ന്യൂഡല്‍ഹി: മാധ്യമപ്രവർത്തക റാണ അയൂബിന് വിദേശയാത്രക്ക് അനുമതി നല്‍കി കോടതി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് റദ്ദാക്കി ദില്ലി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.
റാണ അയൂബ് ചോദ്യം ചെയ്യലുമായി സഹകരിക്കുമ്പോഴും വിലക്ക് ഏര്‍പ്പെടുത്തുന്നെന്ന് റാണ അയൂബിനായി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു. നടപടിക്രമം പാലിക്കാതെയാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി തുക സമാഹരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് റാണ അയൂബിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്.
റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്തെത്തിയിരുന്നു. റാണ അയൂബിന് നേരെയുള്ള ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുഎൻ ഇടപെടലിനെ വിമർശിച്ച ഇന്ത്യ രേഖാമൂലം പ്രതിഷേധം അറിയിക്കാനും കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് റാണ അയൂബിനെതിരെ നടപടി എടുത്തത്. സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് ഐക്യരാഷ്ട്ര ട്വീറ്റ് ചെയ്യുകയായിരുന്നു.
റാണ അയൂബിനെതിരെ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികൾ സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഓണ്‍ലൈനിലൂടെയുള്ള റാണ അയൂബിനെതിരായ വർഗീയ സ്ത്രീവിരുദ്ധ ആക്രമങ്ങളില്‍ അന്വേഷണം നടത്തണമെന്നും യുഎന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ വിമർശനങ്ങള്‍ ഉന്നയിക്കുന്ന റാണ അയൂബിന് സാമൂഹിക മാധ്യമങ്ങളില്‍ നേരിടുന്ന ആക്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് യുഎന്‍ വിമർശനം. എന്നാല്‍ ജുഡീഷ്യല്‍ പീഡനമെന്ന ആരോപണം അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യ നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നു എന്നാല്‍ ആരും നിയമത്തിന് അതീതരല്ല. തെറ്റായ പ്രചാരങ്ങളെ പിന്തുടരുന്നത് ഐക്യരാഷ്ട്രസഭക്ക് കളങ്കമാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ ഇന്ത്യ രേഖമൂലം പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ റാണ ആയൂബിനെ പിന്തുണച്ച വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം ഇന്ത്യയില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അപകടത്തിൽ ആണെന്ന് വിമർശിച്ചിരുന്നു. ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ റാണ അയൂബിന്‍റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടിയിരിക്കുകയാണ്.