നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മാെഴിയെടുക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥൻ ബൈജു പൗലോസും വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രനും ചേർന്നാണ് മൊഴിയെടുക്കുന്നത്. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് മാെഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി ചർച്ചയിൽ ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് മൂലകാരണമായി കരുതപ്പെടുന്ന മഞ്ജു വാര്യർ-ദിലീപ് പ്രശ്നത്തെക്കുറിച്ചായിരുന്നു ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.
ദിലീപ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തെന്ന ആരോപണം സാധൂകരിക്കുന്ന പശ്ചാത്തലമായിരുന്നു ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയിലൂടെ സംസാരിച്ചത്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാൻ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ചത് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. അതേസമയം ആദ്യം ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ലെന്നും കാവ്യ മാധവന്റെ അമ്മയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.