ചാവക്കാട്: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നുവിദ്യാർഥികൾ ചെളിയിൽ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂർ പള്ളിക്കടുത്ത് താമസിക്കുന്ന വരുൺ(16), സൂര്യ(16), മുഹ്സിൻ(16) എന്നിവരാണ് മരിച്ചത്.
കഴുത്താക്കൽ കായലിനു സമീപത്തെ ചെമ്മീൻകെട്ടിൽ ഇറങ്ങിയ ഇവർ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നു എന്നാണ് ഒപ്പമുള്ളവർ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.
അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടുപേർ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേർ ചെളിയിൽ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം.
ഫയർ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപേ തന്നെ മൃതദേഹങ്ങൾ നാട്ടുകാർ തന്നെ പുറത്തെത്തിച്ചിരുന്നു.
അതേ സമയം കോട്ടയം പേരൂർ പള്ളിക്കുന്നിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശി അമൽ(16) നവീൻ(15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയക്ക് ഒരു മണിയോടെ പള്ളിക്കുന്ന് കടവിലായിരുന്നു അപകടം.
നാല് കുട്ടികളാണ് ഉച്ചയോടെ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ടുപേർ അപകടത്തിൽപ്പെടുകയായിരുന്നു. മറ്റ് രണ്ടു പേർ പുഴയിൽ ഇറങ്ങാതെ തിരിച്ചു പോയി. മരിച്ച അമൽ ഏറ്റൂമാനൂർ ബോയ്സ് സ്കൂളിലെയും നവീൻ മാന്നാനം സെന്റ് എഫ്രേം സ്കൂളിലെയും വിദ്യാർഥികളാണ്.