HealthLIFE

ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കുട്ടികളില്‍ വാക്സീന്‍ കാര്യക്ഷമതയെ ബാധിക്കുമോ?

ചെറിയ കുട്ടികള്‍ക്ക് പലപ്പോഴും രോഗങ്ങള്‍ ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. ഇതില്‍ ചില രോഗങ്ങള്‍ക്കെങ്കിലും അണുബാധയെ നേരിടാന്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലെ വാക്സീനുകളുടെ കാര്യക്ഷമതയെ ബാധിക്കാന്‍ ആന്‍റിബയോട്ടിക്ക്‌ ഉപയോഗം കാരണമായേക്കാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അടിക്കടിയുള്ള ആന്‍റിബയോട്ടിക്ക് ഉപയോഗവും ദീര്‍ഘകാലത്തെ ആന്‍റിബയോട്ടിക്ക് കോഴ്സുകളും കുട്ടിക്കാലത്തെ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്‍റിബോഡികളുടെ തോത് കുറയ്ക്കുമെന്നും പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

ഡിഫ്തീരിയ-ടെറ്റനസ്-അസെല്ലുലാര്‍ പെര്‍ടുസിസ്സ്, ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സ ടൈപ്പ് ബി, പോളിയോ വാക്സീന്‍, ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ എന്നിവയുടെ കാര്യക്ഷമതാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ആന്‍റിബയോട്ടിക്കുകളുടെ ദീര്‍ഘ ഉപയോഗം കൊണ്ട് ഈ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്‍റിബോഡികളുടെ തോത് കുറയുന്നത് കുട്ടികളെ മാത്രമല്ല സമൂഹപ്രതിരോധ ശേഷിയെ കൂടി ബാധിക്കുമെന്ന് ഗവേഷകര്‍ മുന്നറയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതുകൊണ്ട് കുട്ടികളില്‍ ആന്‍റിബയോട്ടിക്കുകള്‍ ഇനി ഉപയോഗിക്കുകയേ വേണ്ട എന്നര്‍ഥമില്ല.

കുട്ടികളില്‍ പൊതുവായി ഉപയോഗിച്ച് വരുന്ന അമോക്സിലിന്‍ പോലുള്ള ആന്‍റിബയോട്ടിക്കുകള്‍ ആന്‍റിബോഡികളുടെ തോതിനെ ബാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം സെഫ്ട്രിയാക്സോണ്‍, സെഫ്ഡിനിര്‍, അമോക്സിലിന്‍-ക്ലാവുലാനേറ്റ് സംയുക്തങ്ങള്‍ എന്നിവ ആന്‍റിബോഡി തോതിനെ പ്രതികൂലമായി ബാധിക്കുന്നവയാണ്. അമോക്സിലിന്‍-ക്ലാവുലാനേറ്റ് സംയുക്തത്തിന്‍റെ അഞ്ച് ദിവസത്തെ കോഴ്സ് പ്രശ്നമല്ലെങ്കിലും 10 ദിവസത്തെ കോഴ്സ് ആന്‍റിബോഡി തോതിനെ കുറയ്ക്കുന്നതാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ തരത്തിലുമുള്ള ബാക്ടീരിയകളെയും നശിപ്പിക്കുന്ന ബ്രോഡ്-സ്പെക്ട്രം ആന്‍റിബയോട്ടിക്കുകള്‍ക്ക് പകരം ചില തരം ബാക്ടീരിയകളെ മാത്രം ലക്ഷ്യം വയ്ക്കുന്ന നാരോ-സ്പെക്ട്രം ആന്‍റിബയോട്ടിക്കുകള്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശിക്കണമെന്ന് ഗവേഷണ റിപ്പോർട്ട്‌ ശുപാര്‍ശ ചെയ്യുന്നു. ജലദോഷം പോലുള്ള വൈറല്‍ അണുബാധകള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ കൊടുക്കുന്നത് തികച്ചും അനാവശ്യമാണെന്ന് കാലിഫോര്‍ണിയ മെമ്മോറിയല്‍കെയര്‍ ഓറഞ്ച് കോസ്റ്റ് മെഡിക്കല്‍ സെന്‍ററിലെ ഡോ. ഗിന പോസ്നര്‍ പറയുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ ചിലപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ കുറിക്കേണ്ടി വരാറുണ്ടെന്നും ഡോ. ഗിന ചൂണ്ടിക്കാട്ടി. അനാവശ്യമായ ആന്‍റിബയോട്ടിക് ഉപയോഗം മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ ഉത്ഭവത്തിന് കാരണമാകും.

ബാക്ടീരിയല്‍ അണുബാധകള്‍ക്ക് മാത്രമായി ആന്‍റിബയോട്ടിക് ഉപയോഗം പരിമിതപ്പെടുത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. നല്ല വൃത്തി പുലര്‍ത്തുന്നതിലൂടെ കുട്ടികള്‍ക്ക് ബാക്ടീരിയല്‍ അണുബാധ ഉണ്ടാകാതെ നോക്കണമെന്ന് സാന്‍റ മോണിക്ക സെന്‍റ് ജോണ്‍സ് ഹെല്‍ത്ത് സെന്‍ററിലെ ശിശുരോഗവിദഗ്ധന്‍ ഡോ. ഡാനെല്‍ ഫിഷറും പറയുന്നു. ആരോഗ്യകരമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം, ആവശ്യത്തിന് വ്യായാമം, ഉറക്കം തുടങ്ങിയവയിലൂടെ കുട്ടികള്‍ക്ക് പരമാവധി അണുബാധകള്‍ വരാതെ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്‍റിബയോട്ടിക്സ് ഉപയോഗിക്കുന്ന വേളയില്‍ വയറിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ സംരക്ഷിക്കുന്നതിന് പ്രോബയോട്ടിക്സ് കുട്ടികള്‍ക്ക് നല്‍കാമെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ആന്‍റിബയോട്ടിക്കുമായി ബന്ധപ്പെട്ട അതിസാരം നിയന്ത്രിക്കാനും ഇത് സഹായകമാണ്.

Back to top button
error: