സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മറ്റ് ദൈനംദിന ആവശ്യങ്ങളും മുടങ്ങുന്നതുൾപ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രധനകാര്യമന്ത്രാലയം സംസ്ഥാനത്തിന് അനുമതി നൽകി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്ക്കാര് തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല.
നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്രസര്ക്കാര് അനുമതി നൽകിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ എല്ലാ അർത്ഥത്തിലും ഞെരുക്കുകയാണെന്ന് മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. പൊതുവിപണിയിൽനിന്ന് കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കിഫ്ബി, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ വഴി എടുക്കുന്ന കടങ്ങളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് പൊതുവിപണിയിൽനിന്ന് കടമെടുപ്പിനുള്ള അനുമതി വൈകിപ്പിച്ചതെന്നാണ് സൂചന. കൊവിഡ് കാലത്ത് അനുവദിച്ച അധിക വായ്പയുടെ കാര്യത്തിലും വ്യക്തത ആവശ്യപ്പെട്ടിരുന്നു.
പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ അനുമതി വൈകുന്നത് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏപ്രിലിൽ 1000 കോടിയും മേയിൽ രണ്ടു തവണയായി 3000 കോടിയുമാണ് വായ്പ എടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇവയൊന്നും സാധിക്കാതെ വന്നതോടെ ട്രഷറി നിയന്ത്രണം അടക്കം ഏർപ്പെടുത്തിയാണ് പിടിച്ചു നിന്നത്.