കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഹോളി ആഘോഷത്തിനിടയിൽ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ മൂന്നാം വർഷ ബിവോക് വിദ്യാർഥി മാനവ് അഷ്റഫിനു 4 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്താൻ തീരുമാനം. ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയുടെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സർവകലാശാലയുടെ നടപടി. കർശന നടപടി സ്വീകരിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാർച്ച് 18ന് അമിനിറ്റി സെന്ററിന്റെ മുന്നിൽ നടത്തിയ ആഘോഷത്തിനിടയിലായിരുന്നു 2 വിദ്യാർഥിനികളോടു മാനവ് അപമര്യാദയായി പെരുമാറിയത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാനവിനെ സസ്പെൻഡ് ചെയ്തിരുന്നു.വിദ്യാർഥിനികളുടെ പരാതിയിൽ മാനവിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.