KeralaNEWS

കേരളം ഇന്ധന വില കുറയ്ക്കില്ല; നിലപാട് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ഇന്ധന വില കുറച്ചത് കൊണ്ട് വിലക്കയറ്റം തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം പെട്രോളിനും ഡീസലിനും വില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിലെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഇന്ധന നികുതിയിൽ അതിഭീമമായ വർധനവ് വരുത്തിയ കേന്ദ്ര നിലപാട് തിരിച്ചറിഞ്ഞ്, ഈ വില കുറയ്ക്കാനാണ് ആവശ്യപ്പെടേണ്ടതെന്നും സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു.

കെ.എൻ. ബാലഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Signature-ad

അവശ്യവസ്തുകൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയർന്നു കൊണ്ടിരിക്കുന്നതുമൂലം കേന്ദ്രസർക്കാർ പെട്രോളിന്‍റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാൻ നിർബന്ധിതമായി. ഇത് സ്വാഗതാർഹമായ ഒരു നടപടിയാണ്, എന്നാൽ 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തത്. 

2020 മാർച്ച്, മെയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 17.97 രൂപയും നികുതി വർധിപ്പിച്ചിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ ഈ വർദ്ധനവാണ് കുറവ് ചെയ്തിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന്  9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇപ്പോഴത്തെ ഇളവിന് ശേഷവും കേന്ദ്ര പെട്രോള്‍ നികുതി 2014 നേക്കാൾ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും കൂടുതല്‍ ആണ്

കേന്ദ്രം 2021 നവംബർ 4ന് ഡീസലിന്  നികുതി 10 രൂപയും പെട്രോളിന് 5 രൂപയും കുറച്ചപ്പോൾ യഥാർത്ഥത്തിൽ കേരളത്തിൽ കുറഞ്ഞതാവട്ടെ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ്. ഇതിൽ 2.30 രൂപ ഒരു ലിറ്റർ ഡീസലിനും 1.56 രൂപ ഒരു ലിറ്റർ പെട്രോളിനും അധികമായി കുറഞ്ഞത് കേരളത്തിന്റെ വകയായിട്ടാണ്. ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിനു പെട്രോള്‍ നികുതിയില്‍ 2.41 രൂപയുടെയും ഡീസലിന് 1.36 രൂപയുടെയും കുറവ് വരും. ആ രൂപത്തില്‍ 2021 നവംബര്നു ശേഷം   കേരളം  പെട്രോളിന് 3.97 രൂപയും ഡീസലിന് 3.68 രൂപയും നികുതി കുറച്ചു. കേരളത്തിൽ വന്ന നികുതി കുറവിനെ വെറും ആനുപാതിക കുറവ് എന്നുപറഞ്ഞു കുറച്ചു കാണേണ്ടതില്ല. പകരം നമ്മുടെ നികുതി ഘടനയുടെ പ്രത്യേകത കൊണ്ടുതന്നെ നികുതി നിരക്കിൽ കേരളത്തിലും കുറവ് വരുത്തി എന്നു തന്നെ പറയേണ്ടി വരും. 

എന്നാല്‍ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2014 സെപ്തംബർ മുതൽ നടത്തിയ സംസ്ഥാന നികുതി വർദ്ധനവ് കൂടി പരിശോധിക്കാം. സെപ്തംബറിൽ 99.96 ഡോളർ, ഒക്ടോബറിൽ 86.83 ഡോളർ, നവംബറിൽ 77.58 ഡോളർ ഡിസംബറിൽ 61.21 ഡോളർ 2015 ജനുവരി ആയപ്പോഴേക്കും വില 46.59 ഡോളറായി. ആ സമയത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായി ക്രൂഡോയിൽ വില. ഈ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുന്നതിന് പകരം എന്താണ് ഉമ്മൻചാണ്ടി സർക്കാർ ചെയ്തത്.?

 13 തവണയാണ് പെട്രോൾ നികുതി വർധിപ്പിച്ചത്. 

2015 ഫെബ്രുവരി മുതൽ വീണ്ടും ക്രൂഡ് വില വർധിക്കാൻ തുടങ്ങി. വിലകുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം 2015 ഫെബ്രുവരിയിൽ സംസ്ഥാന പെട്രോള്‍ നികുതി  31.80 ശതമാനമായും ഡീസൽ നികുതി 24.52 ശതമാനമായും വർധിപ്പിക്കുകയാണ് അന്നത്തെ യുഡിഎഫ് സർക്കാർ ചെയ്തത്. 

എന്നാൽ 2016 LDF അധികാരത്തില്‍ വന്നത് മുതൽ കേരളം ഇന്നേവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടെയില്ല. 2018 ജൂണിൽ LDF സർക്കാർ പെട്രോളിന്റെ നികുതി നിരക്ക് 31.80ല്‍ നിന്നും 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 24.52ല്‍ നിന്നും 22.76 ശതമാനമായും കുറച്ചു.
കോവിഡ് കാലത്തു UP, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കർണാടക, ആസാം മുതലായ സംസ്ഥാനങ്ങൾ ഇന്ധന നികുതി വർധിപ്പിച്ചപ്പോൾ നികുതി വർധിപ്പിക്കാതെയിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കോവിഡ് കാലത്ത് ആസാം പെട്രോളിനു വർധിപ്പിച്ചത് 5 ശതമാനവും ഡീസലിന് കൂട്ടിയത് 7 ശതമാനവുമാണ്. ഗോവ 10  ഉം 7ഉം ശതമാനം, കർണാടക, 5 ശതമാനം വീതം, മണിപ്പൂർ 15 ഉം 12 ഉം ശതമാനം, ത്രിപുര 8 ഉം, 6 ഉം ശതമാനമാണ്

ഇന്ധനവില കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന്, ഇന്ധനവില നിർണ്ണയാധികാരം പൂർണ്ണമായും കമ്പോളത്തിന് വിട്ടുകൊടുത്തത്. പെട്രോളിന്റെ കാര്യത്തിൽ  UPA സർക്കാരായിരുന്നുവെങ്കിൽ ഡീസൽ വില കമ്പോളത്തിന് വിട്ടുകൊടുത്തത് NDA സർക്കാരാണ്. അങ്ങനെ ചെയ്യുമ്പോൾ അന്താരാഷ്ട്ര വിലയിൽ മാറ്റം വരുമ്പോൾ യഥാര്‍ത്ഥത്തില്‍ ആനുപാതികമായി ഇന്ത്യയിലും വിലയിൽ മാറ്റം വരണം. എന്നാല്‍ അത് സംഭവിക്കുന്നില്ല. അന്താരാഷ്ട്ര വിലയില്‍  കുറവ് വരുമ്പോഴൊക്കെ കേന്ദ്രസർക്കാർ പുതിയ ഇനം നികുതികൾ ഏർപ്പെടുത്തുകയും അവ പലതവണയായി വർധിപ്പിക്കുകയും ചെയ്തു. അതാണ് രണ്ടാമത്തെ കാരണം.
2002ല്‍ അധികാരത്തില്‍ വന്ന BJP സര്‍കാര്‍ ഓയില്‍ പൂള്‍ അക്കൗണ്ട്‌ സംവിധാനം വഴി പെട്രോളിയം വില നിയനന്ത്രിക്കുന്നത് നിര്‍ത്തലാക്കിയതാണ് മൂന്നാമത്തെ കാരണം . 

2018 ഒക്ടോബറിൽ ക്രൂഡ് വില 80.08 ഡോളറായിരുന്ന സമയത്ത് പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി 17.98 രൂപയായിരുന്നു. 2020 മാർച്ച് ആയപ്പോഴേക്കും ക്രൂഡ് വില 33.36 ഡോളറായി കുറഞ്ഞു. ഈ സമയത്ത് നികുതി മാറ്റമില്ലാതെ നിലനിർത്തുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിയിരുന്ന കേന്ദ്രസർക്കാർ കേന്ദ്ര ഡ്യൂട്ടിയും സെസ്സും 22.98 രൂപയായി വർധിപ്പിക്കുകയാണ് ചെയ്തത്. 2020 മെയിൽ ക്രൂഡ് വില വീണ്ടും 30.61 ഡോളറായി കുറഞ്ഞു. അപ്പോഴാണ് സർവ്വകാല റെക്കോർഡിലേക്ക് കേന്ദ്രം നികുതി ഉയർത്തിയത്. അതായത് ഒറ്റയടിക്ക് 32.98 രൂപയാക്കി. 

കേരളത്തില്‍  കോവിഡ് അനുബന്ധ ചെലവ് കൂടുകയും, മറ്റേത് സംസ്ഥാനങ്ങളേക്കാളും പൊതുജനാരോഗ്യത്തിനും, ക്ഷേമത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും, സൗജന്യ ചികിത്സക്കും ചെലവ് വർധിപ്പിക്കുകയും ചെയ്തപ്പോഴും ഇന്ധന നികുതി ഒരിക്കൽപോലും കൂട്ടിയിട്ടില്ല. 

ഇന്ധനവില കേരളം വീണ്ടും കുറയ്ക്കണമെന്ന് ആവർത്തിക്കുമ്പോൾ നമ്മൾ മറക്കുന്ന മറ്റു പല കണക്കുകളും ഉണ്ട്. 20,000 കോടി രൂപയിലധികമുള്ള ചെലവുകളാണ് കോവിഡ് പാക്കേജിലൂടെ സർക്കാർ നിർവഹിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച BPL കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ മൂന്നുവർഷത്തേക്ക് കൊടുക്കാൻ തീരുമാനിച്ചു. സാമൂഹിക സുരക്ഷാ പെൻഷന് വേണ്ടി 10,000 കോടിയിലധികം ചെലവാക്കുന്ന മറ്റു സംസ്ഥാനങ്ങൾ ഉണ്ടാവില്ല. KSRTC മുതലായ പൊതുമേഖല സംരംഭങ്ങളെ സംരഷിക്കാന്‍  ആയിരക്കണക്കിനു കോടി രൂപയാണ് ചിലവാക്കുന്നത്. പൊതു വിദ്യഭാസത്തിനും പൊതു വിതരണത്തിനും മറ്റൊരു സംസ്ഥാനവും ചിലവഴിക്കുന്ന്നതില്‍ അധികം തുക കേരളം ചിലവഴിക്കുന്നുണ്ട്.
ഇതിനൊക്കെ പുറമേ കേന്ദ്രവിഹിതം,  ജി എസ് ടി നഷ്ടപരിഹാരം,  റവന്യൂകമ്മി ഗ്രാൻഡ് എന്നീ വകയിൽ നിലവിൽ കേരളത്തിന് കിട്ടേണ്ട വരുമാനം ഏകദേശം 19,000 കോടിയിലധികം ഈ സാമ്പത്തിക വർഷം കുറവുവരും. കമ്പോളത്തിൽ നിന്നും കടം എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.

അങ്ങനെ ഒരു വശത്തുകൂടെ കേന്ദ്രവിഹിതത്തിലെ വളരെ വലിയ ഇടിവും , മറുവശത്ത്, കേരള സർക്കാർ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടത്തുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വീണ്ടും കേരളം നികുതി ഇളവു നൽകണമെന്ന വാശിപിടിക്കുന്നവർ യഥാർത്ഥത്തിൽ ചെയ്യേണ്ടത് ഒരു ചുരുങ്ങിയ കാലംകൊണ്ട് നികുതി അതിഭീമമായ വർദ്ധനവ് വരുത്തിയ കേന്ദ്രനിലപാട് തിരിച്ചറിയുകയും അമിതമായി കിട്ടിയ നികുതി കേന്ദ്രം വീണ്ടും കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയുമാണ്. ഫലത്തിൽ സംസ്ഥാനത്തിലെയും ജനങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണ് കേരളം പെട്രോളിന്റയും ഡീസലിന്റയും നികുതി ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയം പെട്രോൾ, ഡീസൽ നികുതി കുറയ്ക്കുന്നത് കേന്ദ്രമായാലും സംസ്ഥാനമായാലും വിലവർധനവിന്  ഒരു താൽക്കാലിക പരിഹാരം മാത്രമാണെന്നതാണ്. 2021 നവംബർ 4 ൽ കേന്ദ്രവും സംസ്ഥാനവും വിലകുറച്ചതിനുശേഷവും കമ്പോളത്തിൽ വില പൂർവാധികം ഉയരുകയാണ് ചെയ്തത്. ഓയിൽ പൂൾ അക്കൗണ്ട് പോലെയുള്ള ഏതെങ്കിലും സംവിധാനത്തിലൂടെ വില നിയന്ത്രിക്കാതെ ഈ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണാൻ കഴിയില്ല  എന്നാണ് ഇത് തെളിയിക്കുന്നത്.

Back to top button
error: