IndiaNEWS

ക്രിപ്റ്റോയുടെ അപകടസാധ്യതകള്‍ കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദവും: നിര്‍മല സീതാരാമന്‍

ഇന്ത്യയിലെ ക്രിപ്റ്റോയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഈ മേഖലയിലെ അപകട സാധ്യതകള്‍ വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്‌റ്റോകറന്‍സിയുടെ ഏറ്റവും വലിയ അപകടസാധ്യത കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിനുള്ള ധനസഹായം നല്‍കുന്നതുമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) മീറ്റിംഗിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിപ്റ്റോ മേഖലയിലെ അപകട സാധ്യതകള്‍ ഇല്ലാതാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിയന്ത്രണം മാത്രമാണ് ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ലോകബാങ്കിന്റെ സ്പ്രിംഗ് മീറ്റിംഗ്, ജി 20 ധനമന്ത്രിമാരുടെ യോഗം, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മീറ്റിംഗ് (എഫ്എംസിബിജി) എന്നിവയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസമാണ് വാഷിംഗ്ടണിലെത്തിയത്.

കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയിലെ ക്രിപ്റ്റോ രംഗത്തുള്ളവര്‍ ആശങ്കയോടെയാണ് നീങ്ങുന്നത്. ക്രിപ്റ്റോയില്‍ നിന്നുള്ള വരുമാനത്തിന് മേല്‍ 30 ശതമാനം നികുതി ഈടാക്കിയിട്ടുണ്ടെങ്കിലും ക്രിപ്റ്റോയെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് ക്രിപ്റ്റോകറന്‍സി ഇന്ത്യയില്‍ നിയമപരമാണോ നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഐശ്വര്യ ഭാട്ടിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനിടെ, പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രം ക്രിപ്റ്റോ ബില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Back to top button
error: