KeralaNEWS

സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍; ”സമരക്കാര്‍ക്ക് മഴയും വെയിലും കൊണ്ട് നില്‍ക്കാം”

തിരുവനന്തപുരം: സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളുവെന്നായിരുന്നു ചെയര്‍മാന്‍റെ പരാമര്‍ശം. കെഎസ്ഇബിയില്‍ നിലവില്‍ പ്രശ്നങ്ങളില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്‍റെ ഭാഷയാണ് മാനേജ്‍മെന്‍റിനെന്നും കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചു.

ഒരു ദിവസം മുമ്പേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ചക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതൊടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി. സംസ്ഥാന പ്രസി‍ഡന്‍റ് എംജി സുരേഷ്കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റിയത്. ജനറല്‍ സെക്രട്ടറി ഹരികുമാറിന്‍റെ  പ്രമോഷന്‍ തടഞ്ഞു. സംസ്ഥാന ഭാരവാഹി ജാസമിന്‍ ബാനുവിനെ സീതത്തോട്ടിലേക്കും മാറ്റി. വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകല റിലേ സത്യഗ്രഹവുമായി സമരത്തിനിറങ്ങിയ ഓഫീസേഴസ് അസോസിയേഷന്‍ ചെയര്‍മാന്‍റെ അപ്രതീക്ഷിത നീക്കത്തിന്‍റെ ഷോക്കിലാണ്.

സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖക്ക് വിരുദ്ധമാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ  സമരമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ കാര്യക്ഷമമായും ലാഭകരമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം വേണമെന്നാണ് നയരേഖ നിര്‍ദ്ദേശിക്കുന്നത്. ചെയര്‍മാന്‍റെ ഏകാധിപത്യ പ്രവണതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സ്ഥലം മാറ്റം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഓഫീസേഴസ് അസോസിയേഷന്‍ വ്യക്തമാക്കി.

Back to top button
error: