NEWS

നാളെ ലോക പത്രസ്വാതന്ത്ര്യ ദിനം

1993 മുതൽ എല്ലാവർഷവും മെയ് മൂന്നിന് ലോക പത്രസ്വാതന്ത്ര ദിനമായി ആചരിക്കുന്നു.ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.ഭീഷണിയും അടിച്ചമർത്തലുംകൊണ്ട്‌ വരുതിയിലാക്കാൻ കഴിയാത്തത്ര കരുത്തും അംഗീകാരവും ഇന്ന് മാധ്യമ മേഖലയ്ക്കുണ്ട്.
വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയാണ്‌ പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌.പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌.ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം.ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌.1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ പത്രം ബംഗാൾ ഗസറ്റാണ്.1780 ജനുവരി 29-നാണ് അതിന്റെ പിറവി.രാജ്യ സമാചാരം ആണ് മലയാളത്തിലെ ആദ്യത്തെ പത്രം(1847).1848-ൽ കോട്ടയത്ത് നിന്നും ജ്ഞാനദീപം പുറത്തു വന്നു.പശ്ചിമ താരക(1865),കേരള പതാക (1870), മലയാള മിത്രം (1878),കേരള മിത്രം (1881) നസ്രാണി ദീപിക (ഇന്നത്തെ ദീപിക-1887), മലയാള മനോരമ (1890) ഇവയൊക്കെയാണ് ആദ്യകാല മലയാള പത്രങ്ങൾ.
 
 
പഴയകാലത്തിൽ നിന്നും വിത്യസ്തമായി മാധ്യമപ്രവർത്തനത്തിന്റെ ഒരു ബദൽ വേദിയായി ഓൺലൈൻ വാർത്താരംഗം ഇന്ന് മാറിയിട്ടുണ്ട്.എങ്കിലും പത്ര സ്വാതന്ത്ര്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്:
 
 

ആദ്യത്തേത്, മാധ്യമ ഉടമസ്ഥതയുടെ ഘടനാപരമായ യാഥാർത്ഥ്യങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് വൻ ലാഭം ലക്ഷ്യം വയ്ക്കുന്ന കുറച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കൈകളിലാണ് എന്നതാണ്.

 

രണ്ടാമത്തേത്, സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങൾക്ക് മേലുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റവും അവയെ ക്രൂരമായി അടിച്ചമർത്തുന്നതുമാണ്.

 

മൂന്നാമത്തേത്, ധാർമ്മിക ച്യുതിയും അധികാരത്തിന്‍റെ ചുരുക്കെഴുത്തുകാരായി സേവനം ചെയ്യാൻ മുതിർന്ന ഒരുപാട് പത്രപ്രവർത്തകർക്കുള്ള ഔത്സുക്യവുമാണ്.

 

നിഷ്പക്ഷവും സത്യസന്ധവും സുരക്ഷിതവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം മാനദണ്ഡമാക്കി ആര്‍.ബി.എഫ് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ‘വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സി’ന്റെ 2017 എഡിഷനില്‍ ഇന്ത്യയുടെ റാങ്ക് 136 ആണ്.മുന്‍ വര്‍ഷത്തില്‍ നിന്ന് വീണ്ടും റാങ്ക് നഷ്ടപ്പെടുത്തിയ ഇന്ത്യ, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം ദുഷ്‌കരമായ രാജ്യങ്ങളിലൊന്നായാണ് ഇന്ന് അറിയപ്പെടുന്നത്.

രാഷ്ട്രീയ അസ്ഥിരതയുടെയും ഭീകരവാദത്തിന്റെയും ഇടമായ പാകിസ്താന്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോഴാണ് ഇന്ത്യ പിറകിലേക്ക് പോയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അരക്ഷിതാവസ്ഥക്ക് പേരു കേട്ട ഇസ്രായേൽ, മ്യാന്‍മര്‍, അഫ്ഗാനിസ്താന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി ഇന്ത്യയേക്കാള്‍ ഭേദമാണെന്നാണ് ഇന്‍ഡക്‌സ് പറയുന്നത്.
ബംഗളൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും തൃപുരയിലെ ചാനല്‍ റിപോര്‍ട്ടറുടെ കൊലപാതകവുമടക്കമുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം ദുസ്സഹമായെന്ന് ആര്‍.ബി.എഫ് ചൂണ്ടിക്കാട്ടുന്നു.
ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ പ്രയോഗിക്കുന്നു, മാധ്യമ പ്രവര്‍ത്തകരെ ജീവപര്യന്തം തടവു വരെ ലഭിക്കുന്ന 124 എ വകുപ്പു വരെ ചുമത്തി നിശ്ശബ്ദരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, കശ്മീര്‍ പോലുള്ള നിര്‍ണായക വിഷയങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അവകാശം നിഷേധിക്കപ്പെടുന്നു തുടങ്ങിയവയാണ് ഇന്ത്യയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നത്.

ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്റ്, ബംഗ്ലാദേശ്, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇൻഡക്സിൽ ഇന്ത്യക്കു പിന്നില്‍ ഉള്ളത്.ഉത്തര കൊറിയ ആണ് അവസാന സ്ഥാനമായ 180-ല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: