KeralaNEWS

അഭിഭാഷകൻ്റെ ആത്മഹത്യ, വയനാട്ടിൽ ജനരോഷം ഇരമ്പുന്നു. ആത്മഹത്യയിൽ പങ്കില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

പുൽപ്പള്ളി: കല്‍പ്പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ.പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന വയനാട് സുൽത്താൻ ബത്തേരി ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ അഡ്വ.ടോമിയുടെ(56) മരണത്തിൽ ജനരോഷം ഇരമ്പുന്നു.

വീട്ടിലെ സ്വീകരണമുറിയിൽ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ പുഷ്പയെ പിതൃവീട്ടിലേക്ക് അയച്ച ശേഷം ടോമി സ്വന്തം വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു.

ടോമിക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖയിൽ ഭവന വായ്പ കുടിശിഖ 16 ലക്ഷം രൂപയുണ്ടായിരുന്നു. ബാധ്യത തീര്‍ത്തില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മൂന്നു ലക്ഷം രൂപ ബാങ്കില്‍ അടച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. വീടും സ്ഥലവും വിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നും അറിയിച്ചു. എങ്കിലും കഴിഞ്ഞ ദിവസം ടോമിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാങ്കിൻ്റെ ഈ പിടിവാശിയാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. മാനസികമായി തകര്‍ന്നതാണ് ടോമി ജീവനൊടുക്കാന്‍ കാരണമായത്.
ടോമിയുടെ രണ്ടു പെണ്‍മക്കളില്‍ മൂത്തവൾ അനുസ്മിത വിവാഹിതയാണ്. ഇളയവൾ അന്ന വിദ്യാര്‍ഥിനി.

മാനുഷിക പരിഗണന നൽകാതെ ബാങ്കും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സമ്മർദ്ദത്തിലാക്കിയതാണ് അഡ്വ. ടോമി ആത്മഹത്യ ചെയ്യാൻ കാരണമെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
പൂതാടി ഇരുളം വില്ലേജിൽ താമസിക്കുന്ന മുണ്ടാട്ടുചുണ്ടയിൽ അഡ്വ.ടോമി പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ ലോൺ എടുത്തു. സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം പണം തിരിച്ചടക്കാനായില്ല. പലിശയും, പിഴ പലിശയുമടക്കം 32 ലക്ഷത്തോളം രൂപ അടക്കാനാണ് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടത്. തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ചോദിച്ചെങ്കിലും ഒരു ദിവസത്തെ സാവകാശം പോലും നൽകാനാവില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിക്കുകയും, പോലീസുകാരുമായി എത്തി ജപ്തിഭീഷണി മുഴക്കി കുടുംബത്തെ മാനസികമായി പീഡിപ്പിക്കുകയും, യാതൊരു മാനുഷിക പരിഗണനയും നൽകാതെ ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ഭാഗത്ത് നിന്നും വളരെ മോശമായ സമീപനം ഉണ്ടാകുകയും ചെയ്തതായി സമീപ വാസികൾ പറയുന്നു. ബാങ്ക് അധികൃതർ സ്ഥലത്തെത്തിയപ്പോൾ പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇടപെട്ട് 4 ലക്ഷം രൂപ കടം വാങ്ങിയാണ് ബാങ്ക് അധികൃതർക്ക് നൽകിയത്. സ്ഥലം വിറ്റ് 10 ദിവസത്തിനുളളിൽ ബാക്കി തുക നൽകാമെന്ന ജനപ്രതിധിനികളുടെ ഉറപ്പിന്മേൽ അധികൃതർ തിരിച്ചു പോയി. രണ്ട് പെൺ മക്കളടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആകെ 5 സെന്റ് ഭൂമിയാണുള്ളത്. ഈ വസ്തു പണയപ്പെടുത്തിയാണ് ലോൺ എടുത്തത്. ഈ കാര്യത്തിൽ സമൂഹമധ്യമങ്ങളിൽ അപമാനിതനായതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ഗത്യന്തരമില്ലാതെ ഇദ്ദേഹം വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കണമെന്നും വ്യക്തമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, നിരാലംബരായ കുടുംബത്തിന്റെ കടബാധ്യത സർക്കാർ ഏറ്റെടുക്കുന്നതിനും ആവശ്യമായ നടപടിയുണ്ടാകണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.

ഇതിനിടെ വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിൻ്റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ബാങ്ക് ജീവനക്കാരുടെ ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണം.

അഡ്വ. എ.വി ടോമിയുടെ മരണത്തിന് ഉത്തരവാദികളായ സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരെയും, സർക്കാർ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. അഡ്വക്കേറ്റ് കെ.എം മനോജ് ഉദ്ഘാടനം ചെയ്തു. ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

ഈ സംഭവത്തെക്കുറിച്ചുള്ള വിശദീകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ന് രംഗത്തു വന്നു. ടോമിയുടെ അപ്രതീക്ഷിത മരണം ദൗര്‍ഭാഗ്യകരവും അതീവ ദുഃഖകരവുമാണ്. കുടുംബത്തെ ഞങ്ങളുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ഈ ഉപഭോക്താവ് നേരിട്ട പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആറു വര്‍ഷമായി ബാങ്ക് ശ്രമിച്ചു വരികയായിരുന്നു. ഉപഭോക്താവ് നല്‍കിയ ഉറപ്പിന്‍മേല്‍ ഇതുവരെ അദ്ദേഹത്തിന്റെ സ്വത്ത് ബാങ്ക് ജപ്തി ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച ബാങ്കിന്റെ വിശദീകരണം ചുവടെ ചേര്‍ക്കുന്നു.
ടോമി എം വിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ 10 ലക്ഷം രൂപയുടെ ഭവന വായ്പയും രണ്ട് ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വായ്പയും നിലവിലുണ്ട്. തിരിച്ചടവ് തെറ്റിയതിനാല്‍ 2015 ഡിസംബർ 31ന് ഈ വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി തരംതിരിച്ചിരുന്നു. തുടര്‍ന്ന് തുക വീണ്ടെടുക്കാന്‍ നിയമപ്രകാരമുള്ള സര്‍ഫാസി നടപടികള്‍ തുടങ്ങുകയും ചെയ്തു. വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയ ശേഷം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ സൗത്ത് ഇന്ത്യന്‍ ബാങ്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതു രമ്യമായി സെറ്റില്‍ ചെയ്യാന്‍ ശ്രമിച്ചു വരികയായിരുന്നു. ഇതു പ്രകാരം തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു. ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത് കോടതി ഉത്തരവ് പ്രകാരം പൂര്‍ണമായും നിയമപരമായാണ്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം ജപ്തി ചെയ്യാൻ ജമീലയെ കോടതി നിയോഗിക്കുകയും ചെയ്തു. ഇതു പ്രകാരം തുടര്‍ നടപടികള്‍ക്കായി 2022 മെയ് 11ന് അഡ്വക്കറ്റ് കമ്മീഷണര്‍, പോലീസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഈട് വസ്തു സന്ദര്‍ശിച്ചു. ഉപഭോക്താവും പ്രദേശത്തെ പ്രധാന വ്യക്തികളുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ 16 ലക്ഷം രൂപ തിരിച്ചടക്കാന്‍ ഉപഭോക്താവ് സന്നദ്ധത അറിയിക്കുകയും ഈ തുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആദ്യഗഡു എന്ന നിലയില്‍ ഇതേദിവസം തന്നെ നാല് ലക്ഷം രൂപ ഉപഭോക്താവ് അടച്ചു. നിശ്ചിത ദിവസത്തിനകം തുക തിരിച്ചടക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് ഉപഭോക്താവും മധ്യസ്ഥരും ഒപ്പുവച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന് നല്‍കുകയും ചെയ്തു. ഈ ഉറപ്പിന്‍മേല്‍ ജപ്തി നടപടികള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നിര്‍ത്തിവെക്കുകയും രണ്ട് ഘട്ടങ്ങളായി വിഷയം രമ്യമായി പരിഹരിക്കാമെന്ന് സമ്മതിച്ച് ഇതിലേക്കുള്ള മുന്‍കൂര്‍ തുക കൈപ്പറ്റുകയും ചെയ്തിട്ടുള്ളതാണ്. ഈ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ ഉപഭോക്താവിനു മേല്‍ ബാങ്ക് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. രമ്യമായി വിഷയം തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: