NEWS

കുൽധാരയിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമം

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ, കുൽധാരയിൽ  ഉപേക്ഷിക്കപ്പെട്ട ഒരു  ഗ്രാമം കാണാൻ സാധിക്കും. അവിടെവിടെ പച്ചപ്പുമായി നിൽക്കുന്ന വിജനമായ വരണ്ട ഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ പ്രേതഭവനങ്ങളെപ്പോലെ ഇപ്പോഴും തലയുയർത്തി നിൽക്കുന്ന ധാരാളം മൺകുടിലുകൾ കാണാം.ഇവിടെ നിഗൂഢതയും ഇതിഹാസവുമുണ്ട്, ഭാവനയ്ക്ക് പറക്കാനും ഹൃദയത്തിന് ഭയം തോന്നാനും ധാരാളം കാരണങ്ങളുമുണ്ട്.ഇതൊക്കെ കാണാനും കേൾക്കാനും കൊടും ചൂടിലും , ഈ ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും കടന്നുവരുന്നത്.
കുൽധാരയുടെ ചരിത്രം പഴയകാല ഗ്രാമീണ ഇന്ത്യയുടെ യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുമ്പോഴും നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ഗ്രാമം ഒരു തകർച്ചയും കൂടാതെ ഒരു യക്ഷിക്കഥയുടെ നേർ ചിത്രം പോലെ നമുക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നത് കാണാൻ സാധിക്കും.കേട്ടറിഞ്ഞ കഥകൾ അനുസരിച്ച്, പത്തൊൻപതാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ പാലിവാൽ ബ്രാഹ്മണരായിരുന്നു കുൽധാരയിൽ താമസിച്ചിരുന്നത്.ഒരു ദിവസം, നാട്ടുരാജ്യത്തിലെ പ്രധാനിയും ക്രൂരനുമായിരുന്ന സലിം സിംഗ് അതുവഴി വന്നു.അപ്പോഴാണ് ഗ്രാമത്തലവന്റെ സുന്ദരിയായ മകളെ അദ്ദേഹം കാണുന്നത്.താമസിയാതെ ഗ്രാമത്തലവന്റെ മകളിൽ അയാൾക്ക് നോട്ടമുണ്ടായി.തനിക്ക് വേണ്ടത് എങ്ങനെയും നേടിയെടുക്കാൻ ശീലിച്ച അയാൾ , പെൺകുട്ടിയെ വിവാഹം കഴിച്ചു തരാൻ  ആവശ്യപ്പെടുകയും ആരെങ്കിലും തന്റെ തീരുമാനത്തെ എതിർക്കാൻ തുനിഞ്ഞാൽ നികുതി ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
 എന്നാൽ കുൽധാരയിലെ ജനങ്ങൾ എളുപ്പം വഴങ്ങുന്നവർ അല്ലായിരുന്നു.ഇത് സലിം സിംഗിൽ കോപം ഉണർത്തി.അയാളുടെ ദ്രോഹം ദിവസത്തിന് ദിവസം കൂടിവന്നു.ഒടുവിൽ ഒറ്റക്കെട്ടായി
ഗ്രാമീണർ ഒരു തീരുമാനത്തിലെത്തി- രാത്രിയുടെ മറവിൽ ഗ്രാമം വിട്ടുപോകുക.ഭാവിയിൽ “ആർക്കും ഇവിടെ വസിക്കാൻ കഴിയാതാകട്ടെ” എന്ന ശാപവചനത്താൽ അവർ അന്ന് രാത്രി തന്നെ ഗ്രാമം ഉപേക്ഷിച്ച് പലായനം ചെയ്തു.
ഗ്രാമവാസികൾ എവിടേക്കാണ് പോയതെന്നോ, അവർക്ക് എന്താണ് സംഭവിച്ചതെന്നോ പിന്നീട് ആർക്കും അറിയില്ല.എന്നാൽ ഗ്രാമവാസികളുടെ, കുൽധാരയിലെ മൺവീടുകളുടെ മുറ്റത്ത് രാത്രിയിലും മറ്റും ആളനക്കവും ശബ്ദങ്ങളും കേൾക്കാമത്രെ! ഇന്നും ഇവിടെ പ്രേതങ്ങൾ അലഞ്ഞുതിരിയുന്നതായി മറ്റുള്ള ഗ്രാമവാസികൾ വിശ്വസിക്കുന്നു.ചിലർ കുൽധാരയിലെ ആ ഗ്രാമത്തിൽ രാത്രികൾ ചെലവഴിക്കാൻ ശ്രമിച്ചു, പക്ഷേ ഇരുട്ടിൽ അസാധാരണമായ പ്രവർത്തികളാൽ അവർക്കവിടെ തങ്ങാൻ കഴിഞ്ഞില്ല എന്ന് പറയപ്പെടുന്നു.
 ശാപമോ ജനങ്ങളുടെ അന്ധവിശ്വാസമോ എന്തുമാകട്ടെ,  വർഷങ്ങൾക്കു മുൻപ് ഉപേക്ഷിക്കപ്പെട്ട ആ ഗ്രാമവും അവിടുത്തെ മൺകുടിലുകളും ഇന്നും വലിയ നാശനഷ്ടങ്ങൾ ഒന്നും കൂടാതെ അതേപടി അവിടെയുണ്ടെന്നത് തന്നെ വലിയൊരു അത്ഭുതമാണ്.ചില വീടുകളുടെ മേൽക്കൂരകൾ തകർന്നിട്ടുണ്ടെങ്കിലും മൺ ഇഷ്ടിക ചുമരുകൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നു.തുറന്ന നടുമുറ്റങ്ങൾ ഇപ്പോഴും കാലത്തിന്റെയും കാലാവസ്ഥയുടെയും കെടുതികൾക്കെതിരെ ശക്തമായി നിലകൊള്ളുന്നു.കൂടാതെ വീടുകളുടെ മുകൾ നിലകൾ മുഴുവൻ ഗ്രാമത്തിന്റെ സുന്ദരമായ ആകാശ കാഴ്ച നൽകാൻ പര്യാപ്തമാണ്.പുറത്ത്, കല്ല് വിളക്കുമാടങ്ങൾ ഭയത്തോടെ കടന്നുപോകുന്ന വിനോദസഞ്ചാരികളെ നോക്കി നിശബ്ദമായി നിൽക്കുന്നു. ഗ്രാമത്തിന്റെ നടുവിൽ ഒരു പുരാതന ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: