NEWS

കുട്ടികൾക്ക് പകർന്നു കിട്ടുന്ന ബുദ്ധി അച്ഛന്റെയോ അതോ അമ്മയുടെയോ, ഗവേഷകർ പറയുന്നതെന്ത്…?

    കുട്ടികളുടെ സ്വഭാവസവിശേഷതകളെ മാതാപിതാക്കളില്‍ ഒരാളുമായി ബന്ധപ്പെടുത്താന്‍ പലപ്പോഴും നാം ശ്രമിക്കാറുണ്ട്. പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കുമ്പോഴോ, അതുമല്ലെങ്കില്‍ മത്സരങ്ങളില്‍ വിജയിക്കുമ്പോഴോ ഒക്കെ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ അച്ഛനും അമ്മയും മത്സരിക്കാറുണ്ട്. പോരാത്തതിന്, ‘അത് പിന്നെ എന്റെ മോനല്ലേ’ എന്നൊരു ഡയലോഗും.
ആരുടെ ബുദ്ധിയാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്, അമ്മയുടേയോ അതോ അച്ഛന്റെയോ…? ഗവേഷകരുടെ അഭിപ്രായത്തില്‍ അമ്മയില്‍ നിന്നാണ് കുട്ടികള്‍ക്ക് ബുദ്ധിശക്തി പകര്‍ന്ന് കിട്ടുന്നത്.

എക്‌സ് ക്രോമസോമാണ് ബുദ്ധിശക്തിയെ വഹിക്കുന്നതെന്ന് ഒന്നിലധികം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഈ ക്രോമസോമുകള്‍ രണ്ടെണ്ണമുണ്ട് (XX). എന്നാല്‍, പുരുഷന്മാര്‍ക്ക് ഒരെണ്ണമേ (XY) ഉള്ളൂ. അതുകൊണ്ട് തന്നെ തങ്ങളുടെ കുട്ടികള്‍ക്ക് ബുദ്ധിപരമായ ജീനുകള്‍ കൈമാറാനുള്ള കഴിവ് പിതാവിനേക്കാള്‍ മാതാവിന് കൂടുതലാണ്. മാത്രവുമല്ല, പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിക്കാവുന്ന ബുദ്ധിപരമായ ജീനുകള്‍ തനിയെ നിര്‍ജ്ജീവമായേക്കാം. മക്കളുടെ ബുദ്ധിശക്തി അമ്മയുടെ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ. പിതാവിന് അതില്‍ കാര്യമായ പങ്കില്ലെന്നാണ് ​ഗവേഷകര്‍ പറയുന്നത്.

വര്‍ഷങ്ങളായി ഈ സിദ്ധാന്തം തെളിയിക്കാന്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗ്ലാസ്‌ഗോയിലെ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ സോഷ്യല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സയന്‍സസ് യൂണിറ്റ് നടത്തിയ ഒരു പഠനമാണ് അതിലൊന്ന്. കുട്ടികളുടെ ഐക്യു അമ്മമാരുടേതിന് സമാനമാണെന്ന് അതിൽ കണ്ടെത്തിയിരുന്നു. പഠനത്തിനായി തിരഞ്ഞെടുത്ത കുട്ടികളെ അവരുടെ 14 മുതല്‍ 22 വയസ്സ് വരെയുള്ള കാലത്ത് എല്ലാ വര്‍ഷവും ഗവേഷകര്‍ അഭിമുഖം നടത്തി. വിദ്യാഭ്യാസം, സാമൂഹിക-സാമ്ബത്തിക നില തുടങ്ങിയ വിവിധ ഘടകങ്ങള്‍ അവര്‍ കണക്കിലെടുത്തു. ഒടുവില്‍ അമ്മമാരില്‍ നിന്നാണ് അവര്‍ക്ക് ബുദ്ധിശക്തി ലഭിച്ചതെന്ന അനുമാനത്തില്‍ അവര്‍ എത്തി. മാത്രവുമല്ല, അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പവും ഇതില്‍ പ്രധാനമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും, എല്ലാ ശാസ്ത്രജ്ഞരും ഈ X ക്രോമസോം തത്വത്തെ അംഗീകരിക്കുന്നില്ല. അങ്ങനെ ക്രെഡിറ്റ് മുഴുവന്‍ അമ്മമാര്‍ കൊണ്ടുപോകേണ്ട എന്നാണ് അവരുടെ പക്ഷം. ജനിതകഘടന മാത്രമല്ല ഒരു കുട്ടിയുടെ ബുദ്ധിശക്തി നിര്‍ണ്ണയിക്കുന്നതെന്ന് മറ്റ് ഗവേഷകര്‍ ചൂണ്ടി കാട്ടുന്നു. കുഞ്ഞിന്റെ മാനസികവും, ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കളുടെ വൈകാരികമായ പിന്തുണ അനിവാര്യമാണെന്ന് അവര്‍ സമർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: