HealthNEWS

മൈഗ്രേൻ അത്ര നിസ്സാര രോഗമല്ല, മൈഗ്രേന്‍ അകറ്റാൻ ഇഞ്ചി ഉത്തമ ഔഷധം

ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളെ ബാധിക്കുന്ന സാധാരണ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. മൈഗ്രേൻ ബാധിക്കുന്ന എല്ലാവർക്കും അത് കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല. സാധാരണ തലവേദനയിൽ  നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകൾ മൈഗ്രേൻ വരുമ്പോൾ അനുഭവിക്കുന്നത്.

മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചിലരിൽ മൈഗ്രേന്റെ വേദന ദിവസങ്ങളോളം നീണ്ടു നിൽക്കും. മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമായി തലയുടെ ഒരു വശത്ത് കഠിനമായവേദന അനുഭവപ്പെടും.  എന്നാൽ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേൻ യഥാസമയം തിരിച്ചറിഞ്ഞ് ഉടൻ തന്നെ വേണ്ട ചികിത്സ നൽകിയാൽ വേദന കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

മൈഗ്രേൻ അപകടകരമായി തീരുന്ന സാഹചര്യത്തിൽ ശരീരത്തിൽ മറ്റ് നിരവധി ലക്ഷണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്കണ്ഠ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ ലക്ഷണങ്ങൾ അതിൽ ഉൾപ്പെടുന്നു. ചിലരിൽ കുറച്ച് സമയത്തേക്ക് വിഷാദവും അനുഭവപ്പെടും.

മൈഗ്രേൻ ബാധിക്കുന്ന വ്യക്തിയ്ക്ക് വെളിച്ചമോ ശബ്ദമോ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് നേരിടും. അത്തരം സാഹചര്യങ്ങളിൽ തലവേദന കൂടുതലായി അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ആ സമയത്ത് അവരിൽ ആശയക്കുഴപ്പങ്ങളും ദാഹവും അനുഭവപ്പെടും.
ചിലർക്ക് തലവേദനയുടെ സമയത്തോ അതിനു ശേഷമോ കാഴ്ച മങ്ങുകയോ കൈയിൽ സൂചി കുത്തുന്നതുപോലെ തോന്നുകയോ ചെയ്യും. മറ്റ്ചിലർക്ക് ശരീരത്തിലോ മുഖത്തോ മരവിപ്പും ഉണ്ടാകാറുണ്ട്.

മാനസിക സമ്മർദ്ദം, ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുക, വെയിൽ കൊള്ളുക, സ്‌ക്രീൻ അധികനേരം ഉപയോഗിക്കുക ഇങ്ങനെ നിരവധി സാഹചര്യങ്ങൾ കാരണം പലരിലും മൈഗ്രേൻ ഉണ്ടാകാം. രോഗം ബാധിച്ചാൽ ദീർഘകാലത്തേക്ക് ഈ അസുഖം ഉണ്ടാകും. ചുമയ്ക്കുമ്പോഴോ ചില ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ കഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കണ്ടു ചികിൽസിക്കേണ്ടതാണ്.

ഈ അവസ്ഥ ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. എന്നാൽ മൈഗ്രേൻ സാധാരണയായി കൗമാരപ്രായത്തിലാണ് ആരംഭിക്കുന്നത്. 30 വയസ്സിനോടടുത്ത് മൈഗ്രേൻ ഇടക്കിടക്ക് ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ വാർദ്ധക്യത്തിൽ മൈഗ്രേൻ വരാനുള്ള സാധ്യത കുറവാണ്. കൗമാര പ്രായത്തിലുള്ളവരിലും യുവാക്കളിലുമാണ് മൈഗ്രേൻ കൂടുതലായി കാണപ്പെടുന്നത്.

മൈഗ്രേന്‍ അകറ്റാൻ ഇനി ഇഞ്ചി

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രേന്‍ അകറ്റാമെന്നു മാത്രമല്ല സന്തോഷവും വീണ്ടെടുക്കാം. ഭക്ഷണക്രമവും മൈഗ്രേനും തമ്മില്‍ ബന്ധമുണ്ട്. നാം കഴിക്കുന്ന പല ആഹാരങ്ങളും പലപ്പോഴും മൈഗ്രേന്‍ ഉത്തേജന വസ്തുക്കളാകാം. അതുപോലെ തന്നെ ഒന്ന് ശ്രദ്ധിച്ചാല്‍ ചില ആഹാര പദാര്‍ത്ഥങ്ങള്‍ വഴി മൈഗ്രേന്‍ അകറ്റുകയും ചെയ്യാം. മൈഗ്രേന്‍ തടയാന്‍ ഉത്തമ ഔഷധമാണ് ഇഞ്ചി. നാട്ടുവൈദ്യത്തിന് മാത്രമല്ല, ഇഞ്ചി മൈഗ്രേന്‍ പോലുള്ള തലവേദനയ്ക്ക് പരിഹാരം നൽകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പാകം ചെയ്യാത്ത പച്ച ഇഞ്ചി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൈഗ്രേന്‍ മൂലമുണ്ടാകുന്ന വേദനയും തീവ്രതയും കുറയ്ക്കും. മാത്രമല്ല, തലവേദന ഉണ്ടാകുന്ന തവണകളും കുറയും. വേദന സംഹാരിയായ ആസ്പിരിന്റെ സമാന പ്രവര്‍ത്തനമാണ് ഇഞ്ചിയുടേത്.
മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് ഇഞ്ചി അരച്ച് നെറ്റിയില്‍ പുരട്ടുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിനീര് കുടിക്കുന്നതും തലവേദനയ്ക്ക് മാത്രമല്ല, ദഹനത്തിനും ഉത്തമമാണ്.

കാപ്പി, ചോക്ലേറ്റ് പോലുള്ള ഭക്ഷണപാനീയങ്ങള്‍ മൈഗ്രേന്‍ ഉത്തേജിപ്പിക്കുന്നവയാണ്. ഇതുകൂടാതെ, വ്യക്തികള്‍ക്കനുസൃതമായി ചില ആഹാര പദാര്‍ത്ഥങ്ങള്‍ ചിലരില്‍ ബുദ്ധിമുട്ട് കൂടുതലുണ്ടാക്കും. സ്ഥിരമായി മൈഗ്രേന്‍ ഉണ്ടാകുന്നവര്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൂടാതെ, ചായ, കാപ്പി, ചോക്ലേറ്റ് എന്നിവയും കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ആഹാരം കഴിച്ച് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തലവേദന വരുന്നെങ്കില്‍ ഏത് ആഹാരമാണ് ബുദ്ധിമുട്ടുണ്ടാക്കുക എന്ന് നിരീക്ഷിച്ച് കണ്ടെത്തുക. ഇവ പിന്നീട് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാം.

ഡോ. മഹാദേവൻ

Back to top button
error: