ശ്രീനഗർ: സാധുവായ യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പോയി പഠനം നടത്തുകയും മറ്റും ചെയ്തിരുന്ന 17 കശ്മീരി യുവാക്കൾ തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഭീകരരെ റിക്രൂട്ട് ചെയ്യാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ മാർഗമാണിതെന്നും യുവാക്കൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ നിന്നുള്ളവർ പാക്കിസ്ഥാനിൽ പഠനം നടത്തുന്നതു നിരുത്സാഹപ്പെടുത്തി യുജിസിയും എഐസിടിഇയും ഈയിടെ മാർഗനിർദേശം നൽകിയത് ഇതിനെ തുടർന്നാണ്.
2015 മുതലാണ് ഐഎസ്ഐ ഈ മാർഗം പിന്തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരിൽ പലരും പാക്കിസ്ഥാനിൽ പഠനം നടത്തുന്ന കശ്മീരി യുവാക്കളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അവർ പറഞ്ഞു. വിശ്വാസ്യതയ്ക്ക് പാക്കിസ്ഥാനിലെ ഹുറിയത് ഓഫിസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതേസമയം, കുൽഗാം, ശ്രീനഗർ ജില്ലകളിൽ നിന്നായി ഇത്തരം രണ്ട് ലഷ്കറെ തയിബ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 62 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചതായും പൊലീസ് അറിയിച്ചു.