ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ചൊവ്വാഴ്ച മുതൽ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചെമ്മീൻ ഫാമിൽ ജോലിചെയ്യുന്ന ആറ് മറുനാടൻ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കടൽത്തീരത്തുനിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവർ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ ഭർത്താവ് രാമേശ്വരം വടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്ക് ശേഷം ചെമ്മീൻ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതോടെ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേരാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. കസ്റ്റഡിയിലുള്ളവർ ജോലിചെയ്യുന്ന ചെമ്മീൻ ഫാമിലേക്ക് ഇരച്ചെത്തിയ നാട്ടുകാർ ഫാം അടിച്ചുതകർക്കുകയും ചെയ്തു.