IndiaNEWS

അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല: കേന്ദ്ര ആരോ​ഗ്യമന്ത്രി

ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ വില  നിയന്ത്രിക്കുന്നത് സർക്കാർ അല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു. ഹോൾസെയിൽ വില സൂചികയുടെ അടിസ്‌ഥാനത്തിൽ ആണ് മരുന്നിന്റെ വില നിശ്‌ചയിക്കുന്നത്. ഹോൾസെയിൽ വില സൂചിക ഉയരുമ്പോൾ വിലയും ഉയരും എന്നും മന്ത്രി പറഞ്ഞു.

രൂക്ഷമായ വിലക്കയറ്റത്തിനിടെ ജനങ്ങൾക്ക് ഒട്ടും ആശ്വാസമില്ലാതെ മരുന്നുവിലയും ഉയർന്നിരുന്നു.  ജീവൻരക്ഷാ മരുന്നുകൾക്കടക്കം പത്ത് ശതമാനത്തിലധികമുള്ള വിലവർധന  ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.  പ്രമേഹം, ഹൃദ്രോഗം അടക്കം പതിവായി ഉപയോഗിക്കേണ്ട മരുന്നുകൾ വാങ്ങുന്നവർക്കാണ് വലിയ തിരിച്ചടി.

Signature-ad

സ്ഥിരം ഉപയോഗിക്കുന്ന പാരസെറ്റാമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ-മിനറൽ ഗുളികകൾ മുതൽ രോഗികൾക്ക് പതിവായി വേണ്ട പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുവിലയാണ് പ്രധാനമായും ഉയരുന്നത്.  രാസഘടകങ്ങൾക്ക് വിലകൂടിയതടക്കം കണക്കിലെടുത്ത്, മൊത്തവില സൂചികയിൽ 10.7 ശതമാനത്തിലധികം വർധനവ് നടപ്പാക്കിയതോടെയാണ് 800 ലധികം വരുന്ന മരുന്നുകൾക്ക് വില കൂടുന്നത്.  പത്ത് ശതമാനത്തിന് മുകളിലുള്ള കൂടിയ വില, പുതിയ ബാച്ച് മരുന്നുകളിലാകും  കൊടുക്കേണ്ടി വരിക.  ഇതിനാൽ നിലവിലെ സ്റ്റോക്ക് തീരും വരെ തൽകാലം ഉയർന്നവില നൽകേണ്ടി വരില്ലെന്ന നേരിയ ആശ്വാസമുണ്ട്.

എന്നാലിതിന് ശേഷം ഓരോ യൂണിറ്റിനുമുണ്ടാകുന്ന വിലവർധന, ഓരോ മരുന്നും കുറച്ചു വാങ്ങുമ്പോൾ പോലും പ്രകടമാകും. രാജ്യത്തെ മൊത്തം മരുന്നുവിപണിയുടെ പതിനേഴ് ശതമാനത്തിലധികവും കേരളത്തിലാണെന്നാണ് കണക്കുകൾ.  ജീവിതശൈലീ രോഗത്തിനുള്ള സ്ഥിരം മരുന്നുകളുപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.  ഇതിനാൽ കേരളത്തെ വിലവ‌ർധന കാര്യമായി ബാധിക്കും. ഉയർന്ന വിലയുള്ള സ്റ്റെൻഡുകൾ, കാൻസർ മരുന്നുകൾ എന്നിവയിൽ നേരത്തെയുണ്ടായ വിലക്കയറ്റങ്ങൾ കാര്യമായി ബാധിച്ചിരുന്നു.  സർക്കാരിടപെട്ട് അവശ്യമരുന്നുകളുടെ പട്ടികയിൽപ്പെടുത്തിയാണ് മിക്കവയുടേയും വില പിടിച്ചുനിർത്തിയിരുന്നത്.

Back to top button
error: