്ടിത്തരുന്ന സ്വകാര്യ ആപ് ആണ് ട്രൂകോളര്‍.
ട്രൂകോളര്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ഒരാളുടെ നമ്പര്‍ പലരുടെയും ഫോണില്‍ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. ഇക്കൂട്ടത്തില്‍ സമാനമായി ഏറ്റവും കൂടുതല്‍ വരുന്ന പേരാണു ട്രൂകോളര്‍ സേവ് ചെയ്യുന്നത്. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തില്‍ കെവൈസി രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോള്‍ ഫോണില്‍ തെളിയുക.
കെവൈസിയിലെ പേര് തെളിയുമ്പോള്‍ ഫോണില്‍ വിളിക്കുന്നയാളുടെ (കണക്ഷന്‍ ഉടമയുടെ) കെവൈസിയിലെ പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ട്രായ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമില്‍ നിന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഒരു പരാമര്‍ശം ലഭിച്ചിട്ടുണ്ട്.
കെവൈസി അടിസ്ഥാനമാക്കിയുള്ള ചുവടുവെപ്പ് നടപ്പാകുന്നതോടെ വിളിക്കുന്നയാളെ വ്യക്തമായി തിരിച്ചറിയാനും, ക്രൗഡ് സോഴ്‌സിങ് ആപ്പുകളുടെ തള്ളിക്കയറ്റത്തിന് ഒരു പരിധി വരെ കടിഞ്ഞാണിടാനും സര്‍ക്കാരിന് സാധിക്കും. ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും കോള്‍ സമയത്ത് പേര് തെളിയുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശമനം ലഭിക്കും. എന്നാല്‍ വ്യാജ പേരില്‍ സിം കാര്‍ഡ് എടുക്കുന്ന പ്രവണതയ്ക്ക് ഇപ്പോഴും പൂര്‍ണമായി അറുതി വരാത്തതിനാല്‍ ഇത് നൂറു ശതമാനം സുതാര്യത ഉറപ്പാക്കും എന്ന് പറയാനാവില്ല.
ട്രൂകോളര്‍ പോലുള്ള കമ്പനികള്‍ ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ റിസ്‌ക്ക് ഘടകം കൂടുതലായിരുന്നു. മാത്രമല്ല ട്രൂകോളറില്‍ വരുന്ന പേര് എപ്പോഴും കൃത്യമായിരിക്കില്ല. സമാനമായ ഒട്ടേറെ പ്ലാറ്റ്‌ഫോമുകള്‍ ചുരുങ്ങിയ കാലം കൊണ്ട് ഇറങ്ങിയെങ്കിലും ട്രൂകോളറിന് ലഭിച്ച സ്വീകാര്യത മറ്റൊന്നിനും കിട്ടിയതുമില്ല. ട്രായ്യുടെ നീക്കത്തിന് പിന്നാലെ ട്രൂകോളര്‍ കൂടുതല്‍ സേവനങ്ങള്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയോക്കുമെന്നും സൂചനകളുണ്ട്.