NEWS

ഗ്രീൻ ടീ കുടിച്ചാൽ കാൻസർ മാറുമോ?  കാൻസർ വിദഗ്ദൻ ഡോ ജോജോ വി ജോസഫിന്റെ മറുപടി കേൾക്കൂ

ഗ്രീൻ ടീയുടെ ഗുണങ്ങളെക്കുറിച്ച് ഇന്ന് വാതോരാതെ പലരും സംസാരിക്കാറുണ്ട്. ഗ്രീൻ ടീ, ആന്റി ഓക്സിഡന്റുകളുടെ കലവറയാണെന്നും അത് കാൻസർ രോഗികൾക്ക് വളരെ ഫലപ്രദമാണെന്നുമാണ് പലരുടെയും വിശ്വാസം. അവരുടെ അറിവിന്റെ അടിസ്ഥാനമെന്നു പറയുന്നതോ പരസ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തുവരുന്ന പോസ്റ്റുകളും. വൈദ്യമേഖലയിൽ ഉള്ളവർ പോലും കൃത്യമായ പഠനങ്ങൾ നടത്താതെ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട് എന്നതാണ് വിരോധാഭാസം. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഗ്രീൻ ടീയുടെ ഗുണദോഷങ്ങൾ എന്ന് നമുക്ക് കാണാം.
പലതരം ചായപ്പൊടികൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്. ബ്ലാക്ക് ടീ, വൈറ്റ് ടീ, അതുപോലെ ഗ്രീൻ ടീ. ഇവയെല്ലാം ഒരേ തരം തേയിലകളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. തേയില നാമ്പുകൾ ഇലയായി വിടരുന്നതിനു മുമ്പ്, ആ നാമ്പുകൾ വെളുത്ത രോമം പോലുള്ള ഒരു പദാർത്ഥത്താൽ മൂടപ്പെട്ടിരിക്കും. ആ വെളുത്ത  പദാർത്ഥങ്ങളുള്ള നാമ്പുകൾ ഇറുത്തെടുത്ത്, വിവിധ പ്രക്രിയകളിലൂടെ അവയെ ഉണക്കിയെടുത്താണ് വൈറ്റ് ടീ പൊടികൾ ഉത്പാദിപ്പിക്കുന്നത്. നാം സാധാരണയായി ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ചായയെയാണ്  ബ്ലാക്ക് ടീ എന്ന് പറയുന്നത്. ബ്ലാക്ക് ടീ പൊടി ഉണ്ടാക്കാൻ തേയില ഇല ചതച്ച്, അവയ്ക്ക് വായുസമ്പർക്കം നൽകി ഓക്സിഡേഷൻ പ്രക്രിയയിലൂടെ കടത്തിവിടുന്നു. ഈ ഓക്സിഡേഷൻ പ്രക്രിയ തേയിലയുടെ നിറം മാറാനും രുചി കൂടാനും സഹായിക്കുന്നു. എന്നാൽ ഗ്രീൻ ടീ ഉൽപാദനത്തിൽ ഈ ഓക്സിഡേഷൻ പ്രക്രിയ മിതമായി ആണെന്നു മാത്രം. എങ്കിലും അവയുടെ നിറത്തിനും രുചിക്കും വ്യത്യാസമുണ്ടാകും.
എല്ലാത്തരം ചായപ്പൊടികളിലും അടങ്ങിയിരിക്കുന്ന പ്രധാന ഫ്‌ളെവിനോയ്ഡ് (ഉത്പന്നങ്ങളിൽ പ്രകൃത്യാ ഉള്ള, മെറ്റബോളിസത്തിനും മറ്റ് സഹായിക്കുന്ന ഘടകം) വിഭാഗമാണ് ‘കാറ്റെക്കിൻസ്’. ഗ്രീൻ ടീയിൽ ആറ് തരം കാറ്റെക്കിൻസുകളാണുള്ളത്. അവ  കാറ്റെക്കിൻ, ഗലോകാറ്റെക്കിൻ, എപ്പികാറ്റെക്കിൻ, എപ്പികാറ്റെക്കിൻഗാല്ലറ്റ്, എപ്പിഗാലോകാറ്റെക്കിൻ, എപ്പിഗാലോകാറ്റെക്കിൻഗാല്ലറ്റ് (ഇ ജി സി ജി) എന്നിവയാണ്. ബ്ലാക്ക് ടീയെ അപേക്ഷിച്ച് കാറ്റെക്കിനുകൾ കൂടുതലായും ഉള്ളത് ഗ്രീൻ ടീയിൽ ആണ്. കാരണം ബ്ലാക്ക് ടീയിൽ ഫെർമെന്റഷൻ നടക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന കാറ്റെക്കിൻസ്  ‘റ്റിയഫ്ലവിൻസ്‌ ‘ (റ്റി.ആർ) ആയി മാറുന്നു. കാറ്റെക്കിനുകളെ പോലെ തന്നെ ഇവയ്ക്കും ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഈ ഘടകങ്ങളാണ് ഈ ചായപ്പൊടികളുടെ നിറത്തിലും രുചിയിലും വ്യത്യാസം സൃഷ്ടിക്കുന്നതും അതോടൊപ്പം ആന്റി ഓക്സിഡന്റ് ഗുണങ്ങൾ നൽകുന്നതും. എന്നാൽ ഇവ രണ്ടിലുമുള്ള ഫ്‌ളെവിനോയ്ഡുകൾ  വ്യത്യസ്തമാണെങ്കിലും ആന്റി ഓക്സിഡന്റ് ഗുണങ്ങൾ തുല്യമാണെന്നുള്ളതാണ് വസ്തുത.
ഗ്രീൻ ടീയിൽ താരതമ്യേന കഫീന്റെ അളവ് കുറവാണ്. ഗ്രീൻ ടീയിലും ബ്ലാക്ക് ടീയിലും അടങ്ങിയിട്ടുള്ള ‘റ്റാനിൻ’ എന്ന ഘടകത്തിന്റെ അളവും തുല്യമാണ്. അതുകൊണ്ടു തന്നെ ഭക്ഷണത്തിന്റെ ഇടവേളകളിൽ മാത്രമേ ഇത് കുടിക്കാവൂ. കാരണം റ്റാനിൻ എന്ന ഘടകം വിവിധ ധാതുക്കളും മൈക്രോ ന്യൂട്രിയന്റ്സും ശരീരത്തിൽ ആഗിരണം ചെയ്യുന്നത് തടയും.
എങ്ങനെയാണ് ഗ്രീൻ ടീ കൂടുതൽ വിശ്വാസയോഗ്യമായത്  ?
ഏകദേശം അയ്യായിരം വർഷത്തോളമായി സാധാരണക്കാർ ഉപയോഗിക്കുന്നതാണ് ചായ. പഴയകാലത്ത് തേയിലകൾ മരുന്നായി ഉപയോഗിക്കുന്ന ഒരു ശീലമാണ് നിലവിലുണ്ടായിരുന്നത്. വർഷങ്ങൾ കഴിഞ്ഞാണ് അത് വിവിധ പ്രക്രിയകളിലൂടെ കമർപ്പ് കുറച്ച് ഒരു പാനീയമായി ഉപയോഗിക്കാമെന്ന രീതിയിലേക്ക് സാധാരണക്കാർ എത്തിയത്. അങ്ങനെയാണ് ബ്ലാക്ക് ടീയുടെ ഉപയോഗം നിലവിൽ വന്നത്. എന്നാൽ ഗ്രീൻ ടീയ്ക്ക് പ്രകൃതിയുമായി കൂടുതൽ ചേർന്നുപോകുന്നു എന്ന് തോന്നുന്ന പച്ച നിറമായതുകൊണ്ട് അത് കൂടുതൽ ഗുണങ്ങൾ ഉള്ളതാണെന്നുള്ള ഒരു വിശ്വാസം പ്രചാരത്തിൽ വന്നു.
ഗ്രീൻ ടീയുടെ ഗുണങ്ങളെക്കുറിച്ചുള്ള പ്രചരണങ്ങളിൽ വ്യവസായിക ലക്ഷ്യങ്ങളുമുണ്ട്. ഗ്രീൻ ടീ ഉത്പാദിപ്പിക്കാൻ താരതമ്യേന ചിലവ് കുറവാണ്. എന്നാൽ അവയുടെ വിലയാകട്ടെ മറ്റ് ചായപ്പൊടികളെക്കാൾ രണ്ടിരട്ടിയും. അതുപോലെ ചൈനക്കാർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഗ്രീൻ ടീ ആണെന്നതും ഗ്രീൻ ടീയുടെ പ്രചാരണത്തിന് മറ്റൊരു കാരണമായി. അവർ ബ്ലാക്ക് ടീയെക്കാളും ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഗ്രീൻ ടീയാണ്. അതുകൊണ്ടു തന്നെ പലരും വിശ്വാസിച്ചിരിക്കുന്നത് ഗ്രീൻ ടീയ്ക്ക്  കൂടുതൽ ഗുണങ്ങളുണ്ടെന്നാണ്. 80 ശതമാനവും ഗ്രീൻ ടീ ഉത്പാദനം നടക്കുന്നത് ചൈനയിലാണ്.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുമെന്നും അതുവഴി ഉണ്ടാകാൻ സാധ്യതയുള്ള കാൻസർ, പൊണ്ണത്തടി പോലുള്ള രോഗങ്ങൾ തടയാമെന്നുമാണ് പൊതുവെയുള്ള ഒരു ധാരണ. മാത്രമല്ല, ജരാനരകൾ ബാധിച്ച് പ്രായമാകുന്നതു വരെ ഗ്രീൻ ടീ തടയുമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിയുടെ ആരോഗ്യരഹസ്യം പോലും ഗ്രീൻ ടീ ആണെന്ന തരത്തിലുള്ള വാർത്തകൾ പലരും പ്രചരിപ്പിക്കുന്നുണ്ട്.
എന്താണ് ഫ്രീ റാഡിക്കൽസ്?
നമ്മുടെ ശരീരത്തിൽ ചില രാസപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഒരു ചെറുകണികയുടെ സൂക്ഷ്മകണം നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരു സൂക്ഷ്മകണം കൂട്ടിച്ചേർക്കപ്പെടുകയോ ചെയ്‌താൽ അത് വളരെയധികം ശക്തിയുള്ള ഒരു കണികയായി മാറും. ഇങ്ങനെ ഉണ്ടാകുന്ന കണികകളെയാണ് ‘ഫ്രീ റാഡിക്കൽസ്’ എന്നു പറയുന്നത്. അങ്ങനെ വരുമ്പോൾ ഈ കണികകൾക്ക് മറ്റു കണികകളുമായി ചേർന്ന് വേഗത്തിൽ തന്നെ വിപരീതമായി പ്രവർത്തിക്കാൻ കഴിയും. ഫ്രീ റാഡിക്കൽസ് രണ്ടു തരത്തിലുണ്ട്. ഒന്ന് റിയാക്റ്റീവ് ഓക്സിജൻ സ്‌പീഷീസ് (ആർ.ഓ.എസ്), മറ്റൊന്ന് റിയാക്റ്റീവ് നൈട്രജൻ സ്‌പീഷീസ് (ആർ.എൻ.എസ്). ശരീരത്തിൽ കൂടുതലായി ഉള്ളത് ആർ.ഓ.എസ് ആണ്.
ഫ്രീ റാഡിക്കലുകൾ ചെറിയ അളവിൽ ശരീരത്തിന് ഉപകാരപ്രദമാണ്. കാരണം നമ്മുടെ ശരീരത്തിലുള്ള ബാക്റ്റീരിയകൾ, ഫംഗസ്, കാൻസർ കോശങ്ങൾ എന്നിവയെ നശിപ്പിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. എന്നാൽ ഉയർന്ന അളവിൽ ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകൾ കോശങ്ങളുടെ ഘടനയെ സാരമായി തന്നെ ബാധിക്കുകയും ക്രമേണ കോശങ്ങളുടെ നശീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. അങ്ങനെ ഡയബറ്റിക്‌സ്, കാൻസർ, കാർഡിയോ വാസ്ക്കുലാർ പ്രശ്നങ്ങൾ എന്നീ രോഗങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നു. ഇങ്ങനെ ഉയർന്ന അളവിൽ ശരീരത്തിൽ ഫ്രീ റാഡിക്കലുകൾ നിലനിൽക്കുന്നതിനെയാണ് ‘ഓക്സിഡൻസി സ്ട്രെസ്’ എന്ന് വിളിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, അന്തരീക്ഷ മലിനീകരണം, തുടങ്ങിയവയാണ് ഈ ഓക്സിഡൻസി സ്ട്രെസ്സിലേക്ക് കൂടുതലായും നയിക്കുന്നത്.
മരുന്നാണോ ഗ്രീൻ ടീ? 
ഡോ. റിച്ചാർഡ് പെൻടോ 1981- ൽ നേച്ചർ മാഗസിനിൽ എഴുതിയ ഒരു ലേഖനമാണ് ആന്റി ഓക്സിഡന്റ്സിന്റെ പ്രശസ്തി വർദ്ധിപ്പിച്ചത്. എന്നാൽ ഈ ലേഖനത്തിന്റെ താഴെ പ്രസ്തുത മാഗസിന്റെ എഡിറ്റർ തന്നെ കുറിച്ചിരിക്കുന്നത്, ഇത് ഒരിക്കലും ചികിത്സക്കായി ഉപയോഗിക്കരുതെന്നും ഈ വിഷയത്തിൽ തുടർപഠനങ്ങൾ ആവശ്യമാണെന്നും ആണ്. എന്നാൽ തല്പരകക്ഷികൾ ഈ ലേഖനത്തിന്റെ ആദ്യഭാഗം മാത്രം ഉയർത്തിക്കാട്ടുകയും ഗ്രീൻ ടീയുടെ വ്യവസായിക ലക്ഷ്യങ്ങൾക്കു വേണ്ടി അത് ഉപയോഗിക്കുകയും ചെയ്തു.
ഏകദേശം 1500 കോടിയുടെ ഗവേഷണമാണ് ഒരു വർഷം തന്നെ ആന്റി ഓക്സിഡന്റ് ചികിത്സകളെക്കുറിച്ച് ഇപ്പോഴും നടക്കുന്നത്. പന്ത്രണ്ടോളം ‘റാണ്ടമൈസ്ഡ് കൺട്രോൾഡ് ട്രയൽസ്’ (ആർ.സി.റ്റി) ആണ് ഇതുവരെ ആന്റി ഓക്സിഡൻസ് ഉപയോഗിച്ച് നടന്നിരിക്കുന്നത്. ആർ.സി.റ്റി എന്നു പറയുന്നത് ഒരു പരിശോധനയാണ്. ഇതിന്റെ ഫലമാണ് വൈദ്യമേഖലയിലെ അവസാനത്തെ വാക്ക്. ഈ പരിശോധനയിൽ ഒരു മരുന്നിന്റെ ഫലപ്രാപ്തി തെളിഞ്ഞാൽ ആ മരുന്ന് തുടർന്ന് ചികിത്സക്കായി ഉപയോഗിക്കാമെന്നാണ്. എന്നാൽ ഇതുവരെ നടന്ന പന്ത്രണ്ടോളം ആർ.സി.റ്റി -യിലും ആന്റി ഓക്സിഡന്റ്സ് കാൻസർ രോഗത്തെ പ്രതിരോധിക്കുമെന്നോ, തടയുമെന്നോ തെളിഞ്ഞിട്ടില്ല എന്നു മാത്രമല്ല, അതോടൊപ്പം  കാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.
കാൻസർ രോഗികൾക്ക് ചികിത്സയോടൊപ്പം ഗ്രീൻ ടീ നൽകുന്നത് തീർച്ചയായും അപകടമാണ്. കാൻസർ ചികിത്സകളായ കീമോ തെറാപ്പി, റേഡിയേഷൻ പോലുള്ള ചികിത്സ എടുക്കുന്നവരിൽ അത് ഫ്രീ റാഡിക്കൽസ് കൂടുതലായിഉണ്ടാക്കുകയും അവ കോശങ്ങളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചിലപ്പോൾ മരണം വരെ സംഭവിക്കാം. ഇത്തരം ചികിത്സകളിലായിരിക്കുന്നവർ ആന്റി ഓക്സിഡൻസുള്ള ഗ്രീൻ ടീ ഉപയോഗിച്ചാൽ അത് ചികിത്സയുടെ ഗുണങ്ങളെ കുറയ്ക്കുകയും ചെയ്യും. അതുപോലെ കാൻസർ രോഗസാധ്യതയുള്ളവർക്ക് അതായത്, പുകവലിക്കുന്നവരും ഗ്രീൻ ടീ ഉപയോഗം പരിമിതപ്പെടുത്തണം. സാധാരണയായി ആരോഗ്യമുള്ള വ്യക്തികൾ പോലും ഗ്രീൻ ടീ പോലുള്ള പാനീയങ്ങൾ ഉപയോഗിച്ചതു കൊണ്ട് പ്രത്യേകം ആരോഗ്യഗുണങ്ങൾ ഒന്നും തന്നെ അവർക്ക് ലഭ്യമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിൽ അടങ്ങിയിരിക്കുന്ന കഫീൻ, ക്ഷീണം അകറ്റി ഒരു ഉണർവ്വ് നൽകുന്നതൊഴിച്ചാൽ മറ്റ് ഗുണങ്ങൾ ഒന്നും തന്നെ അവർക്ക് ലഭിക്കുന്നില്ല.
ഗ്രീൻ ടീ അമിതമായി ഉപയോഗിച്ചാൽ ?
ഗ്രീൻ ടീ അമിതമായി ഉപയോഗിക്കുന്നവരിൽ പതിനൊന്നോളം അനന്തരഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ ആളുകളിൽ ഉണ്ടാവുന്നത് ഉദരപ്രശ്നങ്ങളാണ്. അതായത് അസിഡിറ്റി, നെഞ്ചിരിച്ചിൽ തുടങ്ങിയവ. മൈഗ്രേയ്ൻ പ്രശ്നമുള്ളവരിൽ ഇത് തലവേദനയുടെ തീവ്രത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതുപോലെ ഉറക്കക്കുറവ്, വിളർച്ച, ഛർദി എന്നിവയും ഇതിന്റെ അനന്തരഫലങ്ങളാണ്.
ഗ്രീൻ ടീയിൽ കഫീന്റെ അളവ് കൂടുതലായതിനാൽ ഇതിന്റെ അമിതോപയോഗം ചില വ്യക്തികളിൽ തലകറക്കം സൃഷ്ടിക്കുന്നു. അതുപോലെ ആസ്പിരിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരിൽ ഇത് ബ്ലീഡിങ് പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കരൾ രോഗങ്ങൾ, ക്രമവിരുദ്ധമായ ഹാർട്ട് ബീറ്റ്, ബോൺ ഡെൻസിറ്റി കുറയുക, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കും ഗ്രീൻ ടീയുടെ അമിതോപയോഗം വഴിതെളിയിക്കുന്നു. ഗർഭിണികളിൽ ചില അവസരങ്ങളിൽ ഇത് ഗര്‍ഭഛിദ്രത്തിനും കാരണമാകുന്നു.
കാൻസർ ചികിത്സക്ക് ആന്റി ഓക്സിഡന്റ്സ് കൊണ്ട് പ്രയോജനമില്ലേ? 
‘കാൻസർ കീമോ പ്രിവെൻഷൻ’ എന്നൊരു  ഗവേഷണ വിഭാഗം തന്നെയുണ്ട്. അതായത് ആന്റി ഓക്സിഡന്റ്‌സോ ധാതുക്കളോ മറ്റേതെങ്കിലും മരുന്നോ ഉപയോഗിച്ച് കാൻസർ രോഗം തടയാനോ അല്ലെങ്കിൽ അത് വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമോ എന്നതാണ് ഗവേഷണ വിഷയം. എന്നാൽ ധാതുക്കളോ, വിറ്റാമിനുകളോ ഒന്നും തന്നെ കാൻസർ രോഗം തടയില്ല എന്നതാണ് ഇവരുടെ ഇതുവരെയുള്ള കണ്ടുപിടിത്തം.
(ഡോ ജോജോ വി ജോസഫ്
കാൻസർ  സർജൻ
കാരിത്താസ് കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട്)

Back to top button
error: