NEWS

സന്തോഷ് ട്രോഫിക്ക് ഇന്ന് തുടക്കം; സന്തോഷ് ട്രോഫിയിൽ കേരളം ഇതുവരെ 

1941 ഡിസംബർ 28-ന് കൽക്കത്തയിലാണ് സന്തോഷ് ട്രോഫിക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ ഫുട്ബാൾ അസ്സോസ്സിയേഷന്റ പ്രസിഡന്റും സന്തോഷ് എന്ന നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന മഹാരാജ സർ മന്മഥ നാഥ് റൊയ് ചൌധരിയുടെ ഓർമ്മയ്ക്കായാണ് ഇത് ആരംഭിച്ചത്.സന്തോഷ് ട്രോഫിയിൽ ഇതു വരെ ബംഗാൾ 32 തവണ വിജയികളായിട്ടുണ്ട്.കേരളം 6 തവണയും.1973,1992,1993,2001,2004,2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ വിജയം.

കേരളവും കാൽപന്തും

1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്.കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ നാമധേയത്തിൽ, തൃശ്ശൂരിനടുത്ത് ഒല്ലൂരിൽ വിശുദ്ധ അന്തോണീസ് പള്ളിയുടെ അടുത്തായിട്ടാണ് ക്ലബ് സ്ഥാപിച്ചത്.ആ ക്ലബ് പിന്നീട് യങ് മെൻസ് ഫുട്ബോൾ ക്ലബ് എന്ന് പേര് മാറ്റുകയും ചെയ്തു.1947-ൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ഫുട്ബോൾ ക്ലബ്ബായ  അറോറ ഫുട്ബോൾ ക്ലബ്ബും തൃശ്ശൂരിൽ നിന്ന് തന്നെയാണ്.പിന്നെയുമുണ്ട്… പ്രീമിയർ ടയർ ഫുട്ബോൾ ക്ലബ് കളമശ്ശേരി, അലിന്ദ് ഫുട്ബോൾ ക്ലബ് കുണ്ടറ, കെ‌എസ്‌ആർ‌ടി‌സി ഫുട്ബോൾ ക്ലബ്, എ‌ജി ഓഫീസ് ഫുട്ബോൾ ക്ലബ്, യംഗ് ചലഞ്ചേഴ്സ് ഫുട്ബോൾ ക്ലബ്, ടൈറ്റാനിയം ഫുട്ബോൾ ക്ലബ്, കേരള പോലീസ് ഫുട്ബോൾ ക്ലബ്, കണ്ണൂർ കെൽട്രോൺ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കെഎസ്ഇബി തുടങ്ങി നൂറുകണക്കിന് ക്ലബ്ബുകൾ പ്രതിഭാധനരായ ഫുട്ബോൾ കളിക്കാരെ സൃഷ്ടിക്കുകയും രാജ്യത്തിന്റെ തന്നെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്തവരാണ്. ഇന്ത്യയിലെ ആദ്യ പ്രൊഫെഷണൽ ഫുട്ബോൾ ക്ലബ് ആയ എഫ്‌സി കൊച്ചിൻ, പ്രശസ്ത ഫുട്ബോൾ ക്ലബ് വിവ കേരള,ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്… തുടങ്ങിയവരൊക്കെ അവരുടെ പിൻതുടർച്ചക്കാർ മാത്രം!

 

തിരുവല്ല പാപ്പൻ, കോട്ടയം സാലി,തൃശ്ശൂർ ആന്റണി, പപ്പു, ലീബൻ, ഡിക്രൂസ്, ടി‌എ റഹ്മാൻ, ഒ.ബാലകൃഷ്ണൻ, ഇന്ദ്രബാലൻ, മലപ്പുറം അസീസ്, രാമകൃഷ്ണൻ,1973-ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റൻ മണി,ജാഫർ, വില്യംസ്, ദേവനന്ദ്, നജിമുദ്ദീൻ, സി സി ജേക്കബ്, എം എം ജേക്കബ്, വിക്ടർ മഞ്ഞില, സേതുമാധവൻ, സേവ്യർ പയസ്, നജീബ്, സത്യൻ, ഷറഫലി, പാപ്പച്ചൻ, ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, രാജീവ് കുമാർ, മാത്യു വർഗീസ്,അസീം, സുരേഷ് കുമാർ, ശിവദാസൻ, സന്തോഷ്, നെൽസൺ,മുഹമ്മദ് റാഫി, അജയൻ, ഇഗ്നേഷ്യസ്, പ്രദീപ്, സക്കീർ മുണ്ടംപാറ, സികെ വിനീത്, അനസ് എടത്തോടിക്ക, പ്രശാന്ത് കരുത്തടത്തുകുനി, സഹൽ അബ്ദുൾ സമദ്, രഹനേഷ് ടിപി, കെപി രാഹുൽ, ഹൃഷിനാഥ്‌, എംഎസ് ജിതിൻ, ജിഷ്ണു ബാലകൃഷ്ണൻ, സുജിത് ശശികുമാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനേകം കഴിവുറ്റ കളിക്കാരെയും കേരളം ഇന്ത്യൻ ഫുട്ബോളിന് സംഭാവന നൽകി.

 

കേരള ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടം

തൊണ്ണൂറുകളുടെ ആദ്യമായിരുന്നു കേരളാ ഫുട്ബോളിന്റെ പ്രതാപകാലം.1990 ലും 1991 ലും കേരള പോലീസ് ഫെഡറേഷൻ കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്നപ്പോൾ .92,93 ൽ കേരളം സന്തോഷ് ട്രോഫിയും നേടി.തുടർച്ചയായി രണ്ടു തവണ സന്തോഷ് ട്രോഫിയിൽ ജേതാക്കളായ കേരളം.93 ൽ ഫൈനലിൽ എത്തുകയും ചെയ്തു.ഇതുൾപ്പടെ തുടർച്ചയായി ഒൻപത് വർഷം കേരളം ഫൈനലിൽ കളിച്ചു.കേരളപൊലീസ്, ടൈറ്റാനിയം, കണ്ണൂർ കെൽട്രോൺ ടീമുകളുടെ പ്രതാപകാലമായിരുന്നു അത്.ഇന്ത്യൻ ഫുട്ബോൾ ടീമിൽ കേരള താരങ്ങൾ നിറഞ്ഞു നിന്നതും ഈ കാലഘട്ടത്തിലാണ്.

 

ഇതിൽ മലയാളികളുടെ കാൽപ്പന്തു ഭ്രാന്ത് ആകാശത്തോളമുയർത്തിയ ഒരു ടീമായിരുന്നു കേരള പോലീസ്.കേരള പൊലീസ് എന്നു കേൾക്കുമ്പോൾ കാക്കിക്കും ലാത്തിക്കും പകരം മനസ്സിലേക്ക് ഒരു ഫുട്ബോൾ ഉരുണ്ട് വരാറില്ലേ.അതിനു കാരണക്കാർ ഇവരാണ് – കുരികേശ് മാത്യു, വി.പി.സത്യൻ, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ, യു. ഷറഫലി, ഐ.എം.വിജയൻ, അലക്സ് ഏബ്രഹാം, .പി.തോബിയാസ്, ഹബീബ് റഹ്മാൻ, സി.എ.ലിസ്റ്റൻ, എം.പി.കലാധരൻ, എ.സക്കീർ, പി.എ.സന്തോഷ്, ജാബിർ… എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

 

തങ്കമണി കേസൊക്കെ രൂക്ഷമായി നിൽക്കുന്ന സമയമായിരുന്നു അത്.അതുകൊണ്ടുതന്നെ ജനങ്ങൾക്കു പൊലീസെന്നു കേട്ടാൽ അത് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും പര്യായമായിരുന്നു.അപ്പോഴായിരുന്നൂ കേരള പൊലീസിന്റെ ഫുട്ബോൾ രംഗത്തേക്കുള്ള പ്രവേശനം.പോലീസിന്റെ ഫെഡറേഷൻ കപ്പ് വിജയത്തോടെയാണ്  ജനങ്ങൾക്ക് പോലീസിനോടുള്ള ആ സമീപനത്തിൽ മാറ്റമുണ്ടായത്.

 

ആദ്യ ഫെഡറേഷൻ കപ്പ് വിജയത്തെപ്പറ്റി ഷറഫലി തന്നെ പറയുന്നത് കേൾക്കൂ: “വിജയഗോൾ ഞാനൊരിക്കലും മറക്കില്ല. നമ്മുടെ പോസ്റ്റിൽനിന്നു ചാക്കോ എനിക്കു പന്തു നൽകി.ഞാനും തോബിയാസും അത് സാൽഗോക്കർ ബോക്സിന് അടുത്തെത്തിച്ചു.പന്ത് ഞാൻ വിജയനു നൽകി. വിജയൻ തിരിച്ചു നൽകിയ പന്ത് ഒരു ചിപ്പിങ് ക്രോസിലൂടെ, ഓടിയെത്തിയ പാപ്പച്ചനു ഞാൻ നൽകി.പാപ്പച്ചന്റെ കിടിലൻ ഹെഡർ! വീണു കിടന്ന ഞാൻ …തലയുയർത്തിയപ്പോഴതാ ഗാലറി ഇളകി മറിയുന്നു……!!!”

ഡിജിപി: എം.കെ. ജോസഫ് , ഐജി: ഗോപിനാഥൻ, ഡിഐജി: മധുസൂദനൻ , പിന്നെ  പൊലീസ് ടീമിന്റെ എല്ലാമായ അബ്ദുൽ കരീം …ഇവർ മുൻകൈയെടുത്തായിരുന്നു 1984ൽ കേരള പോലീസ് ഫുട്ബോൾ ടീമിന്റെ രൂപീകരണം. കരീം  ഓരോ കളിക്കാരനെയും വീടുകളിൽ ചെന്ന് തേടിപ്പിടിച്ച് ടീം ഉണ്ടാക്കുകയായിരുന്നു.അതേപോലെ കോച്ച് ചാത്തുണ്ണി,ശ്രീധരൻ.. തുടങ്ങിയവരുടെ പങ്കും ഇവിടെ വിസ്മരിക്കാനാവില്ല.

 

1990 ഏപ്രിൽ 29നു തൃശൂരിൽ സാൽഗോക്കർ ഗോവയെ 2–1നു കീഴടക്കിയാണു പൊലീസിന്റെ ആദ്യ ഫെഡറേഷൻ കപ്പ് വിജയം.കേരള ഫുട്ബോളിനു രാജ്യത്തു തന്നെ മേൽവിലാസം നൽകിയത് പോലീസിന്റെ ആ വിജയമായിരുന്നു.അടുത്ത വർഷവും പോലീസ് ഈ വിജയം ആവർത്തിച്ചു.

ചിറകുവച്ച ചാക്കോ,പറപ്പൂരുകാരൻ പാപ്പച്ചൻ നീണാൾ വാഴട്ടെ, കേരള പോലീസ് ഇന്ത്യൻ ക്ലബ് ചാമ്പ്യൻമാർ…ഇതൊക്കെയായിരുന്നു അന്നത്തെ കാലത്തെ പത്രങ്ങളുടെ മാസ്സ് ഹെഡ്ഡിംഗ്.മലയാളിയെ ഇന്നുകാണുന്ന കാൽപന്ത് കളിയുടെ ആരവങ്ങളിലേക്കെത്തിച്ചതിൽ കേരള പോലീസിനോളം പങ്ക് മറ്റൊരു ടീമിനുമില്ല എന്നതാണ് വാസ്തവം.ഇതിൽ സത്യനും ലിസ്റ്റനും സി.ജാബിറും മരിച്ചുപോയവരുടെ  കൂട്ടത്തിലുള്ളവരാണെങ്കിൽ മറ്റുള്ളവരൊക്കെ ജീവിച്ചിരിക്കെ തന്നെ വിസ്മൃതിയിലായവരുടെ കൂട്ടത്തിലുള്ളതുമാണ്.
കേരളത്തിന്റെ ഏറ്റവും മികച്ച സന്തോഷ് ട്രോഫി ടീം ഏതെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം 1993-ലെ ആണെന്ന് നിസ്സംശയം പറയാൻ കഴിയും.എം രാജീവ്കുമാര്‍, ഷറഫലി, കുരികേശ് മാത്യു, വി പി സത്യന്‍, മാത്യു വര്‍ഗീസ്, തോബിയാസ്, എ എം അജിത്കുമാര്‍, പി ആര്‍ ഹര്‍ഷന്‍, ഐ എം വിജയന്‍, സി വി പാപ്പച്ചന്‍, പി എസ് അഷിം എന്നിവരായിരുന്നു അവസാന ഇലവനില്‍. 26-ാം മിനിട്ടില്‍ അജിത്കുമാറും 64-ാം മിനിറ്റില്‍ പാപ്പച്ചനുമായിരുന്നു കേരളത്തിനായി ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റിലുടനീളം 5 ഗോളുകള്‍ നേടിയ വിജയനായിരുന്നു ടോപ്‌സ്‌കോറര്‍.

Back to top button
error: