LIFEMovie

ഹേമാ കമ്മീഷൻ സത്യത്തില്‍ ആര്‍ക്കു വേണ്ടി.? എന്താണ്‌ സിനിമ ലോകത്ത് നടക്കുന്നത്!

5 വ‍ർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ തിരക്കേറിയ റോഡിൽ നടി കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ പലരും പരസ്പരം പറഞ്ഞു അന്ത്യന്തം ദാരുണവും പൈശാചികവും മൃഗീയവും എന്നൊക്കെ. സിനിമാമേഖലയിൽ സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളാൽ തന്നെ ഒരു സംഘടനയും അതോടെ പിറവി കൊണ്ടു – WCC.

നടിആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ തന്നെ കണ്ട് നിവേദനം നല്‍കി.

അതോടെ സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ ഒരു കമ്മീഷനെ രൂപീകരിച്ചു 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനായിരുന്നു അത്, ജസ്റ്റിസ് ഹേമ കമ്മീഷൻ. അഞ്ച് കൊല്ലങ്ങള്‍ക്കിപ്പുറം ഹേമ കമ്മീഷന്‍റെ സ്ഥിതിയെന്താണ്.?

ഒരു സിനിമാ വ്യവസായത്തിനുള്ളിലെ പ്രവർത്തനങ്ങളും സ്ത്രീകളുടെ പ്രശ്നങ്ങളും പരിശോധിക്കാൻ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ നിലവിൽ വന്നത് ആദ്യമായിട്ടായിരുന്നു. സിനിമാ മേഖലിയിലെ സ്ത്രീകള്‍ നിത്യേന നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെയാണെന്നായിരുന്നു കമ്മീഷൻ പഠിച്ചത്. സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്ത് സജീവമായുള്ള നിരവധി ആളുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തുകയുണ്ടായി. സിനിമാ മേഖലയിലെ നിരവധി വനികള്‍ തങ്ങള്‍ക്ക് സെറ്റുകളിൽ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് കമ്മീഷനോട് വിവരിച്ചതായാണ് ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ അത് ചെയ്തവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിലായിരുന്നു അത്. സിനിമമേഖലയ്ക്കുള്ളിൽ ലിംഗാടിസ്ഥാനത്തിൽ വേതനത്തിലുള്ള വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ നൽകാത്തത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ കമ്മീഷൻ പരിശോധിച്ചു. സിനിമാ മേഖലയിലുള്ള അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷന്‍

2019 ഡിസംബർ 31 നാണ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ 300 പേജുള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സാധൂകരിക്കുന്നതിനായുള്ള രേഖകളും മൊബൈൽ സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും അടക്കമാണ് ഇത് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് പരസ്യമാക്കിയില്ല, എന്നിരിക്കിലും അവസരങ്ങൾക്കായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുന്ന ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിലുണ്ടെന്ന് കമ്മീഷന്‍റെ കണ്ടെത്തലുകളിലുണ്ടായിരുന്നു. മാത്രമല്ല സിനിമാ സെറ്റുകളിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗം വ്യാപകമായുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷിക്കാൻ ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്നുൾപ്പെടെ കമ്മീഷൻ സർക്കാരിനോട് ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവും അവരുടെ പ്രശ്നങ്ങളും പഠിക്കുന്നതിനായി രൂപീകരിച്ച ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപയാണ്. 2017 മുതല്‍ 2020 വരെയുള്ള കമ്മീഷന്‍റെ ചെലവ് 1,06,55000 രൂപയാണെന്ന് അടുത്തിടെ പുറത്തുവന്ന വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷൻ അധ്യക്ഷയായിരുന്ന ജസ്റ്റിസ് ഹേമ പത്ത് തവണയായി 1,03,22254 രൂപ കൈപ്പറ്റിയതായും രേഖകളിലുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണവും മറ്റുമൊക്കെ നടന്നെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതാണ് വസ്തുത ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ഡബ്ലൂസിസിയുടെ ചോദ്യത്തിന് റിപ്പോര്‍ട്ട് നടപ്പാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുമുള്ള മറുപടി. പ്രതിഷേധങ്ങൾ പലരിൽ നിന്നായി ഉയര്‍ന്നതോടെ റിപ്പോര്‍ട്ട് വിശദമായി പഠിക്കാൻ ഒരു മൂന്നംഗ സമിതി രൂപീകരിച്ചിട്ടുമുണ്ട് സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: