KeralaNEWS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന ആറ്റംബോംബ്… റിപ്പോർട്ട് പുറത്ത് വന്നാൽ ആരുടെ ശിരസ്സുകളാണ് നിലത്ത് വീണ് ഉരുളുന്നത്…? റിപ്പോർട്ടിലുള്ള പീഡന വീരന്മാരായ 15 പേരെ തനിക്കറിയാമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര

   ഇപ്പോൾ മലയാള ചലച്ചിത്ര രംഗത്തെ സജീവ ചർച്ച വിഷയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണ്. റിപ്പോർട്ട് പുറത്ത് വിടണമെന്നും വേണ്ടെന്നും രണ്ടഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെ കത്തിപ്പടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ശക്തമായി വാദിക്കുന്നു.
പക്ഷേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടില്ലെന്നും വകുപ്പു മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ പീഡനപരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച്‌ വർഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി രൂപീകരിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിനെ തുടർന്നാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷന്‍ 2019 ല്‍ 500 പേജുള്ള റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി.

ഈ റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ, നിഗമനങ്ങൾ ഇവ അറിയണമെന്നും വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) ശക്തമായി വാദിച്ചു. എന്നാൽ, റിപ്പോർട്ട് പുറത്തുവിടില്ലെന്ന നിലപാടിലായിരുന്നു മന്ത്രി സജി ചെറിയാൻ.

തുടർന്ന് നടന്ന പത്രസാമ്മളനത്തിൽ യോഗം നിരാശാജനകമെന്ന് നടി പത്മപ്രിയയും ബീനാ പോളും പ്രതികരിച്ചു. കമ്മിഷൻ നിർദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ലെന്ന് ഇരുവരും പറഞ്ഞു.

മക്ടയെ പ്രതിനിധീകരിച്ച് നേമം പുഷ്പരാജും, അപർണാ രാജീവും യോഗത്തിൽ പങ്കെടുത്തു. എന്നാൽ സിനിമാ മേഖലയിലെ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷനെ യോഗത്തിൽ ക്ഷണിക്കാഞ്ഞതിൽ ബൈജു കൊട്ടാരക്കര ഉൾപ്പടെയുള്ളവർ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് പീഡന വീരന്മാരെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് മാക്ട ഫെഡറേഷൻ അഭിപ്രായപ്പെട്ടു.
പ്രസ്താവനയുടെ പൂർണ രൂപം:

“മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ വിളിച്ചു ചേർത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്നും മാക്ട ഫെഡറേഷനെ ബോധപൂർവ്വം  ഒഴിവാക്കി. ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയിൽ 19 യൂണിയനുകളിലായി 6000 അംഗങ്ങളുണ്ടെന്നും ബൈജു കൊട്ടാരക്കര ചൂണ്ടികാട്ടി.
സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെയോ കോര്‍പൊറേഷൻ്റെയോ   ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേര് സംരക്ഷിക്കാനാണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷൻ സംശയിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞന്നത്.

ഈ പീഡകവീരന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച്‌ പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിൽ മാക്ട ഫെഡറേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു… ”

ഹേമ കമ്മിറ്റിക്കു പരാതി നൽകിയ പെൺകുട്ടികൾ, അമ്മയുടെ ചില അംഗങ്ങളുടെ പേരുകളും ശക്തമായ ആരോപിച്ചിട്ടുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ‘ന്യൂസ്ദെൻ’ ലേഖകനോടു പറഞ്ഞു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും ഇതിൽ വില്ലന്മാരാണെന്ന് ബൈജു ആരോപിച്ചു.

‘അമ്മ’യ്ക്ക് യോജിപ്പ്, ഫിലിം ചേംബറിന് വിയോജിപ്പ്

ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ 90 ശതമാനത്തോടും യോജിക്കുന്നുവെന്ന് നടൻ സിദ്ദിഖ് പ്രതികരിച്ചു. 10 ശതമാനത്തിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട്. അവ നടപ്പാക്കാനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ചർച്ചയേയും നിർദ്ദേശങ്ങളേയും സ്വാഗതം ചെയ്യുന്നു. കമ്മിഷന്റെ കണ്ടെത്തലുകൾ പുറത്തുവിടുന്നതിൽ ‘അമ്മ’യ്ക്ക് എതിർപ്പില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ഭൂരിപക്ഷം നിർദേശങ്ങളും നടപ്പാക്കുന്നതിൽ തടസ്സമില്ല എന്ന് ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ്‌കുമാർ യോ​ഗത്തിന് ശേഷം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ല. അടൂർ ഗോപാലകൃഷ്ണൻ സമിതി നിർദേശം ആണ് റെഗുലേറ്ററി അതോറിറ്റി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം അറിയേണ്ട കാര്യമില്ല. സർക്കാർ കൃത്യമായ നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും സുരേഷ് കുമാർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സർക്കാരിനെ ദേശീയ വനിതാ കമ്മീഷൻ രേഖ ശർമ്മ വിമർശിച്ചു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.

മറുപടി ലഭിച്ചില്ലെങ്കില്‍ സമിതിയെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ താന്‍ കേരളത്തിലേക്ക് വരുമെന്നും രേഖ ശർമ്മ  പറഞ്ഞു. വിഷയത്തില്‍ മന്ത്രി പി രാജീവിന്‍റെ ന്യായീകരണം വനിതാ കമ്മീഷന്‍ തള്ളി. കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്നത് ചട്ടമാണെന്നും വാർത്ത സമ്മേളത്തില്‍ രേഖ ശർമ്മ വ്യക്തമാക്കി. ഡബ്ല്യു.സി.സി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

അതിനിടെ, റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞത് വിവാദമായി. റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നു എന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്, റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം എന്നിവയാണ്  മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യു.സി.സി പറഞ്ഞത്.

Back to top button
error: