NEWSWorld

മാസപ്പിറവി കണ്ടില്ല, കേരളത്തില്‍ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച; ഗള്‍ഫ് രാജ്യങ്ങളിൽ നാളെ

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.  ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനിലും നാളെയാകും ചെറിയ പെരുന്നാൾ.

ഒരുമാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍ ഈദ് ആഘോഷിക്കുക. കഴിഞ്ഞ രണ്ട് തവണ കോവിഡ് നിയന്ത്രങ്ങളാല്‍ ആഘോഷങ്ങള്‍ പരിമിതമായിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യപെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയിട്ടുണ്ട്. പെരുന്നാള്‍ വിപണിയും സജീവമായിരുന്നു. അവസാന നാളുകളില്‍ വിവിധ കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Back to top button
error: