
തിരുവനന്തപുരം: സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും, സംസ്ഥാനതലത്തിലുള്ള നേതാക്കളെപ്പോലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയതോടെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിരോധത്തിലായി. അതേ സമയം വൈദ്യുതി മന്ത്രിയെ ചര്‍ച്ചക്ക് നിയോഗിച്ച് പ്രശ്നപരിഹാരത്തിന് നീക്കം നടത്തുകയാണ് എൽഡിഎഫ്. ചെയര്‍മാന്‍റെ പ്രതികാര നടപടി അംഗീകരിക്കില്ലെന്നും, സമരം തുടരുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹവുമായി സമരത്തിനിറങ്ങിയ ഓഫീസേഴ്സ് അസോസിയേഷന്‍, ചെയര്‍മാന്‍റെ അപ്രതീക്ഷിത നീക്കത്തിന്‍റെ ഷോക്കിലാണ്. ഇന്നും നാളെയും അവധിയായതിനാൽ സമരവും നടത്താനാകുന്നില്ല.
ഒരു ദിവസം മുമ്പേ, നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ്, ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ചക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതോടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി. സംസ്ഥാന പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റിയത്. ജനറല്‍ സെക്രട്ടറി ഹരികുമാറിന്‍റെ പ്രമോഷന്‍ തടഞ്ഞു. സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരം പട്ടത്തെ വൈദ്യുതിഭവനിൽ നിന്ന് പത്തനംതിട്ടയിലെ സീതത്തോട്ടിലേക്കും സ്ഥലം മാറ്റി.
സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖക്ക് വിരുദ്ധമാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമരമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കാര്യക്ഷമമായും ലാഭകരമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം വേണമെന്നാണ് നയരേഖ നിര്‍ദ്ദേശിക്കുന്നത്. എന്നാൽ ചെയര്‍മാന്‍റെ ഏകാധിപത്യപ്രവണതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും, സ്ഥലം മാറ്റം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സിപിഎം നേതാക്കൾ മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അതേസമയം, വൈദ്യുതി ബോര്‍ഡിലെ ഭൂരിപക്ഷം തൊഴിലാളികളും അംഗങ്ങളായ സിഐടിയുവിന്‍റെ വര്‍ക്കേഴ്സ് അസോസിയേഷന്‍, ഓഫീസേഴ്സ് അസോസിയേഷന്‍റെ സമരത്തോട് നിസ്സംഗത പുലര്‍ത്തുകയാണ്. റഫറൻഡം അടുത്തുവരുന്ന സഹാചര്യത്തില്‍ കലുഷിതമായ അന്തരീക്ഷം സ്ഥാപനത്തില്‍ വേണ്ടെന്ന നിലപാടിലാണവര്‍. എന്നാല്‍ മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമാക്കിയ വൈദ്യുതി മന്ത്രി, അസോസിയേഷന്‍റെ ഫ്യൂസൂരിയ നടപടി ഉടന്‍ പുനഃപരിശോധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍.






