KeralaNEWS

ജാമ്യം റദ്ദാക്കി, പി.സി ജോർജിനെ അറസ്റ്റ് ചെയ്തേക്കും

തവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പൊലീസിന്‍റെ നോട്ടിസ് പി.സി.ജോര്‍ജ് ഇന്ന് കൈപ്പറ്റി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇന്ന് തന്നെ ഹാജരാകുമെന്നാണ് സൂചന.

പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമർപ്പിച്ച സി.ഡി കോടതി പരിശോധിച്ചു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉള്ളത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസം​ഗവുമായി ബന്ധപ്പെട്ട കേസിൽ
പി.സി ജോർജ് നടത്തിയത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തലോടെ എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റിനായി അന്വേഷണം ശക്തിമാക്കിയിരുന്നു. ഒടുവിൽ ജോർജിന് ഒളിവിൽ പോകേണ്ടി വന്നു. പി.സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ജോർജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തു. ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയ പി.സി ജോര്‍ജിന് നാളെ (വ്യാഴം) വരെ താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു.

Back to top button
error: