NEWSWorld

ഒഡേസയിൽ റഷ്യൻ ആക്രമണം വീണ്ടു; യുഎസ് ജനപ്രതിനിധികൾ യുക്രെയ്നിൽ

കീവ്: റഷ്യയ്ക്കെതിരെ ചെറുത്തുനിൽപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും സംഘവും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ചു. മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു.

അമേരിക്ക അടിയുറച്ച് യുക്രെയ്നിനൊപ്പമുണ്ടെന്ന സന്ദേശം ലോകത്തിനു നൽകാനായിരുന്നു യാത്രയെന്ന് കീവിൽനിന്നു മടങ്ങി പോളണ്ടിലെത്തിയ ശേഷം പെലോസി പറഞ്ഞു. യുക്രെയ്നിന് 1360 കോടി ഡോളറിന്റെ സൈനികസഹായം കൂടി ലഭ്യമാക്കാനുള്ള പുതിയ ബിൽ തയാറായിക്കഴിഞ്ഞെന്നും  അറിയിച്ചു.

ഡമോക്രാറ്റ് പാർട്ടിക്കാരായ ജനപ്രതിനിധി സംഘം ശനി വൈകിട്ട് 3 മണിക്കൂർ കീവ് സന്ദർശിക്കുന്നുണ്ടെന്ന കാര്യം മുൻകൂട്ടി പരസ്യമാക്കിയിരുന്നില്ല. റഷ്യൻ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ യുക്രെയ്ൻ സന്ദർശിച്ച യുഎസ് നേതാക്കളിൽ പ്രായം കൊണ്ടും പദവി കൊണ്ടും പെലോസി(82) യാണു മുന്നിൽ.

യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷം അധികാരശ്രേണിയിൽ മൂന്നാം സ്ഥാനം ജനപ്രതിനിധി സഭാ സ്പീക്കർക്കാണ്. യുക്രെയ്നിനു വേണ്ടി മികച്ച സംഭാവനകൾ നൽകുന്ന വനിതകൾക്കായുള്ള പ്രിൻസസ് ഓൾഗ മെ‍ഡൽ സമ്മാനിച്ച് പെലോസിയെ സെലെൻസ്കി ആദരിച്ചു. ഇതിനിടെ, യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിൽ പ്രധാന വിമാനത്താവളത്തിൽ പുതുതായി നിർമിച്ച റൺവേ റഷ്യയുടെ മിസൈലാക്രമണത്തിൽ തകർന്നെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു.

യുക്രെയ്നിന് യുഎസ് എത്തിച്ചുനൽകിയ ആയുധശേഖരം ഒഡേസയിൽ സൂക്ഷിച്ചിരുന്നതു തകർത്തെന്ന് റഷ്യ അവകാശപ്പെട്ടു. റഷ്യ പിടിച്ചെടുത്ത തെക്കൻ മേഖലയായ ഖേർസനിൽ സ്കൂളിലും കിൻഡർഗാർട്ടനിലും ശ്മശാനത്തിലും യുക്രെയ്ൻ സേന ഷെല്ലാക്രമണം നടത്തിയെന്നും ഒട്ടേറെ നാട്ടുകാർ കൊല്ലപ്പെട്ടെന്നും റഷ്യ അവകാശപ്പെട്ടു.

മരിയുപോളിൽ റഷ്യൻ ആക്രമണം തുടരുന്ന സ്റ്റീൽ പ്ലാന്റിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാട്ടുകാരിലെ ഏതാനും സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തിയെന്ന് യുക്രെയ്ൻ സേന അറിയിച്ചു.

സൈനികരും നാട്ടുകാരുമുൾപ്പെടെ ആയിരത്തോളം പേരാണ് റഷ്യൻ പിടി വീഴാത്ത ഭീമൻ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ ഇപ്പോഴും തങ്ങുന്നത്. ഗുരുതരമായി പരുക്കേറ്റവരുൾപ്പെടെ ആവശ്യമായ വൈദ്യസഹായം കിട്ടാതെ അനേകം പേർ ഇവിടെ ദുരിതത്തിലാണ്.

ഇതിനിടെ, പടിഞ്ഞാറൻ നഗരമായ ലിവിവിൽ ഹോളിവുഡ് നടിയും യുഎൻ അഭയാർഥി ഏജൻസി പ്രത്യേക പ്രതിനിധിയുമായ ആഞ്ജലീന ജോളി സന്ദർശനം നടത്തി. യുദ്ധം മൂലം നഷ്ടങ്ങൾ നേരിട്ടും നാടുവിടേണ്ടിയും ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് അവർ ആശങ്ക പങ്കുവച്ചു. ലിവിവിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് നടി മടങ്ങിയത്.

മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും സ്ഥിരീകരിച്ചു. നൂറു പേരടങ്ങുന്ന രക്ഷാദൗത്യസംഘം പുറപ്പെട്ടിട്ടുണ്ട്. ജനങ്ങളെ ഒഴിപ്പിച്ച ശേഷം 230 കിലോമീറ്റർ അകലെയുള്ള നഗരമായ സപൊറിഷ്യയിലേക്കു കൊണ്ടുപോകാനാണ് പദ്ധതി.

റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ നഗരമായ ഖേർസനിൽ കറൻസി ഇടപാടുകൾ റൂബിളിലേക്കു മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ബ്രിട്ടിഷ് സൈനികഉദ്യോഗസ്ഥർ പറയുന്നു. നാലു മാസത്തെ സാവകാശമാണ് റഷ്യ ഇവിടെ നൽകിയിരിക്കുന്നതെന്നും വിവരം ലഭിച്ചതായി അവർ അറിയിച്ചു.

Back to top button
error: