CrimeNEWS

ഡൽഹിയിൽ വീണ്ടുമൊരു 13കാരി നിർഭയ, ഈ കുരുന്നിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ പിടിയിൽ

ന്യൂഡൽഹി: ഏപ്രിൽ 24-നാണ് 13 കാരിയായ ആ കുരുന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നു കാണാതാവുന്നത്. കുട്ടിയെ കണ്ടെത്തിയത് രണ്ടാഴ്ചയ്ക്കു ശേഷവും. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ പ്രതികൾ ഡൽഹി സാകേത് മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായും ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥ അറിയിച്ചു.

അറസ്റ്റിലായത് മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരാണ്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാല് പേർക്കുമെതിരെ പോക്സോ വകുപ്പും കടത്തിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തടഞ്ഞുവെയ്ക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

വീട്ടിൽനിന്ന് പെൺകുട്ടി പുറത്തുപോയത് ഏപ്രിൽ 24-ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്. മടങ്ങിവരാത്തതിനെ തുടർന്ന് സുഹൃത്തിന്റേയോ ബന്ധുവിന്റേയോ വീട്ടിൽ തങ്ങിയിട്ടുണ്ടാവുമെന്ന് വീട്ടുകാർ കരുതി. അടുത്തദിവസവും കിട്ട മടങ്ങി വന്നില്ല. വീട്ടുകാർ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ തിരക്കി. തുടർന്ന് ഏപ്രിൽ 26-ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോലീസിന് മേയ് ഒന്നിന് പ്രതികളിലൊരാളുടെ വിവരം ലഭിക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് പ്രതികളുടെ വിവരം ലഭിക്കുന്നത് അയാളിൽ നിന്നാണ്. പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റർ കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ഒരു സ്ത്രീയാണ് കുട്ടിയുടെ വിവരം പോലീസിന് കൈമാറിയത്. പതിമൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസെത്തുമ്പോൾ പെൺകുട്ടി മയക്കുമരുന്നിന്റേ ലഹരിയിലായിരുന്നു. എയിംസിൽ നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് തിരിച്ചറിയുകയും ചെയ്തു.

വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പ്രതികളിലൊരാളായ ഷാരൂഖിന്റെ ഓട്ടോയിൽ കയറി. പച്ചക്കറി മാർക്കറ്റിലേക്ക് ഓട്ടോ വിളിച്ച പെൺകുട്ടിയെ അവിടെ ഇറക്കാതെ ഷാരൂഖ് തന്റെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടു. അവർ പെൺകുട്ടിയെ ഓഖ്ലയിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. രാത്രി മുഴുവനും നാലുപേരും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് രണ്ട് ദിവസം പെൺകുട്ടിയുമായി കറങ്ങിയ ശേഷം തിഗ്രി ഭാഗത്ത് പെൺകുട്ടിയെ ഇറക്കി വിടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ബെനീറ്റ മേരി ജെയ്കർ പറഞ്ഞു. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: