മുംബൈ: ലോകത്തെ മുന്‍നിര ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ മോഡലായ ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ ഉല്‍പ്പന്നം അസംബിള്‍ ചെയ്യാനാണു തീരുമാനം. അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചടക്കുന്നതിനൊപ്പം രാജ്യാന്തര വിപണിയിലെ അപ്രമാധിത്യം തുടരുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ഇന്ത്യന്‍ ഉപയോക്താക്കളെ സംബന്ധിച്ചു തീരുമാനം നേട്ടമാകുമെന്നാണു വിലയിരുത്തല്‍.
കൊവിഡിനു ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് അതിവേഗമായിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ മിക്ക രാജ്യാന്തര സമ്പദ്വ്യവസ്ഥകളും വലിയ തിരിച്ചടി നേരിടുകയാണ്. എന്നാല്‍ ഇന്ത്യയില്‍ വലിയ തിരിച്ചടികളില്ല. നിലവില്‍ ആപ്പിള്‍ തങ്ങളുടെ ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നതിനു ചൈനയെയാണ് വലിയതോതില്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ചൈനീസ് വിരുദ്ധ വികാരം ലോകത്താകമാനം അലയടിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രഖ്യാപനങ്ങളും കമ്പനിയെ ആകര്‍ഷിച്ചു. മറ്റു രാജ്യങ്ങള്‍ക്കു ഇന്ത്യയുമായുള്ള വാണിജ്യ- വ്യാപാര ബന്ധങ്ങളും ആപ്പിളിനു നേട്ടമാകും.
ഐഫോണ്‍ 13-നൊപ്പം, രാജ്യത്തെ പങ്കാളികളായ ഫോക്‌സ്‌കോണിന്റെയും വിസ്‌ട്രോണിന്റെയും സഹായത്തോടെ ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റു മോഡലുകളും പ്രാദേശികമായി നിര്‍മ്മിക്കുമെന്നാണു വിലയിരുത്തല്‍. പ്രോ മോഡലുകള്‍ നിര്‍മിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രാജ്യത്തിനകത്തു തന്നെ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ മോഡലുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്നാണു വിലയിരുത്തല്‍.