TechTRENDING

4 ജി നെറ്റ്‌വര്‍ക്കിനായി 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. രാജ്യമൊട്ടാകെ ഇതിനായി 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് സാധ്യമാകുന്ന മുറയ്ക്ക് ട്രെയിനുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. നൂറ് കിലോമീറ്ററിലധികം വേഗതയില്‍ ട്രെയിന്‍ ഓടുമ്പോള്‍ 4 ജി നെറ്റ്‌വര്‍ക്കില്‍ തടസ്സം നേരിടുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ 5 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കും. ഇന്ത്യയിലെ എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരുമാണ് ഇത് വികസിപ്പിച്ചെടുത്തത്. തദ്ദേശീയമായി 4 ജി നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചെടുത്തത് ലോകവ്യാപകമായി രാജ്യത്തിന് പ്രശസ്തി നേടി കൊടുത്തതായും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

Signature-ad

അടിയന്തരമായി 6000 ടവറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള നടപടികളുമായി ബിഎസ്എന്‍എല്‍ മുന്നോട്ടു പോകുകയാണ്. പിന്നീട് 6000 ടവറുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും. രാജ്യമൊട്ടാകെ 4 ജി നെറ്റ്‌വര്‍ക്ക് സാധ്യമാക്കുന്നതിന് അന്തിമഘട്ടത്തില്‍ ഒരു ലക്ഷം ടവറുകള്‍ക്ക് കൂടി ബിഎസ്എന്‍എല്‍ ഓര്‍ഡര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

5 ജി നെറ്റ്‌വര്‍ക്ക് തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സമാന്തരമായി മുന്നോട്ടുപോകുകയാണ്. മാസങ്ങള്‍ക്കകം ഇത് യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ട്രെയിനുകളില്‍ 4 ജി നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടില്ലെന്ന് ട്രെയിനുകളില്‍ 4 ജി നെറ്റ്‌വര്‍ക്ക്  ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന സമയത്ത് ട്രെയിനുകളില്‍ 4 ജി നെറ്റ്‌വര്‍ക്ക് തടസ്സപ്പെടുന്നുണ്ട്. അതിനാല്‍ ട്രെയിനുകളില്‍ തടസ്സങ്ങളില്ലാതെ ഇന്റര്‍നെറ്റ് സേവനം ലഭിക്കാന്‍ 5 ജി സേവനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Back to top button
error: