BusinessTRENDING

താന്‍ ട്വിറ്റര്‍ ഏറ്റെടുത്താല്‍ ശമ്പളം ഉണ്ടാകില്ല; നയം വ്യക്തമാക്കി ഇലോണ്‍ മസ്‌ക്

ട്വിറ്ററിനെ ഏറ്റെുക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബോര്‍ഡ് അംഗങ്ങളുടെ ശമ്പളത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഇലോണ്‍ മസ്‌ക്. താന്‍ ട്വിറ്ററിനെ ഏറ്റെടുത്താല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം ഉണ്ടാകില്ലെന്നാണ് മസ്‌ക് അറിയിച്ചത്. ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ചാല്‍ പ്രതിവര്‍ഷം 3 മില്യണ്‍ യുഎസ് ഡോളറോളം ലാഭിക്കാമെന്നും മസ്‌ക് വ്യക്തമാക്കി.

ട്വിറ്റര്‍ ബോര്‍ഡിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഓഹരി ഉമകളുമായി ഒത്തുപോവുന്നതല്ലെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ ബോര്‍ഡിലുള്ള 11 അംഗങ്ങളില്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിക്ക് മാത്രമാണ് ട്വിറ്ററില്‍ ഒരു ശതമാനത്തിലധികം ഓഹരികള്‍ ഉള്ളത്. ജാക്ക് ഡോര്‍സിക്ക് 2.363 ശതമാനം ഓഹരികളും സിഇഒ പരാഗ് അഗര്‍വാളിന് 0.122 ശതമാനം ഓഹരികളുമാണ് കമ്പനിയില്‍ ഉള്ളത്. 9.2 ശതമാനം ഓഹരികള്‍ കൈവശമുള്ള മസ്‌കാണ് ട്വിറ്ററിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ. ജാക്ക് ഡോര്‍സിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കെല്ലാം കൂടി ഒരോഹരി പോലും സ്ഥാപനത്തില്‍ ഇല്ലെന്ന് മസ്‌ക് ചൂണ്ടിക്കട്ടിയിരുന്നു.

Signature-ad

ഏപ്രില്‍ 14ന് ആണ് 43 ബില്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ ഏറ്റെുക്കാമെന്ന് മസ്‌ക് അറിയിച്ചത്. ഓഹരി ഒന്നിന് 54.20 ഡോളറായിരുന്നു മസ്‌കിന്റെ വാഗ്ദാനം. എന്നാല്‍ മസ്‌ക് ഓഹരി വിഹിതം ഉയര്‍ത്തുന്നത് പ്രതിരോധിക്കാന്‍ ഏപ്രില്‍ 15ന് തന്നെ ട്വിറ്റര്‍ ബോര്‍ഡ് ‘പോയ്സണ്‍ പില്‍ അഥവാ ഷെയര്‍ ഹോള്‍ഡേഴ്സ് റൈറ്റ്സ് പ്ലാന്‍’ സ്വീകരിച്ചിരുന്നു. പോയ്‌സണ്‍ പില്‍ പദ്ധതി പ്രകാരം ട്വിറ്ററിന്റെ 15 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ആരെങ്കിലും വാങ്ങിയാല്‍, ആ ഇടപാടിന് ഒരു വര്‍ഷം മാത്രമേ കാലവധി ഉണ്ടാവു. കൂടാതെ ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനം ഓഹരികള്‍ സ്വന്തമാക്കിയാല്‍ , നിലവിലെ മറ്റ് ഓഹരി ഉടമകള്‍ക്ക് വിലക്കിഴിവില്‍ കൂടുതല്‍ ഓഹരികള്‍ നല്‍കുകയും ചെയ്യും.

എന്നാല്‍ ബോര്‍ഡിന്റെ നീക്കങ്ങളൊന്നും ട്വിറ്ററിനെ സ്വന്തമാക്കാനുള്ള മസ്‌കിന്റെ നീക്കത്തെ തടയുന്നതല്ല. ഡയറക്ടര്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തിയും കൂടുതല്‍ ആകര്‍ഷകമായ തുക വാഗ്ദാനം ചെയ്തും മസ്‌കിന് ശ്രമം തുടരാവുന്നതാണ്. കൂടാതെ ട്വിറ്റര്‍ ബോര്‍ഡിന്റെ നടപടിയെ ഓഹരി ഉടമകള്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതുമാണ്. ഒറ്റയ്ക്ക് ഏറ്റെുക്കുന്നതിന് പകരം പങ്കാളികളുമായി ചേര്‍ന്ന് ട്വിറ്ററിനെ സ്വന്തമാക്കാനുള്ള നീക്കം മസ്‌ക് നടത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ട്വിറ്ററിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മസ്‌ക്, സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചേക്കും എന്ന രീതിയിലുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

Back to top button
error: