NEWS

ബസലിക്ക പള്ളിയും , കത്തീഡ്രല്‍ പള്ളിയും തമ്മിലുള്ള വ്യത്യാസമെന്ത് ?  

ക്രിസ്ത്യൻ (പ്രധാനമായും കത്തോലിക്കാ ) ആരാധനാലയങ്ങൾ നാല് തരം ഉണ്ട്.
⚡1) ചാപ്പൽ – സാധാരണയായി കുരിശു പള്ളി എന്ന് പറയുന്നു.  ഇവിടെ സ്ഥിരമായ കുർബാന ഉണ്ടാവണം എന്നില്ല. വലിപ്പത്തിൽ ചെറുത് ആയിരിക്കും .ഒരു ഇടവകയുടെ കീഴിൽ ഒന്നിലധികം ചാപ്പലുകൾ വരാം. ക്രിസ്ത്യൻ കോളേജുകൾ,ഹോസ്റ്റലുകൾ , മഠങ്ങൾ എന്നിവയിലും ചാപ്പലുകൾ കാണാം
⚡2) ചർച്ച് – ഇതാണ് യഥാർത്ഥത്തിൽ പള്ളി . ഒരു ഇടവകക്ക് ഒരു പള്ളിയും , പള്ളിക്ക് കർമ്മങ്ങൾ ചെയ്യാനായി ഒരു അച്ചനും കാണും . വിശദമായി പറഞ്ഞാൽ ഒരു പ്രദേശത്ത് ഒരു പ്രത്യേക ക്രൈസ്തവ സഭയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വീട്ടുകാർ ഒന്നിച്ച് വരുന്ന കൂട്ടത്തെ ആണു് ഇടവക (parish ) എന്ന് പറയുന്നത്. ഇങ്ങനെ കൂടി വരവിനായി മിക്കവാറും ഒരു പള്ളിയും, ഇടവകയുടെ ആത്മിയആവശ്യങ്ങൾക്കായി അതത് സഭകൾ നിയമിക്കുന്ന ഒരു വികാരിയും ഉണ്ടാവും.
കത്തോലിക്കാസഭയിൽ പൊതുവേ ഒരു വികാരിയച്ചന്റെ കീഴിലുള്ള പ്രദേശത്തെയാണ് ഇടവക എന്നു പറയുന്നത്. വികാരിയച്ചനെ പള്ളിവികാരി, ഇടവകവികാരി എന്നൊക്കെയും പറയുന്നു. ഒരു ഇടവകയിൽ ഒരു പ്രധാന പള്ളിക്കു പുറമേ കുരിശുപള്ളികളും , മഠങ്ങളും  ,സഭയുടെ കീഴിലുള്ള ഇതര സ്ഥാപനങ്ങളുമുണ്ടാവാം. ഒരു വികാരിയച്ചന് തന്റെ കൃത്യനിർവ്വഹണത്തിന് സഹായികളായി ഒന്നോ അതിലധികമോ സഹ വികാരിമാരോ മറ്റ് വൈദികരോ ഉണ്ടാവാം. ഇടവകയിൽ അംഗങ്ങളായ വിശ്വാസികളെ ഇടവകക്കാർ എന്നും പറയുന്നു.
⚡3) കത്തീഡ്രൽ – കുറെ ഇടവകകൾ കൂടി ചേരുന്നതാണ് രൂപത. രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ആയിരിക്കും. ബിഷപ്പ് സ്ഥിരമായി  കുർബാന ചെല്ലുന്ന പള്ളി ആണ് കത്തീഡ്രൽ. സാധാരണ ഗതിയിൽ പള്ളിയേക്കാൾ വലിപ്പം കൂടും . വിശദമാക്കിയാൽ എപ്പിസ്കോപ്പൽ സഭകളിൽ ഒരു മെത്രാന്റെ കീഴിൽ വരുന്ന ഭരണപ്രദേശങ്ങൾക്ക് പറയുന്ന പേരാണ്‌ രൂപത അഥവാ ഭദ്രാസനം. ചില സഭകളിലിതു മഹായിടവക എന്നും അറിയപ്പെടുന്നു. എപ്പാർക്കി, എപ്പിസ്കോപ്പി, ഡയോസിസ് തുടങ്ങിയവ ഇതിനു തത്തുല്യമായ ഇംഗ്ലീഷ് പദങ്ങളാണ്. ഓരോ ഇടവകകളും അതത് രൂപതകളുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായോ , വലിപ്പംമൂലമോ പ്രധാനപ്പെട്ട രൂപത അതിരൂപത അഥവാ അതിഭദ്രാസനം (ആർച്ച് ഡയൊസിസ് ) എന്നും അതിരൂപത ഭരിക്കുന്ന ബിഷപ്പ് മെത്രാപ്പോലിത്ത എന്നും അറിയപ്പെടുന്നു.
മെത്രാപ്പോലീത്തയ്ക്ക് മറ്റു രൂപതകളുടെമേൽ മേൽനോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശങ്ങൾ എക്ക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസ് എന്നും അറിയപ്പെടുന്നു. 2003-ലെ കണക്കുകൾ പ്രകാരം റോമൻ കത്തോലിക്കാസഭയിൽ ഏതാണ്ട് 569 അതിരൂപതകളും 2014 രൂപതകളുമുണ്ട്.
⚡4) ബസിലിക്ക – പോപ്പ് നേരിട്ട് കുർബാനക്ക് നേതൃത്വം കൊടുക്കുന്ന/ കൊടുത്തിരുന്ന പള്ളികൾ ആണ് മേജർ ബസിലിക്കകൾ. ഇത് നാലെണ്ണം ആണ് ഉള്ളത് .അതെല്ലാം റോമിൽ ആണ്. (
⚡ആർച്ച് ബസിലിക്ക ഓഫ് സെൻ്റ് ജോൺ,
⚡സെൻ്റ് പീറ്റേഴ്സ് ബസിലിക്ക,
 ⚡ബസിലിക്ക ഓഫ് സെൻ്റ് പോൾ, ⚡ബസിലിക്ക ഡീ സാൻ്റ മരിയ)  . ഇതല്ലാതെ ചരിത്രപരവും , ആത്മീയപരവും ആയ കാരണങ്ങളാൽ പല ദേവാലയങ്ങൾക്കു മൈനർ ബസിലിക്ക പദവിയും നൽകിയിട്ടുണ്ട് . ചെന്നൈയിലെ സാന്തോം ബസിലിക്ക ഉദാഹരണം
നിര്‍മ്മാണപരമായി പറഞ്ഞാല്‍ ദീര്‍ഘചതുരാകൃതിയിലുള്ള നീണ്ട കെട്ടിടത്തേയാണ് ബസലിക്ക എന്ന് വിശേഷിപ്പിക്കുന്നത്. മുകളിലായി അര്‍ദ്ധവൃത്താകൃതിയിലോ , ബഹുഭുജകോണാകൃതിയിലോ ഉള്ള ഒരു താഴികകുടത്തോട് കൂടിയ ഇത്തരം കെട്ടിടങ്ങള്‍ പുരാതന റോമിലെ സാധാരണ കാഴ്ചയായിരുന്നു. ഈ താഴികകുടങ്ങളുടെ കീഴിലായിരിക്കും റോമന്‍ ചക്രവര്‍ത്തിമാരുടേയോ , ന്യായാധിപന്‍മാരുടേയോ ഇരിപ്പിടം.
ആദ്യകാലങ്ങളില്‍ ബസലിക്ക എന്ന വാക്കിന് മതവുമായോ , ദേവാലയവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. ‘ബസലിയോസ്‌’ എന്ന ഗ്രീക്ക്‌ വാക്കില്‍ നിന്നുമാണ് ബസലിക്ക എന്ന വാക്ക്‌ ഉത്ഭവിക്കുന്നത്. ‘രാജാവ്‌’ എന്നാണ് ഈ ഗ്രീക്ക്‌ വാക്കിന്റെ അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ ബസലിക്ക എന്നത് പരമാധികാരിയുടെ ഇരിപ്പിടമാണ്. പിന്നീട് യേശുവിന്റെ രാജത്വവുമായി ബന്ധപ്പെടുത്തി ക്രൈസ്തവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേദികള്‍ക്ക് ഈ കെട്ടിടത്തിന്റെ രൂപകല്‍പ്പനാ ശൈലി സ്വീകരിക്കുകയാണ് ഉണ്ടായത്‌.
 യഥാര്‍ത്ഥ ന്യായാധിപനും, ഭരണകര്‍ത്താവും ക്രിസ്തുവായതിനാല്‍ ക്രമേണ റോമന്‍ ന്യായാധിപന്‍മാരുടേയും , ചക്രവര്‍ത്തിമാരുടേയും സ്ഥാനം ക്രിസ്തുവിനു സമര്‍പ്പിക്കപ്പെടുകയായിരിന്നു.നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ലോകമാകമാനമായി എണ്ണമറ്റ കത്തോലിക്കാ ദേവാലയങ്ങള്‍ ഈ നിര്‍മ്മാണശൈലി സ്വീകരിച്ചു. അമേരിക്കയില്‍ മാത്രം ഏതാണ്ട് 86-ഓളം ബസലിക്ക ദേവാലയങ്ങള്‍ ഉണ്ട്. രണ്ടുതരം ബസലിക്കകള്‍ ഉണ്ട്.
⚡ മേജര്‍ ബസലിക്കകളും,
⚡മൈനര്‍ ബസലിക്കകളും.
റോമിലെ ചരിത്രപ്രാധാന്യമുള്ള ബസലിക്കകള്‍ മേജര്‍ ബസലിക്കകളില്‍ ഉള്‍പ്പെടുന്നു. സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ ജോണ്‍ ലാറ്ററന്‍, സെന്റ്‌ മേരി മേജര്‍, സെന്റ്‌ പോള്‍ തുടങ്ങിയ ബസലിക്കകളാണ് മേജര്‍ ബസിലിക്കകള്‍ക്ക് ഉദാഹരണം. എന്നാല്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും തന്നെ മൈനര്‍ ബസലിക്കകള്‍ കാണാവുന്നതാണ്.
ഭാരതത്തില്‍ 22 ദേവാലയങ്ങള്‍ക്കാണ് മൈനര്‍ ബസലിക്കാ പദവി ലഭിച്ചിട്ടുള്ളത്. ഒരു ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടണമെങ്കില്‍ പ്രാദേശിക മെത്രാന്റെ പ്രത്യേക അപേക്ഷ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കണം. മാര്‍പാപ്പയുടെ അനുമതിയോടെ മാത്രമാണ് ദേവാലയത്തെ മൈനര്‍ ബസലിക്കയായി ഉയര്‍ത്തുക. എന്നാല്‍ ആ ദേവാലയം കാഴ്ചക്ക്‌ മനോഹരവും, ചരിത്ര സമ്പുഷ്ടവുമായിരിക്കണമെന്നുണ്ട്. മറ്റ് ദേവാലയങ്ങളെ അപേക്ഷിച്ച് (കത്തീഡ്രല്‍ ദേവാലയങ്ങള്‍ ഒഴികെ) അപ്പസ്തോലിക മണിയും, കുടയും പ്രദക്ഷിണങ്ങളില്‍ ഉപയോഗിക്കുവാനുള്ള ചില പ്രത്യേക അവകാശങ്ങള്‍ ബസലിക്ക ദേവാലയങ്ങള്‍ക്കുണ്ട്.
അതേ സമയം ഓരോ രൂപതയുടേയും ആസ്ഥാന ദേവാലയത്തെയാണ് കത്തീഡ്രല്‍ എന്ന് വിളിക്കുന്നത്. മെത്രാന്റെ കേന്ദ്ര ദേവാലയവും ഇതാണ്. മെത്രാന്റെ ഇരിപ്പിടമെന്ന നിലയിലാണ് ദേവാലയത്തിന് കത്തീഡ്രല്‍ പദവി നല്‍കുക. രൂപതയുടെ ആസ്ഥാന പരിസരത്തെ ഏറ്റവും പഴക്കമുള്ള ദേവാലയമായിരിക്കും കത്തീഡ്രല്‍ ദേവാലയം. ‘ഇരിപ്പിടം’ എന്നര്‍ത്ഥം വരുന്ന ‘കത്തേഡ്രാ’ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നുമാണ് കത്തീഡ്രല്‍ എന്ന പദമുണ്ടായത്. ചില കത്തീഡ്രല്‍ ദേവാലയങ്ങള്‍ക്ക് ബസലിക്ക പദവിയും ഉണ്ടായിരിക്കും. വാസ്തവത്തില്‍ മാര്‍പാപ്പ മെത്രാനായിട്ടുള്ള റോം രൂപതയുടെ കത്തീഡ്രല്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയല്ല. സാങ്കേതികമായി പറഞ്ഞാല്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്ക റോം രൂപതയിലല്ല എന്നതാണ് ഇതിനു കാരണം. വത്തിക്കാന്‍ സിറ്റി എന്ന സ്വതന്ത്ര രാജ്യത്തിലാണ് സെന്റ്‌ പീറ്റേഴ്സ് ബസലിക്ക. റോം രൂപതയുടെ കത്തീഡ്രല്‍ സെന്റ്‌ ജോണ്‍ ലാറ്ററന്‍ ദേവാലയമാണ്. ചുരുക്കത്തില്‍ ഒരു രൂപതയില്‍ ഒന്നിലധികം മൈനര്‍ ബസലിക്കകള്‍ ഉണ്ടാകാമെങ്കിലും ഒരു കത്തീഡ്രല്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
സാധാ‌രണ ക്രിസ്ത്യൻ ദേ‌വാലയങ്ങളേക്കാൾ ഉയർന്ന സ്ഥാനമാണ് ബസിലിക്കൾക്കുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേവലയങ്ങളെ ബസിലിക്കകളായി ഉയ‌ർത്തിയത് കേര‌ളത്തിൽ ആ‌ണ്. കേ‌രളത്തിൽ ആകെ 8 ബസിലിക്കകളും ഒരു മൈനർബസിലിക്കകളുമാണുള്ളത്.
 ഇവയിൽ രണ്ട് ബസിലിക്കകൾ രൂപതകളുടെ ആസ്ഥാനമായ കത്തീഡ്രലുകളുമാണ്.
⚡സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക (1112 AD ) :കേരളത്തിലെ പഴക്കം ചെ‌ന്ന ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒന്നാണ് എറണാകുളത്തെ സെയിന്റ് മേരീസ് സീറോ മലബാർ ബസിലിക്ക. നസ്രാണി പള്ളി, അഞ്ചുകൈമൾ പള്ളി, തേ‌ക്കേപ്പള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്നു
⚡സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക (1505 AD ):എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക ഒരു ടൂറിസ്റ്റ് ആകർഷണം കൂടിയാണ്. ഗോഥിക് ശൈലിയിലാണ് ഈ ബസിലിക്ക നിർമ്മിച്ചിരിക്കുന്നത്.
⚡പുത്തൻപള്ളി (1929 ):ഈ പള്ളി ഒരു മൈനർ ബസിലിക്കയാണ്. ഔർ ലേഡീ ഓഫ് ഡോളസ് എന്നാണ്  അറിയപ്പെടുന്നത്. ഗോഥിക് ശൈലിയിൽ നിർമ്മിക്കപ്പെട്ട ഈ പള്ളിയുടെ 260 അടി ഉയരമുള്ള ബൈബിൾ ടവർ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്.
⚡വല്ലാർപാടം പള്ളി (1524 AD ):കൊച്ചി നഗ‌രത്തിൽ ‌നിന്ന് 4 കിലോമീറ്റർ അകലെയായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത് . പ്രശസ്തമായ ഗോശ്രീ പാലങ്ങൾ കടന്ന് വേണം ഇവിടെ എത്തിച്ചേരാൻ. 1524ൽ പോർചുഗീസുകാർ നിർമ്മി‌ച്ച പള്ളി വെള്ളപൊക്കത്തിൽ ഒലിച്ച് പോയതിനേത്തുടർന്ന് 1676ൽ ആണ് ഈ പള്ളി പുനർനിർമ്മിച്ചത്. വല്ലാർപാടത്തമ്മ എന്നാണ് തദ്ദേശിയർ  വിളിക്കുന്നത്.
⚡മഞ്ഞുമാതാവിന്റെ ബസിലിക്ക, (1507 AD ) : പള്ളിപ്പുറം കോട്ടയിൽ നിന്ന് 500 മീറ്റർ അകലെ മാറിയാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. വല്ലാർപ്പാടം പള്ളിയിൽ നിന്ന് 34 കിലോമീറ്ററും  ,ചേറായി ബീച്ചിൽ നിന്ന് 3 കിലോമീറ്ററും അകലെയായാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. 1507 AD യിൽ പോർച്ചുഗീസുകാരാണ് ഇവിടെ ആദ്യത്തെ പള്ളി പണി‌തത്. 1931ൽ ആണ് ഇപ്പോൾ കാണുന്ന ഗോഥിക് ശൈലിയിൽ ദേവാലയം പുതുക്കി നിർമ്മിച്ചത്.
⚡സെയിന്റ് മേരി, ക്യൂൻ ഓഫ് പീസ് ബസിലിക്ക (1933 ):തിരുവനന്ത‌പുരം പാളയത്താണ് ഈ പ‌ള്ളി സ്ഥിതി ചെയ്യുന്നത്. 2008ൽ ഈ ആണ് പള്ളിയെ ഒരു ബസിലിക്ക ആയി ആംഗീകരിച്ചത്. തകര ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂരയായിരുന്നു ഇവിടുത്തെ പ‌ഴയ പള്ളിയുടേത്. അതിനാൽ തകര‌പള്ളി എന്നും ഈ പള്ളി അറിയപ്പെടുന്നുണ്ട്.
⚡സെന്റ് ജോർജ് ബസിലിക്ക, അങ്കമാലി (450 AD ) : 1567ൽ നിർമ്മിക്കപ്പെട്ട പള്ളി 2006ൽ പുതുക്കി നിർമ്മിച്ചിരുന്നു.
⚡ചമ്പക്കുളം വലിയ പള്ളി (427 AD ):
കേരളത്തിലെ കാത്തലിക് സിറിയന്‍ ദേവാലങ്ങളുടെ മാതൃദേവാലയമായിട്ടാണ് ഈ പള്ളിയെ കണക്കാക്കുന്നത്.  പലകാലങ്ങളില്‍ ദേവാലയത്തില്‍ പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ട്.
⚡അർ‌ത്തുങ്കൽ പള്ളി (1581 AD ):ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു കടലോര പ്രദേശമാണ് അർത്തുങ്കൽ. ചേർത്തലയിൽ നിന്ന് 22 കിലോമീറ്ററും. ആലപ്പുഴയിൽ നിന്ന് 22 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 48 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.  മരവും ഓലയും കൊണ്ടായിരുന്നു ആദ്യത്തെ ദേവാലയം നിർമ്മിച്ചത്. 1950ൽ ആണ് ഇപ്പോഴു‌ള്ള ദേവാലയം നിർമ്മിച്ചത്.
വാൽ കഷ്ണം
ഒരു രൂപതയുടെ (ഭദ്രാസനത്തിന്റെ) അധിപനായ പ്രധാന പുരോഹിതൻ (മേല്പട്ടക്കാരൻ) ആണ് മെത്രാൻ അഥവാ ബിഷപ്പ്. ഈ സ്ഥാനം എപ്പിസ്ക്കോപ്പാ എന്നും അറിയപ്പെടുന്നു. മേൽനോട്ടക്കാരൻ എന്നർത്ഥമുള്ള എപ്പിസ്കോപ്പോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിസ്ക്കോപ്പാ എന്ന പദം ഉണ്ടായിട്ടുള്ളത്. മെത്രാൻ, ബിഷപ്പ്, എപ്പിസ്കോപ്പ എന്നീ വാക്കുകൾ മേല്പട്ടക്കാരൻ എന്നതിന്റെ പര്യായ പദങ്ങൾ ആണ്. വിവിധ സഭകൾ വിവിധ പേരുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം.
റോമൻ കത്തോലിക്കാ സഭയിൽ ഒരു രൂപതയുടെ മേൽ പൂർണ അധികാരമുള്ള മെത്രാനെ നിയമിക്കുന്നത് മാർപ്പാപ്പയാണ്. ഓരോ ബിഷപ്പും നേരിട്ട് മാർപ്പാപ്പയോട് വിധേയനായിരിക്കുന്നു. ആർച്ച് ബിഷപ്പിന് ഒരു ബിഷപ്പിന് മേൽ നാമമാത്രമായ അധികാരമേയുള്ളു.കേരളത്തിലെ ഓർത്തഡോക്സ് സഭകളിൽ മെത്രാൻ അറിയപ്പെടുന്നത് മെത്രാപ്പോലിത്തയെന്നാണ്. മെത്രാപ്പോലീത്തയാണ് ഒരു ഭദ്രാസനത്തിന്റെ അധിപൻ.ചർച്ച് ഓഫ് സൗത്ത് ഇന്ത്യ അഥവാ സി.എസ്.ഐ സഭയിൽ മെത്രാൻ അറിയപ്പെടുന്നത് ബിഷപ്പ് എന്നാണ്
ക്രിസ്തീയ സഭകളിൽ ഒരു അതിഭദ്രാസനത്തിന്റെ (അതിരൂപതയുടെ) അധിപനായുള്ള വലിയ മേല്പ്പട്ടക്കാരൻ ആണ് മെത്രാപ്പോലീത്ത അഥവാ ആർച്ച്ബിഷപ്പ്. മെത്രാപ്പോലീത്തമാർ സാമന്ത ഭദ്രാസനങ്ങളിലെ മെത്രാന്മാരുടെ മേലധികാരികളാണ്.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ഭദ്രാസന അധിപന്മാരെ എപ്പിസ്കോപ്പ എന്ന് അറിയപ്പെടുന്നു. ക്രൈസ്തവ സഭകളുടെ ആദിമ കാലത്ത് തന്നെ എപ്പിസ്ക്കോപ്പാ,കശ്ശീശ്ശാ,ശെമ്മാശ്ശൻ എന്നീ പുരോഹിത സ്ഥാനങ്ങൾ രൂപപ്പെട്ടിരുന്നു.

Back to top button
error: