റാഞ്ചി: മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോയ്ക്ക് ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നഷ്‌ടമാകും.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും മന്ത്രിക്ക് പരീക്ഷ നഷ്‌ടമായിരുന്നു.
ദ്രുമി എംഎല്‍എ ആയ ജഗര്‍നാഥ് മഹ്തോ 2019 ലാണ് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്. 54 കാരനായ മന്ത്രി പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പഠനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 2020ല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിച്ചു. എന്നാല്‍ കൊവിഡ് ബാധിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷ മുടങ്ങി.
കൊവിഡും ശ്വാസകോശ സംബന്ധവുമായ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ അദേഹം കഴിഞ്ഞ ഒൻപതു മാസമായി വിശ്രമത്തിലായിരുന്നു.ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണയും പരീക്ഷ എഴുതേണ്ടന്ന് തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.