NEWS

റാന്നി:വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാട്

ക്ഷങ്ങളുടെ വിനോദസഞ്ചാര പദ്ധതികളോ ഉൽഘാടനങ്ങളുടെ  മാമാങ്കങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയവയാണ് നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങൾ.അത്തരത്തിൽ വെള്ളച്ചാട്ടങ്ങളുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന മലനാടിന്റെ റാണിയായ റാന്നിയിലെ ചില വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം.
പെരുന്തേനരുവി
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി.പാറകൾക്കിടയിലൂടെ കുണുങ്ങി കുണുങ്ങി എത്തി പെട്ടെന്ന് കരുത്താർജ്ജിച്ച് ഹുങ്കാരശബ്ദത്തോടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഒരായിരം ഫ്രെയിമുകള്‍ക്ക് പകരം വയ്ക്കാവുന്നതല്ല.കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാറകള്‍ക്ക് വൈവിധ്യമാര്‍ന്ന ശില്പരൂപം നല്‍കിയിരിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.ഒരാൾ പൊക്കമുള്ള കുഴികൾ വരെ ഈ പാറക്കൂട്ടങ്ങളിൽ ഉണ്ട്.എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ രൂപപ്പെട്ടത്.അമിത ‘സാഹസികത’ കാണിച്ച ധാരാളം പേർ ഇവിടെ അപകടത്തിൽ പെട്ടിട്ടുമുണ്ട്. അതിനാൽ.സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നു മാത്രം പറയുന്നു.

പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി ഒഴുകിയത്തെി വനമേഖലയുടെ പശ്ചാത്തലത്തില്‍ രൗദ്രഭാവം പൂണ്ട് 100 അടി ഉയരത്തില്‍ നിന്ന് പമ്പാനദിയിലേക്ക് പതിക്കുന്ന പെരുന്തേനരുവിയുടെ കാഴ്ച കാണേണ്ടത് തന്നെയാണ്.

നാവീണരുവി
പെരുന്തേനരുവിക്ക് തൊട്ടു മുകളിൽ തന്നെയാണ് ഇത്.കാഴ്ചകൾ കാണാൻ എത്തുന്നവരെ പിടിച്ചു നിർത്തുന്ന പ്രകൃതി രമണീയതയും വെള്ളത്തിന്റെ പതഞ്ഞൊഴുകലും പാറക്കൂട്ടങ്ങളിൽ കൂടി തട്ടിത്തടഞ്ഞ് ഒഴുകിയിറങ്ങുന്ന ശബ്ദവും ഏതൊരാളെയും കോരിത്തരിപ്പിക്കും.വാഴച്ചാല്‍ വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധം പരന്നൊഴുകുന്ന  നാവീണരുവിയ്ക്ക് ആ പേര് ലഭിച്ചത് ബ്രിട്ടീഷ് അധിനിവേശക്കാലത്ത് നായാട്ടിനിറങ്ങിയ ഏതോ സായിപ്പിന്റെ നായ അരുവിയിൽ വീണതിനാലാണത്രെ! (നാ വീണ അരുവി)
 പെരുന്തേനരുവിയ്ക്കും നാവീണരുവിക്കും കുറച്ചുകൂടി മുകൾ ഭാഗത്തായായാണ് പനംകുടുന്ത അരുവി .സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പനങ്കുടന്ത അരുവിയില്‍ എത്തിച്ചേരാന്‍ സാധിക്കൂ.നാവീണരുവിയില്‍ നിന്നും മൂന്നര കിലോമീറ്ററോളം വന്യമായ കാടിന്റെ നടുവിലൂടെ നടക്കണം പനങ്കുടന്ത അരുവിക്കു സമീപമെത്താന്‍.പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തെക്കാള്‍ പത്തിരട്ടി വലിപ്പമുള്ളതും പതിനൊന്നു തട്ടുകളുള്ളതുമാണ് പനങ്കുടന്ത അരുവി.യാത്രാദുരിതം മനസ്സിലോർത്ത് തിരികെ പോകുന്നവർക്ക് എന്നുമൊരു തീരാനഷ്ടമാവും ഇതെന്നർത്ഥം!
മാടത്തരുവി
പെരുന്തേനരുവിയിൽ നിന്നും മണ്ണടിശാല, വെച്ചൂച്ചിറ വഴി റാന്നിയിലേക്ക് വരുമ്പോൾ
മന്ദമരുതിക്ക്​ സമീപമാണ് മാടത്തരുവി വെള്ളച്ചാട്ടം ഇവിടേക്കും ദുര്‍ഘടമായ പാതയിലൂടെ കാല്‍നടയായി മാത്രമേ എത്തിച്ചേരാനാകൂ. വേനലിലും നീരൊഴുക്കും വെള്ളച്ചാട്ടവും ഇവിടെ കാണുവാൻ സാധിക്കും എന്നതാണ് പ്രത്യേകത.
കുപ്രസിദ്ധ മറിയക്കുട്ടി കൊലക്കേസ് നടന്നത് ഇവിടെയാണ്.(1966-ൽ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകകേസാണ് മാടത്തരുവി കേസ്)
ഇതിനെ ആസ്പദമാക്കി  “മാടത്തരുവി“, “മൈനത്തരുവി കൊലക്കേസ്” എന്നീ പേരുകളിൽ രണ്ടു മുഴുനീള ചലച്ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
കട്ടിക്കല്ലരുവി
ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പാറയിടുക്കുകളിൽ തട്ടി ചിന്നിച്ചിതറി വെള്ളം ഒഴുകുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.അരുവിയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് പാറക്കെട്ടുകളിൽ കൂടി ഒഴുകിയിറങ്ങുന്ന വെള്ളം ചിന്നിച്ചിതറി പതഞ്ഞൊഴുകുന്ന കാഴ്ച കണ്ടു നിന്നാൽ സമയം പോകുന്നത് അറിയുകയില്ല.റാന്നിയിൽ നിന്നും അത്തിക്കയം കടുമീൻചിറ വഴി ഇവിടെയെത്താം.
കൊടുമ്പുഴ അരുവി

കാനനവാസത്തിന് പുറപ്പെട്ട രാമലക്ഷ്മണന്‍മാരെയും സീതയെയും ഗുഹന്‍ തോണിയിലേറ്റി പുഴകടത്തിയെന്ന ഐതിഹ്യമുള്ള തോണിക്കടവ് എന്ന ഗ്രാമത്തിലാണ് കരിമ്പാറകളില്‍ തട്ടി ചിന്നിച്ചിതറിയൊഴുകുന്ന കൊടുമ്പുഴ അരുവി.ശാന്തമായി ഒഴുകിയെത്തുന്ന പുഴ ഇവിടെയെത്തുമ്പോള്‍ രൗദ്രഭാവം പൂണ്ട് ഒഴുകുന്നതുകൊണ്ടാണ്  കൊടുംപുഴ എന്ന പേരുവന്നത്.
എരപ്പനാംകുഴി വെള്ളച്ചാട്ടം
റാന്നി വടശ്ശേരിക്കര റൂട്ടിൽ പുതുശേരിമല സർക്കാർ യുപി സ്കൂളിന്റെ സമീപത്താണ് ഇത്.വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ അല്ലെങ്കിൽ ഗ്രാമീണ മലയാളത്തിൽ പറയുന്ന എരപ്പ് ശബ്ദം കേൾക്കുന്നതിനാലാണ് ഇതിനെ എരപ്പനാംകുഴി വെള്ളച്ചാട്ടമെന്ന് വിളിക്കുന്നത്. തൊട്ടടുത്തുള്ള നെടുമ്പാറയുടെ മുകളിൽ ഇരുന്നാൽ കാറ്റിന്റെ തഴുകലും ആസ്വദിച്ച് വെള്ളത്തിന്റെ ഇരമ്പലും കേട്ട് അൽപ സമയം മറ്റൊരു ലോകത്ത് തന്നെ എത്താം.
അരുവിക്കൽ വെള്ളച്ചാട്ടം
റാന്നി ടൗണിൽ നിന്നും വെറും മൂന്നു കിലോമീറ്റർ ദൂരത്തിൽ തിരുവല്ല റൂട്ടിൽ നെല്ലിക്കമണ്ണിന് സമീപം ഉന്നക്കാവിലാണ് ഇത്.വേനൽക്കാലത്ത് നാവ് നീട്ടി കിടക്കുമെങ്കിലും മഴക്കാലത്ത് രൗദ്രഭാവമാണ്.കാണേണ്ട കാഴ്ച തന്നെ.സുരക്ഷിതമായി അടുത്ത് നിന്ന് കണ്ടും കേട്ടും അനുഭവിക്കുവാൻ സാധിക്കുന്നത് മനസിനെ കുളിർപ്പിക്കും.
അരുവിക്കുഴി വെള്ളച്ചാട്ടം
റാന്നി തിരുവല്ല റൂട്ടിൽ തന്നെയാണ് ഇതും.തടിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റർ പോയാൽ ഇവിടെയെത്താം.ജലം സമൃദ്ധമായുള്ളപ്പോൾ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ നിറം അരുവിയുടെ പലഭാഗങ്ങളിലും വ്യത്യസ്തമാകുന്ന കാഴ്ച കൗതുകം ജനിപ്പിക്കും
ഒരക്കംപാറ വെള്ളച്ചാട്ടം
റാന്നിയിൽ നിന്നും ഏകദേശം പന്ത്രണ്ട് കിലോമീറ്റർ ദുരത്താണ് ഇത്.കോട്ടയം ജില്ലാ അതിർത്തിയിലെ വഞ്ചികപ്പാറ, തൊടുകമല എന്നീ മലനിരകളിലെ 18 ചെറു നീർച്ചാലുകൾ സംയോജിച്ചാണ് ഒരക്കംപാറയുടെ മുകളിൽ എത്തുന്നത്.അവിടെ നിന്ന് 183 അടി താഴ്ചയിലേക്കാണ് തെളിനീർ ചിതറി പതഞ്ഞൊഴുകുന്നത്.റാന്നി- ചുങ്കപ്പാറ– മണിമല റോഡിൽ കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിന് സമീപം വലതു തിരിഞ്ഞ്  അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഒരക്കംപാറ വെള്ളച്ചാട്ടത്തിലെത്താം.
  കിളിപ്പാട്ടരുവി
പാറമടക്കുകളിൽ തട്ടി ഒഴുകി വരുന്ന പളുങ്കു മണികൾ പോലുള്ള ജല കണികകൾ നയനാനന്ദകരമായ കാഴ്ചയാണ് ഇവിടെ സന്ദർശകർക്കു നൽകുന്നത്.ജലകണങ്ങളുടെ മർമ്മരം ഇവിടെ കിളിക്കൊഞ്ചലായാണത്രേ അനുഭവപ്പെടുന്നത്.അതിനാലാണ് കിളിപ്പാട്ടരുവി എന്ന പേര് നാട്ടുകാർ ഈ വെള്ളച്ചാട്ടത്തിനിട്ടതും.മന്ദമരുതി–വലിയകാവ് റോഡിനോടു ചേർന്നാണ് അരുവിയുടെ സ്ഥാനം.
റാന്നിയിലെ വെള്ളച്ചാട്ടങ്ങൾ ഇവിടെക്കൊണ്ട് തീരുന്നില്ല.ശബരിമലയ്ക്കോ ഗവിയിലേക്കോ(രണ്ടും റാന്നി താലൂക്കിലാണ്) ഉള്ള യാത്രയിൽ നിങ്ങൾക്കതു കണ്ടു മനസ്സിലാക്കുവാൻ സാധിക്കും.റാന്നിയിൽ നിന്നും ചാക്കപ്പാലം വഴി പത്തനംതിട്ടയിലേക്കു പോകുമ്പോഴും കുട്ടത്തോട് ഉൾപ്പടെ അസംഖ്യം വെള്ളച്ചാട്ടങ്ങൾ നിങ്ങൾക്ക് ദർശനം തരും.

Back to top button
error: