കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദവുമായി കുതിക്കുന്ന വാഹനങ്ങള്‍ക്കു പൂട്ടിടാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ച നടപടിയാണ് ഓപ്പറേഷൻ ഫോക്കസ്.അമിത വെളിച്ചവും ശബ്ദവും അനധികൃത മോഡിഫിക്കേഷനും പിടികൂടാനുള്ള സംസ്ഥാന വ്യാപകമായുള്ള ഓപ്പറേഷന് ഫോക്കസിന് ഇന്നലെയാണ് തുടക്കമായത്.കേരളത്തില്‍ നിന്നു പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഗോവയില്‍ കത്തിനശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും പരിശോധിക്കുന്നത്.ഒപ്പം എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കർശന പിടിവീഴും.വൈകിട്ട് ഏഴുമുതൽ പുലർച്ച അഞ്ച് വരെയാണ് പരിശോധന.
ക്രമക്കേടുകള്‍ കണ്ടെത്തുന്ന വാഹനങ്ങളില്‍ നിന്നും അനധികൃമായി പിടിപ്പിച്ച ലൈറ്റുകള്‍ ഫിറ്റിമെഗസുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഇളക്കി മാറ്റേണ്ടതുണ്ടെങ്കില്‍ വാഹന ഉടമയുടെ/ ഡ്രൈവറുടെ ചിലവിലും ഉത്തരവാദിത്വത്തിലും ചെയ്തതിനു ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുൻപാകെ ഹാജരാക്കേണ്ടി വരും.നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരത്തില്‍ വാഹനം ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.