ഭരണഘടനയില്‍ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി സി.ടി. രവി
ബെംഗളൂരു: വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. ഭരണഘടനയില്‍ മതേതരത്വം എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമോ എന്ന് ചര്‍ച്ച ചെയ്യണം. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഉള്‍കൊള്ളിച്ചിരുന്നില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉള്‍കൊള്ളിച്ചത്. മാറിചിന്തിക്കേണ്ട സമയമാണെന്നും സി.ടി. രവി പറഞ്ഞു. മതേതരത്വമെന്ന വാക്ക് ഭരണഘടനയില്‍ ഉപയോഗിക്കാത്തതിനാല്‍ അംബേദ്കര്‍ വര്‍ഗീയവാദിയാകുമോയെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലടക്കം വിവാദ പ്രസ്താവനകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അംബേദ്കറിന്റെ ആവശ്യമായിരുന്നു ഏകീകൃത സിവില്‍ കോഡെന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. ഇനി അതിനുള്ള സമയമാണെന്നും ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഹിജാബ് ധരിക്കണോ വേണ്ടേ എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷെ സ്‌കൂളുകളില്‍ യൂനിഫോം നിര്‍ബന്ധമാണെന്നും അതൊരു ചട്ടമായതിനാല്‍ എല്ലാവരും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരെങ്കിലും യൂനിഫോം ധരിക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുകയാണെങ്കില്‍ അത് തെറ്റാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന.