BusinessIndia

റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ലഭിക്കാനില്ല; 2008 ആവര്‍ത്തിക്കുമോ ?

മുംബൈ: രാജ്യത്ത് പല ഭാഗങ്ങളിലും റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ലഭിക്കാനില്ലെന്നു റിപ്പോര്‍ട്ട്. കോവിഡിനെത്തുടര്‍ന്നു മാസങ്ങള്‍ക്കു ശേഷം തുറന്ന പെട്രോള്‍ പമ്പുകളില്‍ പലതും അടച്ചിടേണ്ട അവസ്ഥയിലാണ് ഉടമകള്‍. 2008 ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് റിലയന്‍സ് പമ്പുടമകളില്‍ ഏറെയും. 2008ലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് രാജ്യാന്തര എണ്ണവില 150 ഡോളറിലെത്തിയതോടെ രാജ്യത്തെ റീട്ടെയില്‍ ഇന്ധന പമ്പുകള്‍ അടച്ചിടാന്‍ റിലയന്‍സ് തീരമാനിച്ചിരുന്നു.

നിലവില്‍ മൂന്നു ദിവസത്തോളമായി തന്റെ പമ്പില്‍ പെട്രോളും, ഡീസലുമില്ലെന്ന് ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ഒരു പമ്പുടമ വ്യക്തമാക്കിയതായി ദ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സിന്റെ പ്രാദേശിക മാനേജര്‍മാരെ വിവരം അറിയിച്ചിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണു പമ്പുടമകള്‍ വ്യക്തമാക്കുന്നത്. 2008ല്‍ രാജ്യാന്തര എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ പ്രാദേശിക ഇന്ധനവില പിടിച്ചു നിര്‍ത്താനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നു. എന്നാല്‍ സബ്‌സിഡി നിരക്കില്‍ ഇന്ധനം വില്‍ക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന്, അന്ന് റിലയന്‍സ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുകയായിരുന്നു. റിലയന്‍സിന്റെ 1,400 ഓളം പമ്പുകളാണ് ഇങ്ങനെ അടഞ്ഞുകിടന്നത്.

Signature-ad

കഴിഞ്ഞ രണ്ടു ദിവസമായി ഇന്ധനവില വര്‍ധിച്ചെങ്കിലും കാര്യങ്ങള്‍ ശുഭകരമല്ലെന്നാണു വിലയിരുത്തല്‍. പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഇന്ധനവില കുതിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെട്ടെന്നുള്ള വിലവര്‍ധയ്ക്കു സര്‍ക്കാര്‍ തയാറാകാതെ വന്നതോടെയാണ് പ്രതിദിന വര്‍ധനയിലേക്കു കമ്പനികള്‍ കടന്നു. നിലവിലെ സാഹചര്യത്തില്‍ പ്രതിദിന വര്‍ധനകൊണ്ടു സ്വകാര്യ എണ്ണക്കമ്പനികള്‍ക്കു മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നാണു വിദഗ്ധരുടെ വാദം. ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ 137 ദിവസങ്ങളില്‍ ഇന്ധനവില നിലനിര്‍ത്തിയതു വഴി ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍. തുടങ്ങിയ മുന്‍നിരക്കമ്പനികളുടെ നഷ്ടം 19,000 കോടി രൂപയ്ക്കു മുകളില്‍ ആണെന്നാണു രാജ്യാന്തര റേറ്റിങ് വിശകലന സ്ഥാപനമായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് ദിവസമായി തന്റെ പമ്പിലേക്ക് ആവശ്യമായ ഇന്ധനം ലഭിക്കുന്നില്ലെന്ന പമ്പുടമയുടെ വാദം ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. അതേസമയം കേരളത്തിലെ റിലയന്‍സ് പമ്പുകളില്‍ നിന്നു ഇത്തരത്തിലൊരു പ്രശ്‌നം ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

ഇക്കഴിഞ്ഞ നവംബര്‍ നാലിനും മാര്‍ച്ച് 21 നും ഇടയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 82 ഡോളറില്‍ നിന്ന് 111 ഡോളറായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പ്രാദേശിക ഇന്ധനവിലയില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ചില്ലറ വില്‍പ്പന വില നാമമാത്രമായി വര്‍ധിക്കുമ്പോഴും, ചില്ലറ വില്‍പ്പനയും വ്യാവസായിക വിലയും തമ്മിലുള്ള വില വ്യത്യാസം ഡീസല്‍ ലിറ്ററിന് 24 രൂപയോളമാണ്. മുകളില്‍ പറഞ്ഞ വെല്ലുവിളികള്‍ക്കിടയിലും റീട്ടെയില്‍ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ റിലയന്‍സ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ആര്‍ബിഎംഎല്‍ (ജിയോ-ബിപി എന്ന ബ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു) വക്താവ് പ്രതികരിച്ചു. രാജ്യത്ത് 1,458 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് റിലയന്‍സിനുള്ളത്.

അടുത്തിടെ വന്‍കിട ഇന്ധന ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ വില കമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നേരിട്ടുള്ള വന്‍കിട വാങ്ങലുകള്‍ക്കു പകരം റീട്ടെയില്‍ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ധന വിലവര്‍ധന മുന്നില്‍ കണ്ട് എണ്ണ വാങ്ങിക്കൂട്ടുകയും, പൂഴ്ത്തുകയും ചെയ്യുന്ന ഡീലര്‍മാരുമുണ്ട്. 2014 മുതല്‍ രാജ്യത്തെ ഇന്ധനവില ആഗോള ക്രൂഡ് വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുമൂലം ദിനംപ്രതി ഇന്ധനവില മാറുന്ന സമ്പ്രദായമാണ് നിലവിലുള്ളത്.

 

Back to top button
error: