ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ന് സുപ്രീം കോടതി എന്ത് തീരുമാനം എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹർജിയിൽ ഇന്നലെ ഇടക്കാല ഉത്തരവിന് സുപ്രീംകോടതി തയാറായിരുന്നില്ല. ഇന്നും വാദം തുടരും. ഇതിന് ശേഷം ഉത്തരവ് ഉണ്ടാകുമോയെന്നാണ് അറിയാനുള്ളത്. അതിനിടെ കെയർ ടെക്കർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ പേര് ഇമ്രാൻ ഖാൻ നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടി യോഗത്തിന് ശേഷമായിരുന്നു ഇമ്രാൻ ഗുൽസാറിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇമ്രാൻ ഖാനാണ് കെയർ ടേക്കർ പ്രധാനമന്ത്രി.
അതേസമയം പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്. പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഇമ്രാൻ ഖാനെതിരെ ദേശീയ അസംബ്ലിയിൽ അവിശ്വാസം പ്രമേയം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല. അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടനാ വളച്ചൊടിച്ചു. മൂന്ന്, അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല.
മൂന്നു വാദങ്ങളെയും ഇമ്രാൻ ഖാന്റെ അഭിഭാഷകർ ഭരണഘടന ഉദ്ധരിച്ചു തന്നെ എതിർത്തു. പാർലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും കോടതി അംഗീകരിച്ചില്ല. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട് ഭരണഘടനാപരമായി വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12-ന് സുപ്രീം കോടതിയിൽ വാദം തുടരും.
അതേസമയം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ സൈന്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് സൈനിക വക്താവ് ബാബർ ഇഫ്തികാർ പ്രതികരിച്ചു. അധികാരത്തിൽ ഇടപെടില്ലെന്ന് പുറമേയ്ക്ക് പറയുമ്പോഴും രാജ്യത്തെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പാക് സൈന്യം എന്നാണ് റിപ്പോർട്ടുകൾ. പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ തുടരുകയാണ്. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം ഇന്നലെ പ്രധാന പാക് പത്രങ്ങൾ എല്ലാം ഉന്നയിച്ചിരുന്നു. ഏകാധിപതിയുടെ ഭാവത്തിലേക്ക് മാറിയ ഇമ്രാൻ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ പറഞ്ഞു. പാക് ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതീകാത്മക അവിശ്വാസം പാസാക്കിയിരുന്നു. അതേസമയം തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ പലയിടത്തും ഇമ്രാൻ ഖാന് അനുകൂലമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരുന്നു.