ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായിരിക്കെ പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബന്റെയും കന്നി ചിത്രമായിരുന്നു ഇത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു. അനിയത്തിപ്രാവ് മനോഹരമായ ഒരു പ്രണയ കഥയാണ്. മൂന്ന് ആങ്ങളമാരുടെ പുന്നാര അനിയത്തിയാണ് മിനി (ശാലിനി). അവൾ, സുധി (കുഞ്ചാക്കോ ബോബൻ) എന്ന യുവാവുമായി പ്രണയത്തിലാകുന്നു. പക്ഷേ വീട്ടുകാർ ഈ പ്രണയത്തെപറ്റി അറിഞ്ഞപ്പോൾ രണ്ട് വീടുകളിലും കലഹം ഉണ്ടാകുന്നു. മിനിയുടെ ആങ്ങളമാർ സുധിയെ ഉപദ്രവിക്കുകയും, മിനിയെ കാണുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു.
പക്ഷേ അവൻ പിന്മാറിയില്ല, കൂട്ടുകാരുടെ സഹായത്തോടെ മിനിയുമായി ഒളിച്ചോടിയ സുധി അവളെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിക്കുനു. തങ്ങളുടെ വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ട് ഒരു വിവാഹ ജീവിതം തങ്ങൾക്ക് വേണ്ടെന്ന് അവർ പിന്നീട് തീരുമാനിക്കുന്നു. ഇതാനുസ്സരിച്ച് അവർ താന്താങ്ങളുടെ വീടുകളിലേക്ക് മടങ്ങി പോകുന്നു. ഒടുവിൽ സുധിയുടെയും, മിനിയുടെയും ആഗ്രഹപ്രകാരം വീട്ടുകാർ അവരുടെ വിവാഹം നടത്താൻ നിശ്ചയിക്കുന്നു.