NEWS

ഒറ്റ മഴയിൽ ഒലിച്ചു പോയത് ഏഴ് കോടിയുടെ റോഡ്

പത്തനംതിട്ട : ഉന്നത നിലവാരത്തില്‍ ടാറിംഗ് നടത്തി ആഴ്ചകള്‍ക്കുള്ളില്‍ റോഡ് തകർന്നു.കോന്നി പൂങ്കാവ് – പ്രമാടം – പത്തനംതിട്ട റോഡാണ് തകര്‍ന്നത്.ദിവസങ്ങളായി തുടരുന്ന മഴയില്‍ പ്രമാടം മറൂര്‍ കുളപ്പാറ ധര്‍മ്മശാസ്താക്ഷേത്ര കാണിക്ക മണ്ഡപത്തിനും കുരിശിനും ഇടയിലെ വളവില്‍ ടാറിംഗ് ഇളകിമാറി.ഇതേതുടര്‍ന്ന് ടാറിംഗ് പൂര്‍ണമായും നീക്കംചെയ്ത് ഇവിടം പുനര്‍നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിര്‍ദ്ദേശം നല്‍കി.
 നേതാജി സ്കൂള്‍ ജംഗ്ഷനിലും സമീപത്തും ടാറിംഗ് ഇളകി മെറ്റില്‍ റോഡില്‍ നിരന്ന നിലയിലാണ്.എന്നാല്‍ നിര്‍മ്മാണത്തില്‍ അപാകതയില്ലെന്നും ആദ്യഘട്ട ടാറിംഗ് മാത്രമാണ് നടത്തിയതെന്നും പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ഉന്നതനിലവാരത്തിലുള്ള അവസാനവട്ട ടാറിംഗ് നടത്തുന്നതെന്നും കരാര്‍ കമ്ബനി അധികൃതര്‍ അറിയിച്ചു.
​പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഏഴ് കോടി രൂപ ചെലവിട്ടാണ് റോഡ് ഉന്നത നിരവാരത്തില്‍ നിര്‍മ്മിക്കുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.പത്തനംതിട്ടയില്‍ നിന്ന് കോന്നി മെഡിക്കല്‍ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകരമായ പാതയുമാണിത്.

Back to top button
error: