ആയുർവേദ ഡോക്ടർമാരെയും അലോപ്പതി ഡോക്ടർമാരെയും തുല്യരായി പരിഗണിക്കണമെന്നു സുപ്രീം കോടതി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എൻആർഎച്ച്എം), ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) എന്നിവ സംബന്ധിച്ച ഉത്തരാഖണ്ഡിലെ ഒരു കേസിലാണ് ആയുർവേദ ഡോക്ടർമാരെയും ഡെന്റൽ ഡോക്ടർമാരെയും അലോപ്പതി ഡോക്ടർമാരെയും ശമ്പളം ഉൾപ്പെടെ കാര്യങ്ങളിൽ തുല്യമായി പരിഗണിക്കണമെന്നു കോടതി വ്യക്തമാക്കിയത്.
ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവു ശരിവച്ച ജസ്റ്റിസ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് കേസിന്റെ മറ്റു വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും വ്യക്തമാക്കി. ഉത്തരാഖണ്ഡ് സർക്കാരിനു കീഴിലെ എൻആർഎച്ച്എം പദ്ധതിയിൽ ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചപ്പോൾ ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ടെന്നു ചൂണ്ടിക്കാട്ടി ചില ആയുർവേദ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ ക്ഷണിച്ചപ്പോൾ വിവേചനത്തോടെ കാണുന്ന കാര്യം പറഞ്ഞില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതംഗീകരിച്ച ഹൈക്കോടതി അലോപ്പതി, ഡെന്റൽ, ആയുർവേദ ഡോക്ടർമാരെ ഒറ്റ വിഭാഗമായി പരിഗണിച്ചു തുല്യ ശമ്പളം അനുവദിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഉത്തരാഖണ്ഡ് സർക്കാർ സുപ്രീം കോടതിയിലെത്തിയത്.