NEWS

കണ്ടക്ടർ ഇല്ലാതെ ബസിന് സർവീസ് നടത്താം;അനുമതി നൽകി മോട്ടോർ വാഹന വകുപ്പ് 

പാലക്കാട്: സംസ്ഥാനത്ത് കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് നടത്താൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി.പാലക്കാട് കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തിയ കാടൻകാവിൽ ബസിന് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടക്ടർ ഇല്ലാതെ ജില്ലയിലെ ആദ്യ സിഎൻജി ബസ് സർവ്വീസ് ആരംഭിച്ചത്.എന്നാൽ ബുധനാഴ്ച രാവിലെ കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തുന്നത് നിയമലംഘനമാണെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പ് വാഹനം തടയുകയായിരുന്നു.കണ്ടക്ടർ ഇല്ലാതെ, ബസിൽ സ്ഥാപിച്ച ബോക്സിൽ യാത്രാ ചാർജ് നിക്ഷേപിക്കുന്ന തരത്തിലായിരുന്നു  സംവിധാനം.പണമില്ലാത്തവർക്കും യാത്ര ചെയ്യാൻ തടസ്സമില്ലായിരുന്നു.
വടക്കഞ്ചേരിയിൽനിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സർവീസ് നടത്തുന്നത്.
കണ്ടക്ടറും ക്ലീനറും ഇല്ല എന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ബസ്സിൽ ആശങ്ക വേണ്ട.ബസ്സിൽ മുഴുവൻ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വാതിലുകൾ ഓട്ടോമാറ്റിക്കുമാണ്. 33 സീറ്റുള്ള ബസാണിത്. ദിവസേന ഏഴ് ട്രിപ്പുകളാണ് നടത്തുന്നത്.വടക്കഞ്ചേരി സ്വദേശി തോമസ് കാടൻകാവിലിന്റേതാണ് ബസ്.

Back to top button
error: