മുംബൈ: പുതിയ ഫണ്ടുകള്‍ പുറത്തിറക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. എഎംസികളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ(ആംഫി)ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സെബി വ്യക്തമാക്കിയിട്ടുള്ളത്. മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോമുകള്‍, വിതരണക്കാര്‍, ബ്രോക്കര്‍മാര്‍ തുടങ്ങിയ ഇടനിലക്കാര്‍ നിക്ഷേപകരുടെ പണം സൂക്ഷിക്കുന്ന ‘പൂള്‍ അക്കൗണ്ടുകള്‍’ ഉപയോഗിക്കുന്നത് നിര്‍ത്തുന്നതുവരെ പുതിയ സ്‌കീമുകള്‍ പ്രഖ്യാപിക്കരുതെന്നാണ് നിര്‍ദേശം. ജൂലായ് ഒന്നുവരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്.
ഇടനിലക്കാര്‍വഴി നിക്ഷേപിക്കുമ്പോള്‍ നേരിട്ട് ഫണ്ട് കമ്പനിക്ക് അപ്പോള്‍തന്നെ പണം കൈമാറാതെ മറ്റൊരു അക്കൗണ്ടില്‍ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നേരത്തെ സെബി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സംവിധാനം നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. ബദല്‍ സംവിധാനം ഒരുക്കുന്നതിനായി തീരുമാനം നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആംഫി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് സമയം നീട്ടിനല്‍കിയത്.
ഒക്ടോബര്‍ 21ന് ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണെന്നും അതിനാല്‍ തന്നെ ആവശ്യത്തിന് സമയം ഇടനിലക്കാര്‍ക്ക് ലഭിച്ചിരുന്നതായും സെബിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അഭ്യര്‍ഥന മാനിച്ച് ജൂലായ് ഒന്നുവരെ സമയം അനുവദിക്കുകയായിരുന്നു. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സെബി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അടുത്തകാലത്തായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ള സംവിധാനമൊരുക്കി നിരവധി മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ വിപണിയില്‍ സജീവമായിരുന്നു.