ന്യൂയോര്‍ക്ക്: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന് ഗൗതം അദാനി. 59കാരനായ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ ആസ്തി 123.7 ബില്യണ്‍ യുസ് ഡോളറായി ഉയര്‍ന്നപ്പോള്‍ വാറന്‍ ബഫറ്റിന്റെ ആസ്തി 121.7 ബില്യണ്‍ യുസ് ഡോളറാണ്. ഫോബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി ഗൗതം അദാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനിയെക്കാള്‍ 19 ബില്യണ്‍ ഡോളര്‍ അധിക സമ്പത്തുണ്ട് അദാനിക്ക്.
സ്പേസ് എക്സ്-ടെസ്ല മേധാവി ഇലോണ്‍ മസ്ക് (269.8 ബില്യണ്‍ ഡോളര്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (170.2 ബില്യണ്‍ ഡോളര്‍), ഫ്രഞ്ച് കോടീശ്വരന് ബെര്‍ണാഡ് അര്‍നോള്‍ട്ട് (167.9 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (130.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍. 104.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.