ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത് 12,300 കോടി രൂപ. യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ഭയം നിക്ഷേപകരുടെ താല്‍പ്പര്യത്തിന് പ്രഹരമേല്‍പ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. യുഎസ് ഫെഡ് നിരക്ക് വര്‍ദ്ധന, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍, അസ്ഥിരമായ ക്രൂഡ് വില, ഉയരുന്ന പണപ്പെരുപ്പം, നാലാം പാദത്തിലെ മോശം ഫലങ്ങള്‍ എന്നിവ മൂലം ഇന്ത്യയിലെ ഓഹരികളിലുള്ള വിദേശ നിക്ഷേപം സമ്മര്‍ദ്ദത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് വരെയുള്ള ആറ് മാസങ്ങളില്‍ 1.48 ലക്ഷം കോടി രൂപയുടെ അറ്റ വില്‍പ്പനക്കാരായി തുടരുകയായിരുന്നു. ഇതിനുള്ള പ്രധാന കാരണം യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള ഭയവും, റഷ്യ-യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളുമാണ്.
ആറ് മാസത്തെ വില്‍പ്പനയ്ക്കുശേഷം എഫ്പിഐകള്‍ ഏപ്രില്‍ ആദ്യ ആഴ്ച്ചയില്‍ 7,707 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. എന്നാല്‍, ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള അവധി ദിവസങ്ങളില്‍ വീണ്ടും എഫ്പിഐകള്‍ അറ്റ വില്‍പ്പനക്കാരായി 4,500 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. വില്‍പ്പന ഇപ്പോഴും തുടരുന്നു. ഈ മാസം ഇതുവരെ (ഏപ്രില്‍ 1-22) വിദേശ നിക്ഷേപകര്‍ 12,286 കോടി രൂപ വിലവരുന്ന ഓഹരികളുടെ അധിക വില്‍പ്പനക്കാരായി തുടരുകയാണെന്നാണ് വിപണിയിലെ കണക്കുകള്‍ കാണിക്കുന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോമി പവല്‍ മെയ് മാസത്തില്‍ 50 ബിപിഎസ് നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് സൂചന നല്‍കിയതിനെത്തുടര്‍ന്ന് ദുര്‍ബലമായ ആഗോള സൂചനകളാണ് ഈ വില്‍പ്പനയ്ക്ക് കാരണം. യുഎസ് ഫെഡിന്റെ നിരക്ക് വര്‍ദ്ധനയെക്കുറിച്ചുള്ള ഭയം, നിക്ഷേപകരുടെ വികാരങ്ങളെ തളര്‍ത്തുന്നത് തുടരുന്നു. ഇത് ഇന്ത്യയെപ്പോലെയുള്ള വളര്‍ന്നുവരുന്ന വിപണികളിലെ നിക്ഷേപത്തോട് വീണ്ടും ജാഗ്രതയോടുകൂടിയ നിലപാട് സ്വീകരിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കാമെന്ന് മോണിംഗ്സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ -റിസര്‍ച്ച് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
ഓഹരികള്‍ കൂടാതെ, ഈ കാലയളവില്‍ എഫ്പിഐകള്‍ കടപ്പത്ര വിപണികളില്‍ നിന്ന് 1,282 കോടി രൂപ പിന്‍വലിച്ചു. ഇന്ത്യയെ കൂടാതെ, തായ്വാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് വളര്‍ന്നുവരുന്ന വിപണികളിലും ഏപ്രില്‍ മാസം ഇതുവരെ വില്‍പ്പനയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.